ADVERTISEMENT

സർക്കാർ പ്രഖ്യാപിച്ച കോവിഡ് പ്രോട്ടോക്കോളിലും ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ചതിലും സിപിഎം സമ്മേളനങ്ങൾക്കായി ക്രമക്കേടു കാട്ടിയെന്ന ആരോപണം വൻ രാഷ്ട്രീയ വിവാദമായി. വിവിധ ഇടങ്ങളിൽ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ:

മമ്മൂട്ടിക്കു കോവിഡ് സിപിഎം സമ്മേളനത്തിൽ പങ്കെടുത്തതു കൊണ്ടാണോ?: കോടിയേരി ബാലകൃഷ്ണൻ (സിപിഎം സംസ്ഥാന സെക്രട്ടറി)

മമ്മൂട്ടിയെപ്പോലുള്ളവർക്കു കോവിഡ് ബാധിച്ചതു സിപിഎം സമ്മേളനത്തിൽ പങ്കെടുത്തതുകൊണ്ടാണോ? സോണുകൾ നിശ്ചയിച്ചത് സർക്കാരാണ്. സിപിഎം ഒന്നും ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാന സമ്മേളന നടത്തിപ്പ് ആ സമയത്ത് ആലോചിക്കാം. സർക്കാർ നിർദേശം പാർട്ടി പാലിക്കുന്നുണ്ട്. സിപിഎമ്മിന്റെ ആളുകൾക്കു തന്നെ രോഗം പരത്താൻ പാർട്ടി ശ്രമിക്കില്ലല്ലോ. പാർട്ടിക്കാരുടെ ആരോഗ്യം തകരാറിലാക്കാൻ ഇടയാക്കുന്ന ഒന്നും പാർട്ടി ചെയ്യില്ല. വി.ഡി.സതീശന്റെ വിമർശനം വസ്തുതകൾ മനസ്സിലാക്കാതെയുള്ളതാണ്.

സമ്മേളനം നടത്തിയില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ല: വി.ഡി.സതീശൻ (പ്രതിപക്ഷ നേതാവ്)

സമ്മേളനങ്ങളിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്നതു വിലക്കിയ ഹൈക്കോടതി വിധി സിപിഎമ്മിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. പാർട്ടി സമ്മേളനങ്ങൾ നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ല. സിപിഎം സമ്മേളനങ്ങൾ നടത്താനുള്ള സൗകര്യത്തിനു വേണ്ടിയാണു കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ സർക്കാർ വളച്ചൊടിച്ചത്. കാസർകോട്, തൃശൂർ ജില്ലകളെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയതു സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണ്.

തിരുവനന്തപുരം ജില്ലയിലെ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രിയടക്കമുള്ളവർക്കു കേവിഡ് ബാധിച്ചിട്ടും ചില നേതാക്കൾ ക്വാറന്റീനിൽ പോകാതെ വിവിധ ജില്ലകളിൽ രോഗവാഹകരായി പ്രവർത്തിക്കുകയാണ്. അനുമതി വാങ്ങിയാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്നു പറയുന്നവർ വിവാഹങ്ങൾ നടത്താൻ അനുമതി നൽകുമോ? വിവാഹത്തിനു തിരുവാതിരക്കളി അനുവദിക്കുമോ? കേരളത്തിൽ മരണത്തിന്റെ വ്യാപാരികൾ സിപിഎം നേതാക്കളും മന്ത്രിമാരുമാണ്. 

ആരോഗ്യ വകുപ്പ് നിശ്ചലമാണ്. ആരോഗ്യമന്ത്രിയെ മൂലയ്ക്കിരുത്തി ചിലർ എല്ലാം തീരുമാനിക്കുകയാണ്. സർക്കാർ പുറത്തു വിട്ടതിന്റെ നാലും അഞ്ചും ഇരട്ടിയാണ് ഓരോ ജില്ലകളിലെയും രോഗികളുടെ എണ്ണം. രോഗബാധിതരോടു വീടുകളിൽ കഴിയാൻ നിർദേശിച്ചതോടെ കുടുംബത്തിലെ എല്ലാവരും പോസിറ്റീവാകുന്ന അവസ്ഥയാണ്.

ജനങ്ങളെ കൊലയ്ക്കു കൊടുക്കുന്നു: കെ.സുരേന്ദ്രൻ (ബിജെപി സംസ്ഥാന പ്രസിഡന്റ്)

ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സർക്കാർ. കാസർകോട്ട് പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണങ്ങൾ കലക്ടർക്ക് 3 മണിക്കൂറിനിടെ പിൻവലിക്കേണ്ടി വന്നതിനു പിന്നിൽ ആരോഗ്യമന്ത്രിയുടെ ഇടപെടലാണ്. സിപിഎമ്മിന്റെ സമ്മേളനം ജനങ്ങളുടെ ജീവൻ വച്ചു പന്താടുകയാണ്. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റി സമ്മേളനങ്ങൾ മാറ്റിവയ്ക്കുന്നതിനു പകരം സിപിഎം രാഷ്ട്രീയം കളിക്കുകയാണ്. മറ്റു പാർട്ടികളെല്ലാം പൊതുപരിപാടികൾ മാറ്റിവച്ചു. എന്നാൽ നാടിന്റെ രക്ഷയെക്കാൾ വലുത് പാർട്ടി സമ്മേളനങ്ങളാണെന്നാണ് സിപിഎം പറയുന്നത്. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളടങ്ങിയ നൂറുകണക്കിനുപേർ ശീതീകരിച്ച ഹാളിൽ 3 ദിവസം സമ്മേളനങ്ങളിൽ പങ്കെടുത്തതു കൊണ്ടാണ് തിരുവനന്തപുരത്ത് കോവിഡ് വ്യാപനമുണ്ടായത്. വേലി തന്നെ വിളവ് തിന്നുമ്പോൾ ക്വാറന്റീൻ കേരളത്തിൽ അപ്രസക്തമായിരിക്കുകയാണ്.

സമ്മേളനം ലോകാരോഗ്യ സംഘടന മാനദണ്ഡപ്രകാരം: എം.എ.ബേബി (സിപിഎം പൊളിറ്റ് ബ്യൂറോ അംഗം)

ലോകാരോഗ്യ സംഘടന അംഗീകരിച്ച ശാസ്ത്രീയമായ ശാരീരിക അകലം പാലിക്കലാണു കോവിഡിനെ നേരിടാനുള്ള ശരിയായ മാർഗം; സിപിഎം സമ്മേളനങ്ങൾ നടത്തുന്നത് ഇങ്ങനെയാണ്. കോവിഡിനെ 3 രീതിയിലാണു ലോകം നേരിടുന്നത്. പൂർണമായ അടച്ചിടൽ, പൂർണമായ തുറന്നിടൽ, ശാസ്ത്രീയമായ രീതിയിൽ അകലം പാലിക്കൽ. ഇതിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ചതു ശാസ്ത്രീയമായ രീതിയാണ്. സർക്കാർ പിന്തുടരുന്നതും ഈ രീതിയാണ്. അങ്ങനെയാണു പാർട്ടി സമ്മേളനം നടത്തുന്നത്. പതാക ഉയർത്തലിൽ പ്രതിനിധികൾ പോലും മുഴുവൻ പങ്കെടുക്കുന്നില്ല. തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് അകലം പാലിച്ചു പങ്കെടുക്കുന്നത്. 

വേലി തന്നെ വിളവു തിന്നുന്നു: ഉമ്മൻ ചാണ്ടി (മുൻ മുഖ്യമന്ത്രി)

വേലി തന്നെ വിളവുതിന്നുന്നതു പോലെ കോവിഡ് നിയന്ത്രണങ്ങൾ പാടേ ലംഘിച്ച് സിപിഎം നടത്തിവരുന്ന പാർട്ടി സമ്മേളനങ്ങളാണ് ഭയാനകമായ രീതിയിലുള്ള കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത്. പാർട്ടി സമ്മേളന വേദികളിൽനിന്ന് ഉന്നതർക്കു പോലും കോവിഡ് ബാധിച്ചിട്ടും അടച്ചിട്ട മുറികളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു നടത്തുന്ന സമ്മേളനങ്ങൾ എന്തു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്? യുഡിഎഫ് ഉൾപ്പെടെ പാർട്ടികൾ 31 വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കി. മത, സാംസ്‌കാരിക സംഘടനകളെല്ലാം നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ സർക്കാരിന് ഒരു ആത്മാർഥതയും ഇല്ല.

സർക്കാർ ജനങ്ങളെ കയ്യൊഴിഞ്ഞു: രമേശ് ചെന്നിത്തല (മുൻ പ്രതിപക്ഷ നേതാവ്)

കോവിഡ് വ്യാപനത്തിനിടെ സംസ്ഥാന സർക്കാർ ജനങ്ങളെ കയ്യൊഴിഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽനിന്നു സർക്കാർ പിൻവലിഞ്ഞു. കോവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നില്ല. അവരോട് പുറത്തിറങ്ങരുതെന്നാണ് പറയുന്നത്. 

സിപിഎം തിരുവാതിരക്കളിയും പ്രേതംതുള്ളലും നിർത്തണം: കെ. മുരളീധരൻ എംപി

തിരുവാതിരക്കളിയും ഗാനമേളയും പ്രേതംതുള്ളലും അവസാനിപ്പിച്ച് സിപിഎം യാഥാർഥ്യബോധത്തിലേക്കു വന്നു പാർട്ടി സമ്മേളനങ്ങൾ നിർത്തിവയ്ക്കണം. മദ്യം ആരോഗ്യത്തിനു ഹാനികരം എന്നു മദ്യക്കുപ്പിക്കു മുകളിൽ എഴുതിവയ്ക്കുന്നതു പോലെയാണു സിപിഎം സമ്മേളനത്തിലെ കോവിഡ് പ്രോട്ടോക്കോൾ. മദ്യം കഴിക്കുന്നവർ ആ മുന്നറിയിപ്പ് ശ്രദ്ധിക്കാറില്ല, അതുപോലെ സിപിഎം സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുമില്ല. തിരുവാതിരക്കളി തെറ്റാണെന്നു സമ്മതിച്ചതിന്റെ പിറ്റേന്നു ഗാനമേള നടത്തിയവരാണു സിപിഎം. ആരോഗ്യമന്ത്രിയെക്കൊണ്ട് ഇങ്ങനെ വിഡ്ഢി വേഷം കെട്ടിക്കരുത്. എത്ര സമ്മേളനം ചേർന്നാലും പിണറായി വിജയന്റെ ഇംഗിതം മാത്രമേ തൽക്കാലം നടക്കൂവെന്നതിനാൽ സമ്മേളനം നിർത്തിവയ്ക്കണം. 

ജീവനില്ലെങ്കിൽ പിന്നെന്തു പരിപാടി?: പി.എം.എ.സലാം (മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി)

സിപിഎം സമ്മേളനം നടത്താൻ കാസർകോട്ട് ആദ്യമിറക്കിയ ഉത്തരവ് കലക്ടറെക്കൊണ്ട് തിരുത്തിച്ചു. മറുപടി പറയാൻ കഴിയാതെ ആരോഗ്യമന്ത്രിപോലും വിഷമിക്കുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗം നടന്നു. ആളുകൾ കോവിഡ് വന്നു മരിച്ചുപോയാൽ സിൽവർ ലൈൻ ഉപയോഗിക്കാൻ ആരാണ് ഉണ്ടാവുക? ജീവനുണ്ടെങ്കിലേ പരിപാടികൾ നടത്താനാകൂ. 

English Summary: Covid protocol relaxation for cpm district conference amidst covid surge - controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com