രവീന്ദ്രൻപട്ടയഭൂമിയിൽ പാർട്ടി ഓഫിസും റിസോർട്ടുകളും; കൊടുത്തത് കൃഷിക്ക്‌

raveendran-pattayam
മൂന്നാറിൽ രവീന്ദ്രൻ പട്ടയഭൂമിയിൽ സ്ഥിതിചെയ്യുന്ന സിപിഎം ഏരിയ കമ്മിറ്റി ഓഫിസും അതിനു മുകൾനിലയിലെ റിസോർട്ടും. മുൻ മന്ത്രി എം.എം. മണിയുടെ പേരിൽ വാങ്ങിയ പട്ടയത്തിൽ ബിഒടി അടിസ്ഥാനത്തിൽ സിപിഎം പണിത ബഹുനില കെട്ടിടമാണിത്. സിപിഐ ഓഫിസും രവീന്ദ്രൻ പട്ടയത്തിൽത്തന്നെയായിരുന്നു. എന്നാൽ ദൗത്യസംഘം പോയതോടെ സിപിഐ അപേക്ഷകൊടുത്ത് രവീന്ദ്രൻ പട്ടയം റദ്ദു ചെയ്യിച്ച് പുതിയ പട്ടയം നേടി.
SHARE

തൊടുപുഴ ∙ രവീന്ദ്രൻപട്ടയഭൂമിയിലുള്ള കെട്ടിടങ്ങളിൽ സിപിഎം മൂന്നാർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടവും ഒട്ടേറെ സ്വകാര്യ റിസോർട്ടുകളുമുണ്ട്. കൃഷി, വീട് എന്നിവയ്ക്കു മാത്രമായി അനുവദിച്ചതാണ് ഈ പട്ടയങ്ങൾ എന്നതാണു കൗതുകം. 1999 ൽ സിപിഐ കെട്ടിടത്തിനു മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ പേരിലും സിപിഎമ്മിനു എം.എം. മണിയുടെ പേരിലുമാണ് പട്ടയം നൽകിയത്. മൂന്നാറിൽ ദൗത്യസംഘം എത്തി നടപടി ആരംഭിച്ചതോടെ സിപിഐ സ്വയം അപേക്ഷ നൽകി രവീന്ദ്രൻപട്ടയം റദ്ദ് ചെയ്യിച്ചു. 

സിപിഎം ഓഫിസ് ഇപ്പോഴും രവീന്ദ്രൻ പട്ടയത്തിൽ തന്നെയാണു നിൽക്കുന്നത്. ഏരിയ കമ്മിറ്റി ഓഫിസിന്റെ 5 നില കെട്ടിടത്തിന്റെ താഴത്തെ നില ഒഴികെയുള്ള ഭാഗം റിസോർട്ടിനു വാടകയ്ക്ക് കൊടുത്തിരിക്കുന്നു. നേരത്തേ ദേവികുളത്തു വിതരണം ചെയ്ത 4 രവീന്ദ്രൻപട്ടയങ്ങൾ ദേവികുളം സബ് കലക്ടറായിരുന്ന ഡോ. രേണു രാജ് റദ്ദാക്കിയെങ്കിലും പിന്നീട് ഈ നടപടി കോടതി സ്റ്റേ ചെയ്തു.

പുതിയ ഉത്തരവ് 2019 ലെ ഉത്തരവിന് കരുത്തു പകരാൻ: മന്ത്രി രാജൻ

തിരുവനന്തപുരം ∙ രവീന്ദ്രൻപട്ടയം റദ്ദാക്കാനുള്ള സർക്കാർ ഉത്തരവിൽ പുതുമയൊന്നും ഇല്ലെന്നും പട്ടയം റദ്ദാക്കാൻ 2019 ൽ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കുന്നതിനു കരുത്തു പകരാൻ മാത്രമാണു പുതിയ നടപടിയെന്നും റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. എന്നാൽ, ഉത്തരവിനെതിരെ എം.എം.മണി രംഗത്തു വന്നതു ചൂണ്ടിക്കാട്ടിയപ്പോൾ വിവാദത്തിനില്ലെന്നു പറഞ്ഞു മന്ത്രി ഒഴിഞ്ഞുമാറി. രവീന്ദ്രൻപട്ടയ ഭൂമിയിലെ സിപിഎം ഓഫിസുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും പതിച്ചു കൊടുക്കുന്ന സമയത്ത് അർഹത ഉണ്ടായിരുന്നതിനാൽ ആയിരിക്കും പതിച്ചു നൽകിയതെന്നും റവന്യു മന്ത്രി വ്യക്തമാക്കി.

Minister K Rajan
റവന്യു മന്ത്രി കെ.രാജൻ

നിയമസാധുതയില്ലാത്തതു കാരണം ഭൂമി വിൽക്കാനോ പോക്കുവരവു ചെയ്യാനോ നികുതി അടയ്ക്കാനോ വായ്പയെടുക്കാനോ കഴിയാത്ത സാധാരണക്കാർക്കു വേണ്ടിയാണു രവീന്ദ്രൻ പട്ടയങ്ങൾ റദ്ദു ചെയ്ത് പുതിയ പട്ടയം അനുവദിക്കാൻ 2019 ൽ മന്ത്രിസഭ തീരുമാനിച്ചത്. ഇതനുസരിച്ച് 33 പട്ടയങ്ങൾ റദ്ദാക്കിയെന്നും അതിൽ 28 പേർക്കു പുതിയ പട്ടയം അനുവദിക്കുന്നതിനായി പതിവു കമ്മിറ്റിക്കു നൽകിയെന്നും കലക്ടർ അറിയിച്ചിരുന്നു. പട്ടയം റദ്ദാക്കാൻ പല കാരണങ്ങളാൽ കാലതാമസം എടുക്കുന്നെന്നും സർക്കാർ ഇടപെടണമെന്നും കൂടി കലക്ടർ ആവശ്യപ്പെട്ടതു കണക്കിലെടുത്താണ് ഇപ്പോൾ ഉത്തരവിറക്കിയത്.

ഒരാളെയും കുടിയിറക്കാൻ സർക്കാർ പറഞ്ഞിട്ടില്ല. കെഡിഎച്ച് വില്ലേജുകളിലെ പട്ടയങ്ങളുടെ കാര്യത്തിൽ അർഹത പരിശോധിക്കണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. കെഡിഎച്ച് പട്ടയം കൊടുക്കേണ്ടത് കലക്ടറാണ്. കയ്യേറ്റക്കാരോടും കുടിയേറ്റക്കാരോടും ഒരേ സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്. പട്ടയം ദുരുപയോഗിച്ചിട്ടുണ്ടെങ്കിൽ അതിനു വേറെ നടപടി കൈക്കൊള്ളേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

എല്ലാം റദ്ദാക്കുന്നത് അംഗീകരിക്കില്ല: ഇടുക്കി സിപിഐ 

തൊടുപുഴ ∙ രവീന്ദ്രൻപട്ടയങ്ങളെല്ലാം റദ്ദാക്കുന്നത് അംഗീകരിക്കില്ലെന്നു സിപിഐ ഇടുക്കി ജില്ലാ നേതൃത്വം പ്രതികരിച്ചു. എന്നാൽ ഇതിൽ വ്യാജപട്ടയമാണെന്നു ബോധ്യപ്പെട്ടവ റദ്ദാക്കാം. പകരം എല്ലാം റദ്ദാക്കി അർഹതയുള്ളവർ വീണ്ടും അപേക്ഷ നൽകണമെന്നതു ശരിയായ തീരുമാനമല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പറഞ്ഞു.

English Summary: M.I Raveendran Deed issue, updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA