ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് പുനഃസംഘടന വീണ്ടും അവതാളത്തിൽ‍. ഈ മാസം 4നു ചേർന്ന രാഷ്ട്രീയകാര്യസമിതി യോഗം ഒരാഴ്ചയ്ക്കകം ജില്ലകളിൽനിന്നു പട്ടിക നൽകാനാണു നിർദേശിച്ചതെങ്കിലും ഒരു ജില്ലയിൽനിന്നു പോലും ഡിസിസി ഭാരവാഹികളുടെ പാനൽ കെപിസിസിക്കു ലഭിച്ചിട്ടില്ല. മിക്ക ജില്ലകളിലും പാനലിന് ഏകദേശ രൂപം പോലുമായില്ല.

ചാർജുള്ള ജനറൽ സെക്രട്ടറിമാർ ജില്ലകളിലെത്തി നേതാക്കളെയും മറ്റും കാണുന്നുണ്ട്. അവരിൽനിന്നു പേരുകൾ വാങ്ങി ഡിസിസി പ്രസിഡന്റുമായി ചർച്ച ചെയ്തു കൈമാറാനാണു പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടത്. 

ഒരു മാസത്തോളം മുൻപു തന്നെ പുതിയ ഡിസിസി ഭാരവാഹികളുടെ നിയമനം പൂർത്തിയാക്കണമെന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും മാനദണ്ഡങ്ങൾ വ്യക്തമല്ലെന്ന കാരണം പറഞ്ഞു നീണ്ടുപോയി. തുടർന്നാണു കെപിസിസി ഭാരവാഹി യോഗവും പിന്നീടു രാഷ്ട്രീയകാര്യസമിതി യോഗവും ചേർന്നു മാർഗരേഖ അന്തിമമാക്കിയത്.

പക്ഷേ മിക്ക ജനറൽ സെക്രട്ടറിമാർക്കും പിന്നെയും എങ്ങനെ മുന്നോട്ടു പോകുമെന്ന ധാരണയില്ല. ഗ്രൂപ്പിന് എത്ര ഭാരവാഹികൾ എന്ന കാര്യത്തിൽ വ്യക്തത വേണമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. എണ്ണം പറഞ്ഞാൽ പേരുകൾ നൽകും. ആ പേരുകളിൽ മാറ്റം പാടില്ലെന്ന നിലപാടും ഗ്രൂപ്പ് നേതൃത്വത്തിനുണ്ട്. ഡിസിസി പ്രസിഡന്റ്, കെപിസിസി ഭാരവാഹി നിയമനങ്ങളിൽ ഗ്രൂപ്പ് നേതൃത്വത്തോടു പേരുകൾ വാങ്ങി അതിൽനിന്നു കെപിസിസി നേതൃത്വത്തിന്റെ താൽപര്യപ്രകാരം നിയമനം നടത്തിയെന്ന പരാതിയാണ് എ വിഭാഗത്തിന്. അത് ഇനി ആവർത്തിക്കരുതെന്നാണ് അവരുടെ ശാഠ്യം. എന്നാൽ ഗ്രൂപ്പ് ക്വോട്ട പറയാൻ ജനറൽ സെക്രട്ടറിമാർക്ക് അധികാരമില്ല.

ഐ വിഭാഗത്തിൽ നേരത്തേ രമേശ് ചെന്നിത്തലയ്ക്കൊപ്പം നിന്നവരിൽ ചിലരെല്ലാം പുതിയ നേതൃത്വവുമായി ചേർന്നിട്ടുണ്ട്. അതേസമയം ഐ ബന്ധം ഉപേക്ഷിച്ചിട്ടുമില്ല. അതിനാൽ ഐ വിഭാഗക്കാരുടെ പേര് ആരു പറയും, അല്ലെങ്കിൽ ആരു പറയുന്നതു സ്വീകരിക്കണം എന്ന കാര്യത്തിൽ ആശയക്കുഴപ്പമാണ്. രണ്ടു വിഭാഗങ്ങളിലും ഇല്ലാത്ത ചില മുതിർന്ന നേതാക്കൾ തങ്ങളുടെ ചില നോമിനികളുടെ പേരുകൾ ജനറൽ സെക്രട്ടറിമാർക്കു നൽകി.

മുൻകാലങ്ങളിൽ ജില്ലാ ഭാരവാഹി നിയമനത്തിനായി ഓരോ ജില്ലയിലും സമവായ സമിതി രൂപീകരിച്ചിരുന്നു. കെപിസിസി ഭാരവാഹിയും ഡിസിസി പ്രസിഡന്റും ആ സമിതിയുമായി ചർച്ച ചെയ്തു പേരുകൾ അന്തിമമാക്കി കെപിസിസിക്കു കൈമാറുന്നതാണു നടന്നു വന്നത്. നിലവിൽ ജില്ലകളിൽ ആ സംവിധാനമില്ല. ജില്ലകളിൽനിന്നു ലഭിക്കുന്ന പേരുകളിൽ ഒരു തരത്തിലും പരിഗണിക്കാൻ സാധിക്കാത്തവരെ മാറ്റിനിർത്തി ബാക്കിയുള്ളവരുടെ പട്ടിക കെപിസിസിക്കു നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ ജില്ലകളിൽ 25 ഭാരവാഹികളെയും ചെറിയ ജില്ലകളിൽ 15 ഭാരവാഹികളെയും നിയമിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നിരിക്കെ ചുരുക്കപ്പട്ടിക കീറാമുട്ടിയായി മാറി.

Content Highlight: Congress restructure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com