ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം മൂലം ജില്ലാ സമ്മേളനങ്ങൾ നിർത്തിവയ്ക്കാനും നീട്ടിവയ്ക്കാനും നിർബന്ധിതമായതോടെ സംസ്ഥാന സമ്മേളനം, പാർട്ടി കോൺഗ്രസ് എന്നിവയുടെ കാര്യത്തിൽ സിപിഎം ആശങ്കയിൽ. മാർച്ച് ഒന്നു മുതൽ നാലു വരെ കൊച്ചിയിലാണ് സംസ്ഥാന സമ്മേളനം. ഏപ്രിൽ ആറു മുതൽ പത്തു വരെ കണ്ണൂരിൽ പാർട്ടി കോൺഗ്രസും. 

കോവിഡ് വ്യാപനം ഇപ്പോഴത്തെ നിലയിൽ തന്നെ തുടർന്നാൽ മാർച്ച് ആദ്യം സംസ്ഥാന സമ്മേളനം നടത്താൻ പരിമിതികളുണ്ടാകും. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള പ്രതിനിധികൾ എത്തുന്ന പാ‍ർട്ടി കോൺഗ്രസിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം കൂടി കണക്കിലെടുക്കേണ്ടിയും വരും. 

ജില്ലാ സമ്മേളനം നടന്ന ജില്ലകളിൽ നിന്നെല്ലാം സംസ്ഥാന സമ്മേളന പ്രതിനിധികളെ നിശ്ചയിച്ചു. ഏതു സാഹചര്യത്തിലും സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കം നാനൂറോളം പേർ കൊച്ചി സമ്മേളനത്തിൽ ഉണ്ടാകും. കോവിഡ് വ്യാപനം വിലയിരുത്തി ഇക്കാര്യത്തിൽ യുക്തമായ തീരുമാനം പിന്നീട് എടുക്കുമെന്നാണ് നേതാക്കൾ അറിയിക്കുന്നത്. ജില്ലാ സമ്മേളനത്തിന്റെ കാര്യത്തിൽ കേട്ട പേരുദോഷം സംസ്ഥാന സമ്മേളനത്തിന്റെയും പാർട്ടി കോൺഗ്രസിന്റെയും കാര്യത്തിൽ കേൾക്കാൻ തയാറാകില്ല. 

സാധാരണ ഗതിയിൽ സിപിഎമ്മിനൊപ്പം പാർട്ടി സമ്മേളനങ്ങൾ നടത്തുന്ന സിപിഐ ഇത്തവണ കോവിഡും അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും കണക്കിലെടുത്ത് സമയക്രമം നീട്ടിവച്ചു. ഒക്ടോബറിലാണ് സിപിഐയുടെ പാർട്ടി കോൺഗ്രസ്. മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം എപ്പോൾ നടത്താം എന്നതടക്കമുള്ള കാര്യങ്ങൾ 25ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആലോചിക്കും. ഇതുവരെ നടന്ന ജില്ലാ സമ്മേളനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലും യോഗത്തിൽ നടക്കും. 

English Summary: Uncertainty continues on CPM State Conference at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com