ADVERTISEMENT

തിരുവനന്തപുരം ∙ സ്ഥാപനങ്ങളിൽ ജീവനക്കാർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ക്ലസ്റ്റർ മാനേജ്മെന്റ് നയം നിർദേശിച്ചു. ഒരുമിച്ചുള്ള ഭക്ഷണ വേളയിൽ മാസ്‌ക് നീക്കം ചെയ്യുമ്പോഴാണു സ്ഥാപനങ്ങളിൽ കോവിഡ് വ്യാപനം ഉണ്ടാകുന്നത്. എല്ലാ സ്ഥാപനങ്ങളിലും അണുബാധ നിയന്ത്രണ സംഘം (ഐസിടി) രൂപീകരിക്കണമെന്നും മന്ത്രി വീണാ ജോർജ് നിർദേശിച്ചു. 

ഐസിടി അംഗങ്ങൾക്കു പരിശീലനം നൽകണം. ചെക് ലിസ്റ്റ് ഉപയോഗിച്ചു ദിവസവും രോഗലക്ഷണ പരിശോധന നടത്തുകയാണു പ്രധാന ഉത്തരവാദിത്തം. പ്രശ്‌നമുണ്ടെങ്കിൽ പ്രാദേശിക ആരോഗ്യപ്രവർത്തകരുടെ സഹായം തേടാം.

സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫിസുകളും തുറന്നു പ്രവർത്തിക്കണം. അടച്ചുപൂട്ടൽ അവസാന വഴിയായി മാത്രമേ പരിഗണിക്കാവൂ. 5 വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികളും എൻ95 മാസ്ക്കോ ട്രിപ്പിൾ ലെയർ മാസ്ക്കോ ധരിക്കാൻ പ്രോത്സാഹിപ്പിക്കണം.

ഇതിനകം 5 കോടിയിലധികം ഡോസ് വാക്സീൻ നൽകി. കുറെപ്പേർക്കു കോവിഡ് വന്നു പോയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഭൂരിപക്ഷം പേർക്കും ഹൈബ്രിഡ് പ്രതിരോധശേഷി ലഭിച്ചു. സ്ഥാപനങ്ങളിലും സ്കൂളുകളിലും ജോലി ചെയ്യുന്നവർ പൂർണമായി വാക്സീൻ സ്വീകരിച്ചു കഴിഞ്ഞു. അതിനാൽ വൈറസ് ബാധ ഉണ്ടായാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. അതേസമയം, ഇതര രോഗങ്ങൾ ഉള്ളവർക്കു കോവിഡ് ബാധിച്ചാൽ ഗുരുതരമാവും. ഇതു കണക്കിലെടുത്താണു ക്ലസ്റ്റർ മാനേജ്മെന്റ് നയം നടപ്പാക്കുന്നത്. 

ക്ലസ്റ്റർ മാനേജ്മെന്റ്

ഒരേ ക്ലാസിലോ ഓഫിസ് മുറിയിലോ സ്ഥാപനത്തിലോ ഒരേ പ്രദേശത്തു പ്രവർത്തിക്കുന്നതോ ആയ 2 വ്യക്തികൾക്ക് 7 ദിവസത്തിനകം കോവിഡ് വരുമ്പോഴാണ് ക്ലസ്റ്റർ രൂപപ്പെടുന്നത്. ഈ ക്ലസ്റ്ററുമായി സമ്പർക്കത്തിലുള്ളവരിൽ രോഗസാധ്യതയുള്ളവരെ ഐസിടി കണ്ടെത്തി ക്വാറന്റീൻ ചെയ്യണം.  

പത്തിലധികം പേർക്കു കോവിഡ് ബാധിച്ചാൽ ആ പ്രദേശം ലാർജ് ക്ലസ്റ്ററാകും. ഇത്തരം അഞ്ചിലേറെ ലാർജ് ക്ലസ്റ്റർ ഉണ്ടെങ്കിൽ മാത്രം പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം അല്ലെങ്കിൽ ഓഫിസ് 5 ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാം.

English Summary: Minister Veena George on Covid cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com