ADVERTISEMENT

തിരുവനന്തപുരം∙ സിൽവർ ലൈൻ വേഗ റെയിൽ പദ്ധതിക്കായി 185 ഹെക്ടർ സ്ഥലം വിട്ടുനൽകുന്നതല്ലാതെ വിശദ പദ്ധതിരേഖയിൽ (ഡിപിആർ) നിർദേശിച്ച ഓഹരിത്തുക നൽകാൻ മടിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. ഈ സാഹചര്യത്തിൽ സർക്കാർതലത്തിൽ കൂടുതൽ ചർച്ചകൾ നടത്തണമെന്നു കെ റെയിൽ സർക്കാരിനോട് അഭ്യർഥിച്ചു. 3125 കോടി രൂപ ആകെ ഓഹരിയായി റെയിൽവേ നൽകണമെന്നാണു കെ റെയിലിന്റെ ആവശ്യം.

ആകെ പദ്ധതിച്ചെലവിന്റെ 24% ആണ് ഓഹരിയിലൂടെ സമാഹരിക്കുന്നത്. റെയിൽവേയുടെ 185 ഹെക്ടർ സ്ഥലത്തിനു 975 കോടി രൂപയാണു വില കണക്കാക്കിയിരിക്കുന്നത്. ശേഷിച്ച 2150 കോടി രൂപ റെയിൽവേ പണമായി നൽകണം. ഇത് ഓഹരിയായി കണക്കാക്കും. ആകെ പദ്ധതിച്ചെലവിന്റെ 4.8% വരും റെയിൽവേയുടെ ഓഹരി. കേരള സർക്കാർ ഓഹരി എന്ന നിലയ്ക്കു 3252.56 കോടി (5.09%) നൽകും. പൊതു ജനങ്ങളിൽനിന്ന് 4251 കോടിയാണ് (6.65%) ഓഹരിയായി പിരിച്ചെടുക്കുക. പദ്ധതിച്ചെലവിന്റെ 52.70% വായ്പയാണ്. കേന്ദ്രം പ്രത്യേകമായി പണം അനുവദിച്ചാൽ നൽകാമെന്നാണു റെയിൽവേ അറിയിച്ചിരിക്കുന്നത്. അതേസമയം, ഡിപിആറിനു കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ ഈ കേന്ദ്ര ബജറ്റിൽ ഫണ്ട് ലഭിക്കുമെന്നു പ്രതീക്ഷിക്കാനാകില്ല.

2025ൽ നടപ്പാക്കുമ്പോൾ യാത്രാനിരക്ക് കിലോമീറ്ററിന് 3.9 രൂപ: ഡിപിആർ

തിരുവനന്തപുരം ∙ സിൽവർലൈൻ പാത യാഥാർഥ്യമായാൽ ട്രെയിൻ ഓടിത്തുടങ്ങുന്ന വർഷം തന്നെ ടിക്കറ്റ് നിരക്ക് ഉയരുമെന്നു വ്യക്തമാക്കി ഡിപിആർ. കിലോമീറ്ററിന് 2.75 രൂപയ്ക്കു യാത്ര സാധ്യമാകുമെന്നാണു കെ റെയിലും സർക്കാരും അവകാശപ്പെടുന്നത്. എന്നാൽ ഇതു ഡിപിആർ തയാറാക്കുമ്പോഴുള്ള നിരക്കാണെന്നും 2025–’26ൽ കിലോമീറ്ററിനു 3.90 രൂപയാകുമെന്നും ഡിപിആർ പറയുന്നു.

ആകെ 530 കിലോമീറ്ററാണു ദൂരം. കിലോമീറ്ററിന് 2.75 രൂപ വച്ച് തിരുവനന്തപുരം മുതൽ കാസർകോട് വരെ യാത്ര ചെയ്യാൻ 1457 രൂപയെന്നാണു സർക്കാരും കെ റെയിലും പറയുന്നത്. എന്നാൽ നിരക്കിനു വാർഷിക വർധന ബാധകമാണെന്നും പദ്ധതി തുടങ്ങുന്ന 2025–’26ൽ നിരക്ക് 3.90 രൂപയാകുമെന്നും ഡിപിആർ വ്യക്തമാക്കുന്നു. അപ്പോൾ, തിരുവനന്തപുരത്തുനിന്നു കാസർകോട്ടെത്താൻ 2067 രൂപയാകും. 2050 ആകുമ്പോഴേക്കും കിലോമീറ്ററിന് 15.79 രൂപയാകും. അന്ന് തിരുവനന്തപുരം – കാസർകോട് യാത്രയ്ക്ക് 8368 രൂപയാകും.

Content Highlight: Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com