ADVERTISEMENT

കൊച്ചി∙ അടയ്ക്ക കച്ചവടത്തിൽ 200 കോടി രൂപയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) വെട്ടിച്ചതിനു സമാനമായി കുരുമുളക്, കശുവണ്ടി, കൊക്കോ വിൽപനയിലും വൻ വെട്ടിപ്പു നടന്നതായി നികുതി വകുപ്പിന്റെ ഇടുക്കി ജില്ലാ ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. സംശയം തോന്നിയ നാലിടങ്ങളിൽ മാത്രം നടത്തിയ പരിശോധനയിൽ തന്നെ 45 കോടി രൂപയുടെ അനധികൃത വ്യാപാരവും 2.25 കോടി രൂപ ജിഎസ്ടി വെട്ടിപ്പുമാണു കണ്ടെത്തിയത്. കോതമംഗലം കേന്ദ്രീകരിച്ചാണു വ്യാജ ബില്ലുണ്ടാക്കി തട്ടിപ്പു നടത്തിയിരിക്കുന്നത്.

ഇടുക്കിയിൽ നിന്നു ബില്ലില്ലാതെ സ്വരൂപിച്ച മലഞ്ചരക്കുകൾ വിൽപന നടത്തിയപ്പോൾ നൽകേണ്ട ജിഎസ്ടി വെട്ടിക്കാനാണു ചരക്കു വാങ്ങാതെ തന്നെ വ്യാജ ബില്ലുകൾ തയാറാക്കി വൻതുക ജിഎസ്ടി ആദ്യവ്യാപാരത്തിൽ നൽകിയതായി രേഖയുണ്ടാക്കിയത്. ചരക്കു വാങ്ങാതെ തയാറാക്കിയ വ്യാജബില്ലുകൾ പ്രകാരം 2.25 കോടി രൂപയുടെ ജിഎസ്ടി നൽകിയതായി കാണിച്ച് ഈ തുക യഥാർഥ കച്ചവടത്തിനു നൽകേണ്ട നികുതിയിൽ ഇളവു ചെയ്താണു ( ജിഎസ്ടി ഇൻപുട്ട് ക്രെഡിറ്റ് ) കേന്ദ്ര–സംസ്ഥാന സർക്കാരുകളെ കബളിപ്പിച്ചിരിക്കുന്നത്.

കുരുമുളക്, കശുവണ്ടി, കൊക്കോ വ്യാപാരത്തിലൂടെ ലഭിക്കേണ്ട ജിഎസ്ടിയിൽ വലിയ കുടിശിക വരുത്തിയതു കണ്ടെത്തിയ നികുതി വകുപ്പു നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ 45 കോടി രൂപയുടെ അനധികൃത മൊത്തവ്യാപാരം നടന്നതായി കണ്ടെത്തി. 4 വ്യാപാരസ്ഥാപനങ്ങൾ റെയ്ഡ് ചെയ്തു പരിശോധന നടത്തിയപ്പോഴാണ് ഇത്രയും വെട്ടിപ്പു കണ്ടെത്താൻ കഴിഞ്ഞത്. ബില്ലുകൾ പരിശോധിച്ചതിൽ നിന്ന് എറണാകുളം വഴിയാണു മലഞ്ചരക്ക് കടത്തിക്കൊണ്ടു വന്നിട്ടുള്ളതെങ്കിലും ഇതു സംസ്ഥാനത്തിനു പുറത്തേക്കാണു കടന്നുപോയിരിക്കുന്നത്.

മലപ്പുറം, തൃശൂർ ജില്ലകളിലെ നിർധനരായ ഇരകളുടെ പേരിൽ പാൻകാർഡും മറ്റു തിരിച്ചറിയൽ രേഖകളും നിർമിച്ച് അവരുടെ പേരിൽ ജിഎസ്ടി റജിസ്ട്രേഷൻ എടുത്താണ് അടയ്ക്ക വ്യാപാരത്തിൽ 200 കോടി രൂപയുടെ നികുതി വെട്ടിച്ചത്. എന്നാൽ ഇടുക്കിയിൽ കണ്ടെത്തിയ തട്ടിപ്പിൽ പ്രതികൾ റജിസ്ട്രേഷൻ എടുത്തിരിക്കുന്നതു വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയാണോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ബില്ലുകളിൽ പറയുന്ന വിലാസങ്ങളിൽ പലയിടത്തും ആൾത്താമസമില്ല.

യഥാർഥ വ്യാപാരികൾ നികുതി അടയ്ക്കാൻ നേരിട്ടിരുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായി ജിഎസ്ടി റജിസ്ട്രേഷനുള്ള നടപടി ക്രമങ്ങൾ കേന്ദ്ര സർക്കാർ ലഘൂകരിച്ചിരുന്നു. ഈ പഴുതു മുതലെടുത്താണു സംസ്ഥാന വ്യാപകമായി കോടികളുടെ നികുതി വെട്ടിപ്പു നടത്തിയിരിക്കുന്നത്.

English Summary: Fraud in coco, pepper sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com