ADVERTISEMENT

കൊച്ചി ∙ നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രതികളിലൊരാൾ ഭാഗികമായി സ്ഥിരീകരിച്ചു. ഒന്നാം പ്രതി ദിലീപിനൊപ്പം ചോദ്യംചെയ്യലിനു ഹാജരായവരിൽ ആരാണു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവച്ചതെന്ന വിവരം അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, സുഹൃത്തു ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണു ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിനു ഹാജരായത്.

ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ തരത്തിലുള്ള സംസാരം നടക്കുമ്പോൾ ദിലീപിന്റെ വീട്ടിൽ താനുണ്ടായിരുന്നെങ്കിലും ഗൂഢാലോചനയിൽ പങ്കെടുത്തില്ലെന്നും ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നുമാണു പ്രതികളിൽ ഒരാളുടെ മൊഴി. ഹൈക്കോടതി ഉത്തരവു പ്രകാരം ഓരോ ദിവസവും പ്രതികളെ ചോദ്യം ചെയ്തു വിട്ടയയ്ക്കേണ്ട സാഹചര്യത്തിൽ ഇവർ പരസ്പരം കണ്ടുമുട്ടാൻ സാധ്യതയുള്ളതിനാൽ മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്താതെ, ഈ പ്രതിയുടെ വാക്കുകൾ തെളിവായി സ്വീകരിക്കാൻ കഴിയാത്ത നിലയിലാണ് അന്വേഷണ സംഘം.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വീട്ടിൽവച്ചു കൈപ്പറ്റിയതായുമുള്ള ആരോപണങ്ങൾ ആവർത്തിച്ചു നിഷേധിക്കുന്ന മൊഴികളാണു ദിലീപ് നൽകിയത്. പലപ്പോഴായി നൽകിയ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോൾ ദിലീപ് നിഷേധാത്മക നിലപാട് സ്വീകരിച്ചതായാണു വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ അന്വേഷണ സംഘം തയാറായില്ല.

പ്രതികൾ കസ്റ്റഡിയിലല്ലാത്ത സാഹചര്യത്തിൽ മൊഴികൾ പുറത്തുവരുന്നതു ശേഷിക്കുന്ന തെളിവുകൾ നശിപ്പിക്കാനും അടുത്ത ദിവസങ്ങളിൽ വീണ്ടും മൊഴിമാറ്റാനും വഴിയൊരുക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. സുരാജ്, ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ശേഷമാണു പുറത്തുവിട്ടത്. കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രാവിലെ 9 മുതൽ രാത്രി 8 വരെ പ്രതികളെ വെവ്വേറെയാണു ചോദ്യം ചെയ്തത്. 

എല്ലാ പ്രതികളോടും ചോദിക്കേണ്ട ചോദ്യങ്ങളും ഓരോരുത്തരോടും പ്രത്യേകമായി ചോദിക്കേണ്ട ചോദ്യങ്ങളും തയാറാക്കിയിരുന്നു. ചോദ്യംചെയ്യൽ ഇന്നും നാളെയും തുടരും. അന്വേഷണ സംഘത്തിന്റെ കൈവശമുള്ള നിർണായക തെളിവുകൾ നേരിൽ കാണിച്ചുള്ള ചോദ്യംചെയ്യൽ നാളെയായിരിക്കും.

എസ്പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ 5 സംഘങ്ങളായി തിരിഞ്ഞാണു ചോദ്യം ചെയ്യൽ. എ‍ഡിജിപി എസ്.ശ്രീജിത്ത്, ഐജി ഗോപേഷ് അഗർവാൾ എന്നിവരും ചോദ്യംചെയ്യൽ വിലയിരുത്താൻ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ദിലീപിന്റെ മൊഴികൾ വായിച്ച ശ്രീജിത്ത്, ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ നേരിട്ടു ചോദ്യം ചെയ്തു.

English Summary: Actor Dileep returns after 11-hour questioning, to return for round-two on Monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com