ADVERTISEMENT

തിരുവനന്തപുരം ∙ സോളർ പാനൽ ഇടപാടിൽ തനിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉയർത്തിയെന്നു കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ അപകീർത്തിക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. അന്യായം നൽകിയ ദിവസം മുതൽ 6% പലിശയും കോടതിച്ചെലവും നൽകണമെന്നും പ്രിൻസിപ്പൽ സബ് ജഡ്ജി ഷിബു ദാനിയേൽ വിധിച്ചു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിനു ചാനൽ അഭിമുഖത്തിലാണ് അന്നു പ്രതിപക്ഷനേതാവായിരുന്ന വിഎസ് ആരോപണങ്ങൾ ഉന്നയിച്ചത്. സരിത നായരുടെ മറവിൽ ഉമ്മൻ ചാണ്ടി സോളർ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നും വിഎസ് ആരോപിച്ചിരുന്നു. ‘കമ്പനിയുടെ മറവിൽ ഷെയറുകൾ വിറ്റ് കോടികളുണ്ടാക്കി, പണമെല്ലാം ഉമ്മൻ ചാണ്ടി കയ്യിലാക്കി’ എന്നിങ്ങനെയായിരുന്നു ആരോപണങ്ങൾ.

ഇതിനെതിരെ ഉമ്മൻ ചാണ്ടി അയച്ച വക്കീൽ നോട്ടിസിനു വിഎസ് മറുപടി നൽകിയില്ല. തുടർന്നാണ് കേസ് നൽകിയത്. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നു പറഞ്ഞ വിഎസ് തെളിവുകളൊന്നും ഹാജരാക്കിയില്ല. നേരിട്ടു ഹാജരായതുമില്ല. വിഎസിന്റെ അഭിഭാഷകന്റെ സമൻസ്പ്രകാരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തര സെക്രട്ടറി തുടങ്ങി 3 പേരെ സാക്ഷികളായി വിസ്തരിച്ചു.

തെളിവായി ഹാജരാക്കിയത് സോളർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിന്റെ 4 വാല്യവും കമ്മിഷനെ നിയമിച്ചുള്ള ഉത്തരവുകളുടെ പകർപ്പും മറ്റുമായിരുന്നു. കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകളെ ഉപോൽബലകമായ തെളിവായി കോടതി അംഗീകരിച്ചില്ല. ഉമ്മൻ ചാണ്ടി 3 ദിവസം കോടതിയിൽ ഹാജരായി മൊഴി നൽകി. ഉമ്മൻ ചാണ്ടിക്കുവേണ്ടി അഡ്വ. എ.സന്തോഷ്കുമാർ ഹാജരായി. വിധിക്കെതിരെ അപ്പീൽ നൽകുമെന്നു വിഎസിന്റെ അഭിഭാഷകൻ അറിയിച്ചു.

∙ ‘സത്യം ജയിക്കുമെന്നു വിശ്വാസമുണ്ടായിരുന്നു. ഞങ്ങൾ അധികാരത്തിൽനിന്നു മാറിനിന്നിട്ടും ആരോപണം തെളിയിക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല. വ്യക്തിഹത്യ നടത്താൻ ഉദ്ദേശിച്ചുള്ളതാണ് ആരോപണങ്ങൾ എന്നതിന്റെ ഉദാഹരണമാണിത്.’ – ഉമ്മൻ ചാണ്ടി

English Summary: Court order against VS Achuthanandan on defamation case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com