ADVERTISEMENT

പീരുമേട് ∙ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന പേരിൽ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിലായി. കോട്ടയം പനച്ചിക്കാട് മറ്റത്തിൽ മനു യശോധരൻ (39), ചപ്പാത്ത് ഹെവൻവാലി എസ്റ്റേറ്റിൽ സാം കോര (33) എന്നിവരാണ് അറസ്റ്റിലായത്.

 ഏലപ്പാറയിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന, തമിഴ്നാട് കമ്പം ഗവ. ആശുപത്രിയിലെ ഡോക്ടർ കനി മലറിന്റെ പക്കൽ നിന്നാണ് ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഏലപ്പാറയിലെ ക്ലിനിക്കിൽ എത്തിയ ഇവർ തങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആണെന്നു പറഞ്ഞു പരിചയപ്പെടുത്തി. ഡോക്ടർ കമ്പത്ത് ആണെന്ന് പറഞ്ഞതോടെ ക്ലിനിക്കിൽ നിന്ന് ഒരു ജീവനക്കാരനെയും കാറിൽ കയറ്റി ഇവർ തമിഴ്നാട്ടിലേക്കു പോയി.

കമ്പത്ത് എത്തിയ ശേഷം കനിമലറിനെ കണ്ട ഇവർ തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആണെന്നു പറഞ്ഞു. ഡോക്ടറുടെ പേരിൽ കേസുള്ളതിനാൽ ചോദ്യം ചെയ്യാൻ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇവർ വന്ന ‌കാറിൽ ഡോക്ടറെയും കയറ്റി കുമളിയിലേക്കു പുറപ്പെട്ടു. കേസ് ഒഴിവാക്കി നൽകാമെന്നു പറഞ്ഞു യാത്രയ്ക്കിടെ ഇവർ പണം ആവശ്യപ്പെട്ടു. 

ഡോക്ടറുടെ പക്കൽ ഉണ്ടായിരുന്ന 50,000 രൂപ വാങ്ങിയെടുത്തു. കുമളിയിൽ എത്തിയപ്പോൾ ഡോക്ടറെയും ജീവനക്കാരനെയും വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. വീട്ടിൽ എത്തിയ ഡോക്ടർ താൻ കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയതോടെ പൊലീസിൽ പരാതി നൽകി. തുടർന്ന് ഡിവൈഎസ്പി സി.ജി.സനൽകുമാർ, എസ്ഐ അഫ്സർ, എഎസ്ഐ നസീമ, സിവിൽ പൊലീസ് ഓഫിസർമാരായ സിയാദ്, അങ്കു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘം ചപ്പാത്തിലെ സാം കോരയുടെ വീട്ടിൽ പ്രതികളെ പിടികൂടുകയായിരുന്നു. 

English Summary: Arrest in kidnap case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com