ADVERTISEMENT

ലോകായുക്ത ബില്ലിലെ 13–ാം വകുപ്പിനെതിരെ 1999 ഫെബ്രുവരി 22 ന് കേരള നിയമസഭയിൽ നടന്ന ചർച്ച ഇങ്ങനെ:

∙ കെ.എം.മാണി: ലോകായുക്ത കോംപിറ്റന്റ് അതോറിറ്റിക്കു (യോഗ്യതയുള്ള അധികാരിക്ക്) റിപ്പോർട്ട് കൊടുത്തു കഴിഞ്ഞാൽ അത് അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാമെന്നു പറയാൻ പാടില്ല. അത് അംഗീകരിക്കണം. അല്ലെങ്കിൽ പിന്നെ എന്തു വിശ്വാസ്യതയാണ് ? ഒരു അഴിമതി നടത്തിയെന്നു കണ്ടാൽ പിന്നെ എന്തിനാണു സംരക്ഷിക്കുന്നത്? ഒരു മന്ത്രി അഴിമതി നടത്തി. ഒരു അംഗം എന്ന നിലയിൽ അയാളെ പുറത്താക്കണമെന്നു പറഞ്ഞാൽ അത് അംഗീകരിക്കണം. ഇത്രയും ബദ്ധപ്പെട്ടു നിയമസഭയിൽ നിയമം പാസാക്കി അന്വേഷണമെല്ലാം നടത്തിയ ശേഷം അഴിമതിക്കാരനെ കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അയാളെ സംരക്ഷിക്കുകയാണോ വേണ്ടത്?

∙ കെ.സി.ജോസഫ്: ഈ ബില്ലിന്റെ തന്നെ സത്ത 13–ാം വകുപ്പ് നശിപ്പിക്കുകയാണ്. ലോകായുക്ത സ്ഥാപിച്ച് ഈ പരിശ്രമങ്ങളെല്ലാം ചെയ്തശേഷം മുഖ്യമന്ത്രിയോ മന്ത്രിമാരോ കൂട്ടുപ്രതികളാണെന്ന് കണ്ടെത്തിയാൽ ആ നിഗമനം നിരാകരിക്കാനുള്ള അധികാരം നൽകുന്നതു ശരിയല്ല. 

∙ ആനത്തലവട്ടം ആനന്ദൻ: അഴിമതി ആരോപണം തെളിയുകയും പൊതുപ്രവർത്തകൻ തൽക്ഷണം ഒഴിയുകയും വേണമെന്നു ലോകായുക്ത അഭിപ്രായപ്പെട്ടാൽ അതു നിരാകരിക്കാനുള്ള അവകാശം സർക്കാരിൽ നിക്ഷ്പിതമായിരിക്കുന്നതു ചർച്ചയുടെ ഗൗരവ സ്വഭാവം കളയുന്നതാണ്. ലോകായുക്തയിൽ ഇങ്ങനെ ഒരു വ്യവസ്ഥ ഉണ്ടെങ്കിൽ ലോകായുക്തയ്ക്കും മുകളിലായിരിക്കും സർക്കാർ. കോടതിയുടെ മുകളിൽ ഒരു തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിനു നൽകുന്നതു ശരിയല്ല.

∙ ജി.സുധാകരൻ: ഒരു പൊതുപ്രവർത്തകൻ കുറ്റം ചെയ്തിരിക്കുന്നുവെന്ന് എല്ലാ തരത്തിലുമുള്ള നടപടിക്രമങ്ങളും പാലിച്ച ശേഷം ലോകായുക്ത കണ്ടെത്തിയാൽ അയാൾ തിരഞ്ഞെടുക്കപ്പെട്ട പദവിയിൽ തുടരുന്നത് അപമാനകരമാണ്. ആ സ്ഥാനത്ത് ഒരു നിമിഷം പോലും തുടരാൻ പാടില്ല എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

∙ ആര്യാടൻ മുഹമ്മദ്: ഈ ബില്ലിൽ കോംപിറ്റന്റ് അതോറിറ്റി മന്ത്രിമാരെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയാണ്. ആ ആളെ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു റിപ്പോർട്ട് നൽകിയാൽ പിന്നെ മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. ആ മന്ത്രിയെ രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കും.

English Summary: UDF, LDF support Lokayukta in 1999

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com