ADVERTISEMENT

കൊച്ചി ∙ ബജറ്റിൽ കേരളത്തിലെ പ്രധാന പദ്ധതികളെ റെയിൽവേ തഴഞ്ഞു. നിർമാണം നടക്കുന്ന പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കു മാത്രമാണു പരിഗണന ലഭിച്ചത്. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 393.95 കോടി രൂപ അനുവദിച്ചു. മാർച്ചിൽ പൂർത്തിയാക്കേണ്ട കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിനു 65.82 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിനു 21 കോടി രൂപ മാത്രമാണുള്ളത്. എസ്റ്റിമേറ്റിന് അംഗീകാരമില്ലാത്തതിനാൽ ഈ തുക ചെലവാക്കാൻ കഴിയില്ല. 

എറണാകുളം– പൂങ്കുന്നം സെക്‌ഷനിൽ ഓട്ടമാറ്റിക് സിഗ്‌നലിങ് പദ്ധതിക്കും പണമില്ല. എറണാകുളം–ഷൊർണൂർ മൂന്നാം പാതയ്ക്കു 75 ലക്ഷം രൂപയാണു നീക്കിവച്ചത്. ഇതുകൊണ്ട് പദ്ധതിയുടെ അന്തിമ സർവേ പൂർത്തിയാക്കാൻ സാധിക്കും. മലബാർ മേഖലയ്ക്കു ഗുണം ചെയ്യുന്ന മംഗളൂരുവിലെ പ്ലാറ്റ്ഫോം നിർമാണം പൂർത്തിയാക്കാൻ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. 

അങ്കമാലി– എരുമേലി ശബരി പാത, നേമം െടർമിനൽ, പാലക്കാട് കോച്ച് ഫാക്ടറി, ഷൊർണൂർ യാഡ് റീമോഡലിങ് എന്നിവയൊന്നും ഏറ്റെടുക്കാൻ ഉദ്ദേശ്യമില്ലെന്നാണു പദ്ധതി വിഹിത രേഖ തെളിയിക്കുന്നത്. ശബരി പദ്ധതിക്കും പാലക്കാട് കോച്ച് ഫാക്ടറിക്കും 1000 രൂപ ടോക്കൺ തുക മാത്രമാണുള്ളത്. 

കോട്ടയം റൂട്ടിൽ ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ (16.84 കിമീ) പാത ഇരട്ടിപ്പിക്കാൻ ബാക്കിയുണ്ട്. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു മികച്ച പരിഗണനയാണു കിട്ടിയതെങ്കിലും പണം ചെലവഴിക്കണമെങ്കിൽ സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കണം. നേമം ടെർമിനൽ വികസനത്തിന് ഇത്തവണയും അനുമതി ലഭിച്ചിട്ടില്ല. കൊച്ചുവേളി പ്ലാറ്റ്ഫോം വികസനം, പാലക്കാട് പിറ്റ്‌ലൈൻ പദ്ധതി എന്നിവയ്ക്കു ട്രാഫിക് ഫെസിലിറ്റി ഫണ്ടിൽ‍ നിന്നു പണം ലഭിക്കാൻ സാധ്യതയുണ്ട്. ഈ പ്ലാൻ ഹെഡിൽ ദക്ഷിണ റെയിൽവേയിലെ വിവിധ പദ്ധതികൾക്കായി 22.38 കോടി രൂപയാണു നീക്കി വച്ചിരിക്കുന്നത്. 

ശബരി പദ്ധതി കെ–റെയിലിനു കൈമാറിയെങ്കിലും എസ്റ്റിമേറ്റ് പുതുക്കി നൽകാത്തതിനാൽ ഇത്തവണ പരിഗണിച്ചിട്ടില്ല. മുൻപു മരവിപ്പിച്ച ഗുരുവായൂർ–തിരുനാവായ പദ്ധതിക്ക് 1000 രൂപയാണു നൽകിയിരിക്കുന്നത്. കോട്ടയം വഴി പാത ഇരട്ടിപ്പിക്കലിനു ഇപ്പോൾ ലഭിച്ച തുക മതിയാകുമെന്നു നിർമാണ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ മേൽപാലങ്ങൾക്കും യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വിഹിതമുണ്ട്. 

കേരളത്തിനു കിട്ടിയത്

∙ തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ - 393.5 കോടി രൂപ 

∙ കോട്ടയം വഴി പാത ഇരട്ടിപ്പിക്കൽ – 65.82 കോടി 

∙ ആലപ്പുഴ വഴി പാത ഇരട്ടിപ്പിക്കൽ – 21 കോടി 

∙ എറണാകുളം–ഷൊർണൂർ മൂന്നാം പാത – 75 ലക്ഷം 

റെയിൽപാത വൈദ്യുതീകരണം; ബജറ്റ് വിഹിതം കേരളത്തിനും ഗുണം

കൊച്ചി ∙ പാത വൈദ്യുതീകരണത്തിന് ഇത്തവണയും റെയിൽവേ വലിയൊരു വിഹിതം നീക്കിവയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനം കേരളത്തിനു ഗുണകരമാകും. കേരളത്തിൽ 3 പാതകളിലാണു വൈദ്യുതീകരണ ജോലികൾ നടക്കുന്നത്. പാലക്കാട്–പൊള്ളാച്ചി, ഷൊർണൂർ–നിലമ്പൂർ, കൊല്ലം–പുനലൂർ എന്നീ സെക്‌ഷനുകളിൽ ജോലികൾ വിവിധ ഘട്ടങ്ങളിലാണ്. പുനലൂർ മുതൽ ചെങ്കോട്ട വരെ പാത വൈദ്യുതീകരണത്തിനുള്ള കരാറും നൽകി കഴിഞ്ഞു.

നാവിക സേനാ വിമാനത്താവളത്തിന്റെ സാമീപ്യം മൂലം വൈദ്യുതീകരിക്കാത്ത എറണാകുളം–കൊച്ചിൻ ഹാർബർ ടെർമിനസ് പാത ഒഴിച്ചു ബാക്കി എല്ലാ പാതകളിലും ഈ വർഷം അവസാനം വൈദ്യുതി ട്രെയിനുകൾ ഓടിത്തുടങ്ങും. പാലക്കാട്–പൊള്ളാച്ചി, കൊല്ലം–പുനലൂർ സെക്‌ഷനുകളിൽ മാർച്ചിൽ പണികൾ തീരുമെന്നാണു പ്രതീക്ഷിക്കുന്നത്. പാസഞ്ചർ ട്രെയിനുകൾക്കു പകരം കൂടുതൽ മെമു ട്രെയിനുകൾ ഈ റൂട്ടുകളിൽ ലഭിക്കും. പാലക്കാട്–പൊള്ളാച്ചി, പൊള്ളാച്ചി–കോയമ്പത്തൂർ, കോയമ്പത്തൂർ–പാലക്കാട് റൂട്ടുകളിൽ സർക്കുലർ മെമു സർവീസ് പരിഗണനയിലുണ്ടെന്ന് അധികൃതർ പറഞ്ഞു. 

Content Highlight: Budget Railway allocation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com