ബജറ്റിൽ കേരളത്തിന് അവഗണന: കേന്ദ്രത്തിനു കത്തെഴുതും

HIGHLIGHTS
  • മുഖ്യ ആവശ്യം ജിഎസ്ടി നഷ്ടപരിഹാരം നീട്ടൽ
  • സിൽവർലൈൻ പിഎം ഗതിശക്തിയിൽ ഉൾപ്പെടുത്താനും ആലോചന
ഫയൽചിത്രം.
SHARE

തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റിൽ കേരളത്തെ തഴയുകയും ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തതിന് എതിരെ കേന്ദ്രത്തിനു കേരളം കത്തെഴുതും. മുഖ്യമന്ത്രി ദുബായിൽനിന്ന് എത്തിയ ശേഷം മന്ത്രി കെ.എൻ.ബാലഗോപാൽ ഇക്കാര്യത്തിൽ ചർച്ച നടത്തും. തുടർന്ന് മുഖ്യമന്ത്രിയോ ധനമന്ത്രിയോ കത്തെഴുതാനാണ് ആലോചിക്കുന്നത്. ജിഎസ്ടി നടഷ്ടപരിഹാരം 5 വർഷത്തേക്കു കൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ മുഖ്യ ആവശ്യം പോലും കേന്ദ്രം അംഗീകരിക്കാത്തതിൽ ബിജെപി ഭരിക്കുന്നതുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും പ്രതിഷേധത്തിലാണ്. 

ഇക്കാര്യത്തിൽ യോജിച്ച നിലപാട് എടുക്കാനും പാർലമെന്റിലും ജിഎസ്ടി കൗൺസിലിലും സമ്മർദം ചെലുത്താനുമാണ് സംസ്ഥാനങ്ങളുടെ നീക്കം. ബജറ്റ് ചർച്ചയ്ക്ക് ധനമന്ത്രി ലോക്സഭയിൽ മറുപടി പറയുമ്പോഴെങ്കിലും സംസ്ഥാനങ്ങൾക്ക് അനുകൂലമായ പ്രഖ്യാപനം നേടിയെടുക്കുകയാണ് ലക്ഷ്യം. ജിഎസ്ടി വരുമാനത്തിൽ വർഷം 14% വീതം വളർച്ചയുണ്ടായില്ലെങ്കിൽ അതിലേക്ക് എത്താൻ എത്ര കുറവുണ്ടോ അത്രയും തുക കേന്ദ്രം നൽകുന്നതാണ് ജിഎസ്ടി നഷ്ടപരിഹാരം.

സംസ്ഥാനങ്ങൾ വരുമാന വളർച്ച സ്വയം നേടുമെന്ന കണക്കുകൂട്ടലിൽ ഇൗ വർഷം ജൂണിൽ നഷ്ടപരിഹാരത്തിന്റെ കാലാവധി അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധി സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തെ ബാധിച്ചതാണ് നഷ്ടപരിഹാരം 5 വർഷത്തേക്കു കൂടി നീട്ടണമെന്ന ആവശ്യം സംസ്ഥാനങ്ങൾ മുന്നോട്ടു വയ്ക്കാൻ പ്രധാന കാരണം. സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകുക, കടമെടുപ്പ് പരിധി ഉപാധികളില്ലാതെ നാലര ശതമാനത്തിൽ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളും കേരളം ആവർത്തിക്കും. 

അതേസമയം, കേന്ദ്രം പ്രഖ്യാപിച്ച 50 വർഷത്തെ തിരിച്ചടവു കാലാവധി ലഭിക്കുന്ന പലിശരഹിത വായ്പ സ്വീകരിക്കണോയെന്നു കേരളം തീരുമാനമെടുത്തിട്ടില്ല. ബജറ്റിൽ പ്രഖ്യാപിച്ച ഇൗ ഒരു ലക്ഷം കോടി രൂപയുടെ വായ്പ വീതിക്കുമ്പോൾ കേരളത്തിന് 4,000 കോടിയോളം രൂപയെങ്കിലും ലഭിക്കും. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരം തയാറാക്കുന്ന പദ്ധതിക്കാണ് ഇൗ വായ്പ. എന്നാൽ, 2032 ൽ കേന്ദ്രത്തിനു നൽകാനുള്ള പണമെല്ലാം കൊടുത്തു തീർക്കാൻ കഴിയുന്ന സംസ്ഥാനം വീണ്ടും മറ്റൊരു വായ്പ കൂടി വാങ്ങാൻ തയാറാകുമോ എന്ന് ഉറപ്പില്ല. 

കേന്ദ്രത്തിന്റെ പിഎം ഗതിശക്തി പാക്കേജിൽ സിൽവർലൈൻ പദ്ധതി ഉൾപ്പെടുത്തി ഇൗ പണം വാങ്ങാൻ കഴിയുമെങ്കിലും നയപരമായ തീരുമാനം ആവശ്യമാണ്. കേന്ദ്ര പാക്കേജിനു കീഴിലാകുമ്പോൾ കേന്ദ്രാനുമതി വേഗം ലഭിക്കുമെന്ന മെച്ചവുമുണ്ട്. 

English Summary: Kerala to write letter to centre on neglecting kerala in Budget

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS