ADVERTISEMENT

കൊച്ചി∙ ലോകായുക്ത നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാരോ ഉത്തരവാദപ്പെട്ട അധികാരികളോ എടുക്കുന്ന തീരുമാനങ്ങളെല്ലാം കോടതിയുടെ തീർപ്പിനു വിധേയമാകുമെന്നു ഹൈക്കോടതി. അതേസമയം, ലോകായുക്ത നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓർഡിനൻസ് കോടതി സ്റ്റേ ചെയ്തില്ല. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചു തിരുവനന്തപുരം നേമം സ്വദേശി ആർ. എസ്. ശശികുമാർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.

സംസ്ഥാന ചീഫ് സെക്രട്ടറിക്കു കോടതി നോട്ടിസ് നൽകി. സർക്കാർ സത്യവാങ്മൂലം നൽകണം. മാർച്ച് 7നു ഹർജി വീണ്ടും പരിഗണിക്കും. പൊതുസേവകർ പദവി ഒഴിയണമെന്നു നിർദേശിക്കാൻ ലോകായുക്തയ്ക്ക് അധികാരം നൽകുന്ന 14–ാം വകുപ്പ് ഭേദഗതി ചെയ്തതിലാണു പ്രധാന ആക്ഷേപം. ഭേദഗതി അനുസരിച്ചു ലോകായുക്തയുടെ റിപ്പോർട്ട് തള്ളാനോ സ്വീകരിക്കാനോ ഉള്ള അധികാരം ഗവർണർ, മുഖ്യമന്ത്രി, സർക്കാർ തുടങ്ങി അധികാരികൾക്കുണ്ട്.

ഇതനുസരിച്ചു ലോകായുക്തയുടെ വിധികളുടെ മേൽഅധികാരികൾ തീരുമാനം എടുത്താൽ ഹർജിയിൽ കോടതി നൽകുന്ന വിധിക്കു വിധേയമാകുമെന്നാണ് ഉത്തരവ്. കേന്ദ്ര ലോക് പാൽ നിയമം വന്നതോടെ രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയില്ലാതെ ലോകായുക്ത നിയമത്തിൽ ഭേദഗതി സാധിക്കില്ലെന്നാണു ഹർജിക്കാരുടെ പ്രധാന വാദം.

സിവിൽ കോടതിക്കു സമാനമായ അധികാരം ഉള്ള ലോകായുക്തയ്ക്കു മേൽ അപ്പീൽ അധികാരിയായി ഭരണ നിർവഹണ വിഭാഗം മാറുന്നതു നിയമ വാഴ്ചയ്ക്കു നിരക്കുന്നതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിനിയോഗം സംബന്ധിച്ചു താൻ ലോകായുക്തയിൽ നൽകിയ കേസിൽ തിരിച്ചടി ഭയന്നാണു നിയമ ഭേദഗതിയെന്നും ഹർജിക്കാരൻ ആരോപിച്ചു.

English Summary: Kerala HighCourt in Lok Ayukta Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com