ADVERTISEMENT

തോട്ടട (കണ്ണൂർ) ∙ വരന്റെ വീടിനു സമീപം വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവു മരിച്ചു. 6 പേർക്കു പരുക്കേറ്റു. ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്ണു (26) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു വിവാഹ പാർട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടൻ, 100 മീറ്റർ പിന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്. തല ചിന്നിച്ചിതറിയ നിലയിലായിരുന്ന മൃതദേഹം ഒന്നര മണിക്കൂറോളം റോഡിൽ കിടന്നു. പരുക്കേറ്റവരിൽ 4 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു 2 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. 

ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സൽക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരിൽ നിന്നും തോട്ട‍ടയിൽ നിന്നുമുള്ള 2 വിഭാഗങ്ങൾ തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നതായും ഇതിന്റെ തുടർച്ചയായി ഇന്നലെ ബോംബേറ് ഉണ്ടായതായുമാണു പൊലീസ് കരുതുന്നത്. സംഭവ സ്ഥലത്തിന് അടുത്തു നിന്നു പൊട്ടാത്ത നാടൻ ബോംബ് കണ്ടെത്തിയിട്ടുണ്ട്. ജിഷ്ണുവിന് ഒപ്പമുണ്ടായിരുന്ന ചിലരാണു ബോംബ് കൊണ്ടുവന്നതെന്നാണ് നിഗമനം.

വിവാഹ പാർട്ടി വീട്ടിലേക്കു നടക്കുന്നതിനിടെ, ഏച്ചൂർ – തോട്ടട സംഘങ്ങൾ തമ്മിൽ ഇന്നലെ വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയും ഏച്ചൂർ സംഘം എതിരാളികളെ ലക്ഷ്യം വച്ചെറിഞ്ഞ ബോംബ് ഉന്നം തെറ്റി ജിഷ്ണുവിനു മേൽ പതിക്കുകയും ചെയ്യുകയായിരുന്നു. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. പരുക്കേറ്റ് ആശുപത്രിയിലുള്ള 4 പേർ ഏച്ചൂർ സംഘത്തിൽ പെട്ടവരാണ്. ഇവരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നുണ്ട്. കക്ഷിരാഷ്ട്രീയ വിരോധം അല്ല സംഭവത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി. 

ചാല 12 കണ്ടി സിന്ദൂരം വീട്ടിൽ സുനിൽകുമാറിന്റെ മകൻ ഷമലിന്റേതായിരുന്നു വിവാഹം. ചാലാട് പടന്നപ്പാലത്തെ വധൂഗൃഹത്തിൽ നിന്ന് ഉച്ചയ്ക്കു രണ്ടോടെയാണു വിവാഹ പാർട്ടി വരന്റെ വീട്ടിലെത്തിയത്. വരനും വധുവും വീട്ടിലേക്കു കയറിയതിനു പിന്നാലെ സ്ഫോടനം നടന്നു. തുടർന്നു ജിഷ്ണുവിന്റെ അതേ രീതിയിൽ നീല ഷർട്ടും വെള്ള മുണ്ടും ധരിച്ച ഒരു കൂട്ടം യുവാക്കൾ ദേശീയപാതയിലേക്കു തിരിഞ്ഞോടി മറ്റൊരു വാഹനത്തിൽ കയറി പോയി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇതു 18 അംഗ സംഘമാണെന്നു കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ശ്യാമള ആണു മരിച്ച ജിഷ്ണുവിന്റെ അമ്മ. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

English Summary: Youth killed in bomb attack towards wedding group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com