ADVERTISEMENT

കൊച്ചി ∙ സിപിഎമ്മിലെ വിഭാഗീയതയുടെ ‘ആധുനിക ചരിത്ര’ത്തിന് കഷ്ടിച്ച് 4 പതിറ്റാണ്ട് പ്രായമേയുള്ളൂ. വിഭാഗീയത അവസാനിപ്പിച്ചുവെന്ന് ഓരോ തവണയും നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റേതെങ്കിലും വേഷത്തിൽ അതു മുളച്ചുവരുന്നുവെന്ന വൈരുധ്യമാണു പാർട്ടിയുടെ ജാതകം.

വീതിയുടെ ഒന്നര മടങ്ങ് നീളമുള്ള ചെങ്കൊടിയാണു ഭരണഘടന പ്രകാരം പാർട്ടിയുടെ കൊടി. നേതാക്കൾ തമ്മിലുള്ള ‘അടി’യുടെ എത്ര മടങ്ങാണു പാർട്ടിക്കുണ്ടായ തിരിച്ചടിയെന്നതിനു പക്ഷേ കണക്കില്ല.

കഴിഞ്ഞ 4 പതിറ്റാണ്ടുകളിലെ പാർട്ടി സമ്മേളനങ്ങളിൽ വിഭാഗീയത ‘കൊടിനാട്ടിയത്’ ഇങ്ങനെ; എറണാകുളം മുതൽ എറണാകുളം വരെ:

1985 എറണാകുളം: ബദൽരേഖാ‘വിപ്ലവം’

എം.വി.രാഘവന്റെ നേതൃത്വത്തിൽ ബദൽ രേഖ അവതരിപ്പിക്കപ്പെട്ടതോടെ കലുഷിതമായ സമ്മേളനം. അഖിലേന്ത്യാ ലീഗിനെ സിപിഎം മൊഴി ചൊല്ലണമെന്ന ഇഎംഎസിന്റെയും കേന്ദ്ര നേതൃത്വത്തിന്റെയും നിലപാടിനെതിരെ രാഘവന്റെ നേതൃത്വത്തിൽ ബദൽ രേഖ അവതരിപ്പിക്കുന്നു. വിഎസിന്റെ പിന്തുണയോടെ ഇഎംഎസ് ഇടപെട്ടതോടെ ബദൽരേഖ തള്ളപ്പെട്ടു. പിന്നാലെ, എംവിആറിനെയും 6 സംസ്ഥാന കമ്മിറ്റിയംഗങ്ങളെയും പുറത്താക്കി വിഎസ് കരുത്തു കാട്ടി. 

സമ്മേളനം തിരഞ്ഞെടുത്ത 71 അംഗ സംസ്ഥാന കമ്മിറ്റിയിൽ 24 പേർ പുതുമുഖങ്ങൾ. 

1988 ആലപ്പുഴ: ബദർരേഖത്തുടർച്ച

മൂന്നാംതവണയും വിഎസ് പാർട്ടി സെക്രട്ടറി. ബദൽ രേഖക്കാരെ കൈകാര്യം ചെയ്ത ഈ സമ്മേളനത്തിലും വിഭാഗീയതയുടെ ‘ഉത്സവം’. 73 അംഗ സംസ്ഥാന കമ്മിറ്റി. കെ.ആർ ഗൗരിയമ്മ, പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിൽ.

1991 കോഴിക്കോട്: നായനാർ – വിഎസ് ‘ഏറ്റുമുട്ടൽ’

രൂക്ഷമായ ചേരിതിരിവ് കണ്ട സമ്മേളനം. സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിൽ വിഎസ്– നായനാർ പക്ഷങ്ങൾ ഏറ്റുമുട്ടി. സെക്രട്ടറിക്കായുള്ള വോട്ടെടുപ്പിൽ വിഎസിനെ വീഴ്ത്തി ഇ.കെ.നായനാർ പാർട്ടി സെക്രട്ടറി. ഓരോ ചേരിക്കുമൊപ്പം നിന്നവരിൽ പലരും മറുകണ്ടം ചാടി. 

സെക്രട്ടറിയായിരുന്ന വിഎസിനു മുഖ്യമന്ത്രിയാകാനുള്ള മോഹമാണ് 1992 വരെ കാലാവധിയുണ്ടായിരുന്ന നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നേരത്തെ നടത്തിയതിനു പിന്നിലെന്ന് ആരോപണം. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാൻ പോകുന്ന ഇഎംഎസ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു വരുന്നത് ഈ സമ്മേളനത്തോടെ.

ഇടത്തുതിരിഞ്ഞു വാ:സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ കായൽ വിളംബര ജാഥ കൊച്ചി മറൈൻഡ്രൈവിലെത്തി സമാപിക്കാനൊരുങ്ങുമ്പോൾ ബോട്ടിൽ കയറാനുള്ള റാംപിൽനിന്ന് നിർദേശങ്ങൾ നൽകുന്ന പ്രവർത്തകർ.   ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഇടത്തുതിരിഞ്ഞു വാ:സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ കായൽ വിളംബര ജാഥ കൊച്ചി മറൈൻഡ്രൈവിലെത്തി സമാപിക്കാനൊരുങ്ങുമ്പോൾ ബോട്ടിൽ കയറാനുള്ള റാംപിൽനിന്ന് നിർദേശങ്ങൾ നൽകുന്ന പ്രവർത്തകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

1995 കൊല്ലം: വെട്ടിനിരത്തൽക്കാലം

ഇ.കെ.നായനാർ വീണ്ടും സെക്രട്ടറി. 89 അംഗ സംസ്ഥാന കമ്മിറ്റിയിലേക്കു നായനാർ അവതരിപ്പിച്ച ഔദ്യോഗിക പാനലിനെതിരെ എതിർ ചേരിയിൽനിന്ന് 17 പേർ മത്സരിച്ചു. വിഎസ് പക്ഷത്തെ ഒരാളൊഴിച്ച് എല്ലാവരും തോറ്റെങ്കിലും നായനാർ– സിഐടിയു പക്ഷത്തെ എൻ. പത്മലോചനന്റെ തോൽവി വരാനിരിക്കുന്ന പരസ്യയുദ്ധത്തിനു നാന്ദിയായി. ഇഎംഎസ് 11–ാമനായും നായനാർ 13–ാമനുമായും ജയിച്ച മത്സരം.

 1998 പാലക്കാട്: മാരാരിക്കുളം ‘പ്രതികാരം’

ചടയൻ ഗോവിന്ദൻ സെക്രട്ടറി. കൊല്ലത്തു തുടങ്ങി വച്ച കലാപം സിഐടിയു പക്ഷത്തിന്റെ വ്യാപക വെട്ടിനിരത്തലിലെത്തിച്ചു സംസ്ഥാന കമ്മിറ്റി വിഎസ് പക്ഷം വീണ്ടും പിടിച്ചെടുത്തു. ഔദ്യോഗിക പാനലിനെതിരെ വിഎസ് പക്ഷം 9 പേരെ നിർത്തി. 7 പേർ ജയിച്ചു. കെ.എൻ.രവീന്ദ്രനാഥ്, എം.എം.ലോറൻസ്, വി.ബി.ചെറിയാൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന് തുടങ്ങിയവർ തോറ്റ സിഐടിയു പ്രമുഖർ. മാരാരിക്കുളത്തെ തന്റെ തോൽവിക്കു വഴിയൊരുക്കിയവരോടുള്ള കണക്കു തീർക്കലും വിഎസ് തുടങ്ങിവച്ചു.

2002 കണ്ണൂർ: വിഎസ് – പിണറായി മുഖാമുഖം

പിണറായി വിജയൻ സെക്രട്ടറി. വിഭാഗീയത ഉണ്ടായില്ലെന്നു നേതൃത്വം അവകാശപ്പെട്ടെങ്കിലും സംസ്ഥാന കമ്മിറ്റിയിലേക്കു മത്സരത്തിനു കളമൊരുങ്ങി. ഒടുവിൽ ഒത്തുതീർപ്പ്. ഒരാളെ ഒഴിവാക്കി പകരം 3 പേരെ ഉൾപ്പെടുത്തി സംസ്ഥാന കമ്മിറ്റി. വിഎസും പിണറായിയും നേർക്കു നേർ വന്നെങ്കിലും വിഎസ് പക്ഷത്തിനു കമ്മിറ്റിയിൽ നേരിയ ഭൂരിപക്ഷം.

vs-and-pinarayi

2005 മലപ്പുറം ഉറപ്പിച്ച് പിണറായി

ആധിപത്യം ഉറപ്പിച്ചു പിണറായി വീണ്ടും സെക്രട്ടറി. വിഭാഗീയതയുടെ സമീപകാല ചരിത്രത്തിലെ കലാപ കലുഷിതമായ വേള. പാർട്ടി സീമകൾ ലംഘിച്ചു വിഎസും പിണറായിയും ഏറ്റുമുട്ടി. ഗ്രൂപ്പുപോരിനെതിരെ കേന്ദ്ര നേതൃത്വം നടത്തിയ സമവായ നീക്കം പാളി. വിഎസ് പക്ഷത്തെ 12 പേർ മത്സരിച്ചെങ്കിലും ദയനീയമായി തോറ്റു. തിരഞ്ഞെടുക്കപ്പെട്ട 76 പേരിൽ വിഎസ് തിരഞ്ഞെടുക്കപ്പെട്ടത് 64–ാമനായി. പിന്നീടങ്ങോട്ടു വിഎസും പിണറായിയും പരസ്യമായി ഏറ്റുമുട്ടി.

2008 കോട്ടയം: വിഭാഗീയതയിൽ ഉഷാ ഉതുപ്പ്!

പിണറായി പക്ഷത്തിനു സംസ്ഥാന കമ്മിറ്റിയിൽ വൻഭൂരിപക്ഷം. സമ്മേളനത്തിൽ തോറ്റെങ്കിലും പൊതുസമ്മേളനത്തിൽ വിഎസ് കസറി. ‘ഉഷ ഉതുപ്പിന്റെ ഗാനമേളയല്ല ഇവിടെ നടക്കുന്നത്’ എന്ന പിണറായിയുടെ വിഖ്യാത ഡയലോഗ് പിറന്നു. മുഖ്യമന്ത്രിയായ വിഎസിനെ സംരക്ഷിക്കുന്നുവെന്ന പേരിൽ പിബിക്കെതിരെ സംസ്ഥാന ഘടകം രംഗത്തുവന്നു.

2012 തിരുവനന്തപുരം: വിഎസ് പറഞ്ഞു, പിണറായി

നാലാമതും പിണറായി സെക്രട്ടറി. 84 അംഗ സംസ്ഥാന കമ്മിറ്റിയിൽ 12 പുതുമുഖങ്ങൾ. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു പിണറായിയെ നിർദേശിക്കാനുള്ള ചുമതല വിഎസിനെ ഏൽപിച്ച് പിബി. സ്വഭാവദൂഷ്യത്തിന്റെ പേരിൽ ഗോപി കോട്ടമുറിക്കലിനെ ഒഴിവാക്കി. 

2015 ആലപ്പുഴ: വിഎസിന്റെ വിട്ടുപോക്ക്

കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി. തനിക്കെതിരായ പ്രമേയത്തിലും ചർച്ചയിലും പ്രതിഷേധിച്ച് വിഎസ് സമ്മേളനം വിട്ടിറങ്ങി. തലസ്ഥാനത്തേക്കു മടങ്ങിയ വിഎസ് പിന്നീട് പങ്കെടുത്തതേയില്ല. 88 അംഗ സംസ്ഥാന കമ്മിറ്റിയിലേക്ക് 87 പേരെ എടുത്തു. സിപിഎം രൂപീകരണത്തിനു ശേഷം ആദ്യമായി വിഎസ് ഇല്ലാത്ത സംസ്ഥാന കമ്മിറ്റി. ഒരെണ്ണം ഒഴിച്ചിട്ടതു വിഎസിനു വേണ്ടിയെന്നു വിശദീകരണം. റിപ്പോർട്ടിലെ വിഎസിനെതിരായ ചില ഭാഗങ്ങൾ പിബി ഇടപെട്ടു ഒഴിവാക്കിയതു പിണറായിക്കു തിരിച്ചടിയായി.

2018 തൃശൂർ: കോടിയേരിത്തുടർച്ച

കോടിയേരി വീണ്ടും. സംസ്ഥാന കമ്മിറ്റിയിൽ വിഎസ് പ്രത്യേക ക്ഷണിതാവ്. ഗോപി കോട്ടമുറിക്കലിനെ തിരികെ കൊണ്ടുവന്നു പിണറായി പക്ഷം വാശി തീർത്തു. വിഎസ് പക്ഷത്തെ പിരപ്പൻകോട് മുരളി, സി.കെ.സദാശിവൻ എന്നിവരെ ഒഴിവാക്കി.

2022 എറണാകുളം 

ഇന്നു തുടക്കം 

English Summary: CPM State conference special story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com