ADVERTISEMENT

അടച്ചിടാത്ത പാണക്കാട് കൊടപ്പനയ്ക്കൽ വാതിൽപടിയിലെ അവസാനത്തെ ആളും കടന്നുപോയാലേ ഹൈദരലി ശിഹാബ് തങ്ങളുടെ രാത്രി തുടങ്ങാറുള്ളൂ. ഏതു പാതിരാത്രിയിലും ആ വാതിൽ തുറന്നുതന്നെ കിടക്കും. പൂമുഖത്തു കാത്തുനിൽക്കുന്ന കനലെരിയുന്ന മനസ്സുകൾക്ക് ഒരു മൃദുസ്‌പർശം കൊണ്ട് ഹൈദരലി തങ്ങൾ സാന്ത്വനവും ആശ്വാസവും നൽകും. തീർപ്പാകാത്ത കേസുകൾ തീർപ്പാക്കും. അങ്ങനെ, ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്റെ അമരക്കാരായി മതസൗഹാർദത്തിന്റെ മുന്നണിപ്പോരാളിയായി അദ്ദേഹം സമൂഹത്തെ നയിച്ചു.

കഷ്ടതകളിലും യാതനകളിലും ആനന്ദങ്ങളിലും ആഘോഷങ്ങളിലുമെല്ലാം സമൂഹത്തോടൊപ്പം ചേർന്നുനിന്ന ജീവിതത്തിന്റെ പേരുകൂടിയാണു പ്രിയപ്പെട്ടവർ ‘ആറ്റപ്പൂ’ എന്നു സ്നേഹത്തോടെ വിളിച്ച ഹൈദരലി ശിഹാബ് തങ്ങൾ. ഹൃദയമിടിപ്പുകളെല്ലാം മതനിരപേക്ഷതയ്ക്കു വേണ്ടി മാറ്റിവച്ച് സൗമ്യതയും പുഞ്ചിരിയും കൊണ്ട് നിലാവു പരത്തിയ ജനകീയനായ നേതാവ്.

പ്രവാചക കുടുംബത്തിന്റെ പുണ്യവും ജനപിന്തുണയുടെ കരുത്തുമായിരുന്നു തങ്ങളുടെ സവിശേഷത. ഒരേസമയം ആത്മീയ നേതാവും രാഷ്‌ട്രീയ നേതാവുമായിരുന്ന തങ്ങൾ പൊതുജീവിതത്തിനു കർമങ്ങളിലൂടെ വിശുദ്ധിയുടെ നിറം നൽകി. കുടുംബമഹിമയും ഉന്നതവിദ്യാഭ്യാസവും മാത്രമല്ല, സമാനതകളില്ലാത്ത സ്വഭാവഗുണവും അദ്ദേഹത്തിന്റെ മഹത്വമായിരുന്നു.

സ്ഫുടം ചെയ്തെടുത്ത ജീവിതം

പാണക്കാട് പി.എം.എസ്.എ.പൂക്കോയ തങ്ങളുടെ 5 ആൺമക്കളിലെ മൂന്നാമത്തെ മകനായാണു ഹൈദരലി തങ്ങളുടെ ജനനം. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് 2 മാസം മുൻപ് 1947 ജൂൺ 15നു ജനനം. രണ്ടു വയസ്സുള്ളപ്പോൾ ഹൈദരാബാദ് ആക്‌ഷന്റെ പേരിൽ പിതാവ് പൂക്കോയ തങ്ങളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പുലർച്ചെ കൊടപ്പനയ്ക്കൽ തറവാട്ടിലെത്തിയ പൊലീസ് മലപ്പുറം പൊലീസ് സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അറസ്‌റ്റാണെന്നു പിന്നീടാണു മനസ്സിലായത്. വിവരമറിഞ്ഞ് ഇരമ്പിയെത്തിയ ജനക്കൂട്ടത്തെ പൊലീസിന്റെ അഭ്യർഥനയനുസരിച്ചു പൂക്കോയ തങ്ങൾതന്നെ ശാന്തമാക്കി. തുടർന്നു മഞ്ചേരി സബ് ജയിലിൽ രണ്ടു ദിവസവും കോഴിക്കോട് ജയിലിൽ രണ്ടാഴ്‌ചയും പൂക്കോയ തങ്ങൾ കഴിഞ്ഞു. പാണക്കാട് തറവാട്ടിൽ അരക്ഷിതത്വത്തിന്റെ നാളുകളായിരുന്നു അത്. ജ്യേഷ്‌ഠൻ മുഹമ്മദലി ശിഹാബ് തങ്ങൾ അന്നു കോഴിക്കോട്ട് പഠിക്കുകയാണ്. ഉമറലി തങ്ങൾ ഏഴു വയസ്സുള്ള കുട്ടിയും.

അടുത്ത വർഷമായിരുന്നു ഉമ്മ ആയിഷ ചെറുകുഞ്ഞിബീവി ക്ഷയരോഗം മൂലം മരിച്ചത്. അന്ന് ഉപ്പയ്‌ക്ക് 30 വയസ്സ് കഴിഞ്ഞതേയുള്ളൂ. ഉമ്മയ്‌ക്ക് ഇരുപത്തഞ്ചും. ഉപ്പയുടെ സഹോദരി മുത്തുബീവിയായിരുന്നു പിന്നീട് ഹൈദരലി തങ്ങളെ വളർത്തിയത്.

കുട്ടിക്കാലത്തുതന്നെ വീട്ടിലെ തിരക്കുകളിൽ ഹൈദരലി തങ്ങളും കണ്ണിയായി. പിതാവ് പൂക്കോയ തങ്ങൾ വട്ടമേശയ്ക്കു മുന്നിലിരുന്ന് ജനങ്ങളുടെ വേദനകളും ആവശ്യങ്ങളും കേട്ടുകൊണ്ടിരിക്കുമ്പോൾ അപ്പുറത്തെ മുറിയിലിരുന്ന് ഹൈദരലി തങ്ങൾ പിതാവിനെ സഹായിച്ചു.

ഹൈസ്‌കൂൾ പഠനം കോഴിക്കോട്ടായിരുന്നു. ഷെയ്ഖ് പള്ളിക്കു സമീപം അമ്മായിയുടെ 'കോയ വീട് 'എന്ന വീട്ടിൽ താമസിച്ച്, കോഴിക്കോട് മദ്രസത്തുൽ മുഹമ്മദിയയിൽനിന്ന് എസ്എസ്എൽസി നേടി. തുടർന്ന് ദർസ് പഠനം ആരംഭിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായയ്ക്കടുത്തു കോന്നല്ലൂർ, പൊന്നാനി മഊനത്ത് അറബിക് കോളജ് എന്നിവിടങ്ങളിൽനിന്നു മതവിദ്യാഭ്യാസ പഠനം തുടർന്നു. തുടർപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ ചേർന്നു.

ജാമിഅയിലെ പഠനകാലം സംഘാടനത്തിന്റെയും സാമൂഹിക പ്രവർത്തനത്തിന്റെയും കാലംകൂടിയായിരുന്നു. മതവിദ്യാർഥികൾക്കായി 1973ൽ സംസ്ഥാന തലത്തിൽ സംഘടന രൂപീകരിച്ചപ്പോൾ പ്രഥമ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഹൈദരലി തങ്ങൾ നിയോഗിക്കപ്പെട്ടു. 1975ൽ തങ്ങൾ ഫൈസി ബിരുദം നേടി. മദീനയിൽ പോയി തുടർന്നു പഠിക്കണമെന്ന ആഗ്രഹവുമായാണു ജാമിഅയിൽനിന്നു പടിയിറങ്ങിയത്.

പക്ഷേ, പഠനം പൂർത്തിയാക്കി ഹൈദരലി തങ്ങൾ തിരിച്ചെത്തിയ വർഷമാണ് പിതാവിന് അർബുദരോഗബാധ സ്‌ഥിരീകരിച്ചത്. 1975 ജൂലൈ ആറിനു പൂക്കോയ തങ്ങൾ അന്ത്യശ്വാസം വലിക്കുമ്പോൾ തൊട്ടടുത്ത് ഹൈദരലി തങ്ങളുണ്ടായിരുന്നു.

പിതാവ് മരിച്ചതോടെ രാഷ്ട്രീയ രംഗത്ത് മുഹമ്മദലി ശിഹാബ് തങ്ങൾക്കും മതരംഗത്ത് ഉമറലി ശിഹാബ് തങ്ങൾക്കും കൂടുതൽ ചുമതലകളുണ്ടായി. സഹോദരങ്ങളുടെ സഹായിയും അനുസരണയുള്ള അനുജനുമായി ഹൈദരലി തങ്ങൾ അവരുടെ കൂടെക്കൂടി.

1977ൽ മലപ്പുറം പുൽപറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂർ മഹല്ല് പള്ളി, മദ്രസയുടെ പ്രസിഡന്റ് സ്ഥാനമാണ് തങ്ങളിലേക്ക് ആദ്യം വന്നണഞ്ഞത്. തുടർന്ന് കരുവാരകുണ്ട് ദാറുന്നജാത്ത് അനാഥ-അഗതി മന്ദിരത്തിന്റെ പ്രസിഡന്റായി. ആദ്യമായി ഖാസിയാകുന്നത് കൊണ്ടോട്ടി നെടിയിരുപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറ മഹല്ലിലാണ്.

2008 ജൂലൈ 3ന് സഹോദരൻ ഉമറലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെ സമസ്തയുടെ ഉന്നത നേതൃനിരയിലെത്തിയ ഹൈദരലി തങ്ങൾ തൊട്ടടുത്ത വർഷം ഓഗസ്റ്റ് ഒന്നിന് മൂത്ത സഹോദരൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെയാണു ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആകുന്നത്.

English Summary: Life of Panakkad Sayed Hyderali Shihab Thangal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com