ADVERTISEMENT

മലപ്പുറം ∙ മുസ്‍ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. സൗമ്യമായ പെരുമാറ്റവും സാമുദായിക സൗഹാർദത്തോടുള്ള അളവറ്റ പ്രതിബദ്ധതയും കൊണ്ട് ആദരത്തിനുപാത്രമായ വ്യക്തിയായിരുന്നു അദ്ദേഹമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 

സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴും ഇതര വിഭാഗങ്ങളോടു ജനാധിപത്യപരമായ സമീപനവും  നിലപാടുകളിൽ പാരമ്പര്യത്തിന്റെ അന്തസ്സും കാത്തു സൂക്ഷിച്ച നേതാവാണ് പാണക്കാട്  ഹൈദരലി ശിഹാബ് തങ്ങളെന്ന് എൻ എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ  സമൂഹനന്മയ്ക്കുവേണ്ടി അദ്ദേഹം ഉയർത്തിപ്പിടിച്ച സമീപനം എക്കാലവും ഓർമിക്കപ്പെടുമെന്ന് സുകുമാരൻ നായർ പറഞ്ഞു.

 മതനിരപേക്ഷ കേരളത്തിലെ സ്‌നേഹസാന്നിധ്യമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. ക്രൈസ്തവ സമൂഹവുമായി എന്നും ഹൃദ്യമായ ബന്ധമാണു തങ്ങൾ പുലർത്തിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ മെത്രാൻ സമിതിയുടെ അനുശോചനം അദ്ദേഹം അറിയിച്ചു.

ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും മുൻപന്തിയിലായിരുന്നു അദ്ദേഹമെന്നു പരിശുദ്ധ ബാവാ പറഞ്ഞു. 

മാർത്തോമ്മാ മെത്രാപ്പൊലീത്ത ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു.

5 പതിറ്റാണ്ടോളം നീണ്ടുനിന്ന ബന്ധമായിരുന്നു ഹൈദരലി തങ്ങളുമായി ഉണ്ടായിരുന്നതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്കു വേണ്ടി സജീവമായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ വേർപാട് എല്ലാവരുടെയും വേദനയാണെന്ന് കാന്തപുരം പറഞ്ഞു.

‌‌ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, സ്പീക്കർ എം.ബി.രാജേഷ്, കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.എൻ.വാസവൻ, വി.ശിവൻകുട്ടി, ആന്റണി രാജു, കെ.രാധാകൃഷ്ണൻ, ജെ.ചിഞ്ചുറാണി, പി.പ്രസാദ്, ‌എ.കെ.ശശീന്ദ്രൻ, ജി.ആർ.അനിൽ, കെ.എൻ.ബാലഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി..സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കേരളകോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി, കേരളകോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്, രമേശ് ചെന്നിത്തല, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മാണി സി.കാപ്പൻ എംഎൽഎ തുടങ്ങിയവർ അനുശോചിച്ചു.

 

English Summary: Tributes to Panakkad Thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com