ADVERTISEMENT

മതമായാലും രാഷ്ട്രീയമായാലും പാണക്കാട് കൊടപ്പനയ്ക്കൽ തറവാടിനെ മാറ്റി നിർത്തി മലബാറിനൊരു ചരിത്രമില്ല. പിഎംഎസ്എ പൂക്കോയ തങ്ങൾ മുസ്‌ലിം ലീഗിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും നേതൃ പദവികൾ വഹിച്ചതോടെയാണു മത-രാഷ്ട്രീയ രംഗത്തെ സുപ്രധാന കണ്ണിയായി കൊടപ്പനയ്ക്കൽ തറവാട് മാറിയത്. 

പിതാവിനു ശേഷം രണ്ടു സംഘടനകളിലും സുപ്രധാന പദവികൾ ഒരേ സമയം വഹിച്ച അപൂർവത ഹൈദരലി ശിഹാബ് തങ്ങൾക്ക് അവകാശപ്പെട്ടതാണ്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെ അദ്ദേഹം സുന്നി യുവജന സംഘം പ്രസിഡന്റായിരുന്നു. പിന്നീട് സമസ്തയുടെ വൈസ് പ്രസിഡന്റ് പദവിയും വഹിച്ചു.

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ സമസ്തയ്ക്കു കീഴിലുള്ള ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, രക്ഷാധികാരി പദവികൾ വഹിച്ചിട്ടുണ്ട്. എന്നാൽ, സമസ്തയിൽ ഔദ്യോഗിക ഭാരവാഹിയായിട്ടില്ല. മറ്റൊരു സഹോദരൻ ഉമറലി ശിഹാബ് തങ്ങൾ സമസ്തയുടെ സമുന്നത നേതാവായിരുന്നു. സുന്നി യുവജന സംഘം പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. കേരള വഖഫ് ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചു. എന്നാൽ, മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു. 

പൂക്കോയ തങ്ങളുടെ മരണശേഷം രാഷ്ട്രീയ രംഗത്ത് മുഹമ്മദലി ശിഹാബ് തങ്ങളും മതരംഗത്ത് ഉമറലി ശിഹാബ് തങ്ങളും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. 

ഇരുവരും വിട പറഞ്ഞപ്പോൾ രണ്ടു ചുമതലകളും ഹൈദരലി തങ്ങൾ തോളിലേറ്റി. ഇടയ്ക്ക് ചില പ്രശ്നങ്ങളിൽ ലീഗിനും സമസ്തയ്ക്കും ഭിന്ന സ്വരമാണെന്ന വാർത്തകൾ പ്രചരിച്ചപ്പോൾ സമന്വയത്തിനു മുൻകയ്യെടുത്തതും ഇദ്ദേഹംതന്നെ. 

പാണക്കാട് നടന്ന ഒറ്റ ചർച്ചയോടെ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമായി. പഠനകാലത്തുതന്നെ സമസ്തയുമായി അടുത്ത ബന്ധമുണ്ട് ഹൈദരലി ശിഹാബ് തങ്ങൾക്ക്. സമസ്ത സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) എന്ന വിദ്യാർഥി സംഘടനയ്ക്കു രൂപം നൽകിയപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. പിന്നീട് എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് പദവികളും വഹിച്ചു.

 

English Summary: Sayed Hyderali Shihab Thangal and Samastha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com