ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ മെഡിക്കൽ സംരംഭക ആവാസവ്യവസ്ഥ സൃഷ്ടിക്കാനായി മെഡിക്കൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയെല്ലാം കൂട്ടിയിണക്കി സർക്കാർ മെഡിക്കൽ കൺസോർഷ്യം  രൂപീകരിക്കുന്നു. ബജറ്റിലെ പ്രഖ്യാപനത്തെത്തുടർന്നാണു നടപടി. തിരുവനന്തപുരത്തു മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കാൻ കിഫ്ബി വഴി 100 കോടി അനുവദിക്കും. ഇൻക്യുബേഷൻ സെന്ററുകൾക്കാണു പാർക്കിൽ മുൻഗണന. 

യുകെ ബയോ ബാങ്ക് പോലെയുള്ള രാജ്യാന്തര മാതൃകകൾക്ക് അനുസൃതമായി മെഡിക്കൽ, കാർഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട ‘ജീനോമിക് ഡേറ്റ’ സൃഷ്ടിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമായി കേരള ജീനോം ഡേറ്റാ സെന്റർ സ്ഥാപിക്കും. കെ–ഡിസ്ക് വഴിയാണ് ഇതു നടപ്പാക്കുക.

ഗവേഷണ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബയോടെക് കമ്പനികൾ, ബയോ ഇൻഫർമാറ്റിക്‌സ് ആൻഡ് ഡയഗ്നോസ്റ്റിക് സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കായി വലിയ അളവിൽ ജീനോമിക് ഡേറ്റ സംഭരിക്കാൻ കഴിവുള്ള ഡേറ്റാ സെന്റർ കേരള സർവകലാശാലയുമായി സഹകരിച്ചു സ്ഥാപിക്കും. പദ്ധതിക്ക് 5 വർഷം കൊണ്ട് 500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സൂക്ഷ്മാണുക്കളുടെയും അവയുടെ ജനിതക ഘടകങ്ങളുടെയും പ്രത്യേക പരിതസ്ഥിതിയിലെ ഇടപെടലുകളുടെ ആകെത്തുകയായ മൈക്രോബയോം സംബന്ധിച്ച പഠന ഗവേഷണത്തിനു പ്രോത്സാഹനം നൽകും. മനുഷ്യശരീരം, ചർമം, മണ്ണ് എന്നിവയിലെ സൂക്ഷ്മാണുക്കളെക്കുറിച്ചുള്ള പഠനമാണ് ഇതിൽ പ്രധാനം. 

കോവിഡ് പശ്ചാത്തലത്തിൽ വർധിച്ചുവരുന്ന രോഗാവസ്ഥയും വാർധക്യ പ്രശ്‌നങ്ങളും പരിഹരിക്കാനും മൈക്രോബയോം ഗവേഷണം ലക്ഷ്യമിടുന്നു. ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ മൈക്രോബയോമിൽ സ്ട്രാറ്റജിക് പ്രോഗ്രാമും മികവിന്റെ കേന്ദ്രവും രൂപീകരിക്കുന്നതിനുള്ള നടപടിക്കു കെ–ഡിസ്ക് നേതൃത്വം നൽകും. പ്രാരംഭ ചെലവിന് 5 കോടി വകയിരുത്തി.

രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും പ്രയോജനകരമാകുന്ന ഭക്ഷണപദാർഥമായ ‘ന്യൂട്രാസ്യൂട്ടിക്കൽ’ മേഖലയിലും ഗവേഷണത്തിനു കെ ഡിസ്ക് അവസരമൊരുക്കും. ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കു കെ ഡിസ്ക് രൂപം നൽകും. പദ്ധതി രേഖ തയാറാക്കുന്നതിന് 25 ലക്ഷം ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 

Content Highlights: Entrepreneurship, Medical Consortium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com