കൊച്ചി∙ ലൈംഗിക പീഡന ആരോപണങ്ങളിൽ കുടുങ്ങിയ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി കേരളത്തിലോ അയൽ സംസ്ഥാനങ്ങളിലോ ഉണ്ടെന്നു കരുതുന്നതായി പൊലീസ്. പ്രതി ദുബായിലേക്കു പോയെങ്കിലും 3 ദിവസം മുൻപു തിരിച്ചു കേരളത്തിലെത്തിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. ഇയാളുടെ പാസ്പോർട്ട് പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രതിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം പ്രതിക്കെതിരെ ഇന്നലെ ഒരു കേസു കൂടി റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ പ്രതിക്കെതിരെയുള്ള കേസുകളുടെ എണ്ണം നാലായി. ഒളിവിലിരിക്കെ മുൻകൂർ ജാമ്യത്തിനു പ്രതി ശ്രമിക്കുന്നുണ്ടെന്നാണു സൂചന. വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനത്തിൽ വച്ചു അനീസ് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഓസ്ട്രേലിയയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി പരാതി നൽകിയത്. സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ മെയിൽ മുഖേനയാണു പരാതി നൽകിയത്.
2015 ഏപ്രിലിൽ വിവാഹത്തിനു മേക്കപ് ചെയ്യാൻ ചെന്നപ്പോൾ സാരി ഉടുപ്പിച്ചു നൽകുന്നതിനിടെ അനാവശ്യമായി സ്പർശിച്ചെന്നാണു യുവതിയുടെ പരാതി. വിവാഹ മേക്കപ്പിനായി അനീസ് അൻസാരിയെ ബുക് െചയ്തിരുന്നവർ പണം തിരികെ വാങ്ങാൻ സ്റ്റുഡിയോയിൽ എത്തുന്നുണ്ട്.
English Summary: One more case against makeup artist