ADVERTISEMENT

കോട്ടയം ∙ --‘കൈ കൃഷ്ണമുദ്രയിൽ. മുദ്രയുടെ വിപരീതദിശയിലേക്ക് ദൃഷ്ടിയും പുരികവും ഇളക്കിച്ചിരിച്ച് പ്രസന്ന മുഖഭാവം. പാദങ്ങളെ ഒന്നിനൊന്ന് കുറുകെവച്ച് ചിലങ്കകെട്ടുന്ന ഭാഗം ഒന്നിനുമേൽ ഒന്നു വരത്തക്കവിധം വച്ചാൽ പുല്ലാങ്കുഴൽ വിളിക്കുന്ന ശ്രീകൃഷ്ണന്റെ പാദസ്ഥാനമായി.’ എഴുപത്തിമൂന്നും പതിമൂന്നും വയസ്സുള്ള ശിഷ്യർ ഒരേ കളരിയിൽ ചിട്ടകൾ കടുകിട തെറ്റിക്കാതെ പരിശീലനം പൂർത്തിയാക്കി. നാളെയാണ് അരങ്ങേറ്റം. കഥകളി അരങ്ങിൽ പ്രായവ്യത്യാസമില്ലാതെ ചുട്ടിയും ചമയവുമായി കൗതുകമാവുകയാണ് ഇവരുടെ ‘പുറപ്പാട്.’

എക്സൈസിൽ സിഐയായി വിരമിച്ച കുടമാളൂർ സായ്നിവാസിൽ വി.ജി.ശ്യാം (73), ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ നീലാംബരി, ദേവീനന്ദന എന്നിവരാണു കഥകളിയിൽ ‘പുറപ്പാടിന്റെ’ പരിശീലനം പൂർത്തിയാക്കിയത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നാളെ രാത്രി 10നാണ് അരങ്ങേറ്റം.

കഥകളിനടൻ പരേതനായ മാത്തൂർ ഗോവിന്ദൻകുട്ടിയുമായുള്ള സൗഹൃദമാണു ശ്യാമിനെ കഥകളിയിലേക്ക് എത്തിച്ചത്. മാത്തൂരാശാനു ദക്ഷിണ നൽകി 3 വർഷം മുൻപ് പരിശീലനം ആരംഭിച്ചു. ആശാന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനും കഥകളി നടനുമായ കുടമാളൂർ മുരളീകൃഷ്ണന്റെ ശിക്ഷണത്തിലായി പഠനം. കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ തറവാട് ഉൾപ്പെടുന്ന കഥകളിപഠന അരങ്ങിൽ ഏറ്റവും പ്രായംകൂടിയ വിദ്യാർഥിയാണു ശ്യാമെന്നു മുരളീകൃഷ്ണൻ പറഞ്ഞു.

കുടമാളൂർ കൊടയ്ക്കാട്ട് കെ.ജി.സുധീർബാബുവിന്റെയും (മെഡിക്കൽ റെപ്പ്) ശ്രീരേഖയുടെയും (എൻബിഎസ് ഉദ്യോഗസ്ഥ) മകളാണ് ദേവീ നന്ദന. പാലാ എക്സൈസ് പ്രിവന്റീവ് ഓഫിസർ അയ്മനം പാണ്ഡവം ആവണിപ്പൊയ്കയിൽ കെ.എസ്.സുമോദിന്റെയും കോട്ടയം ഡിഇഒ ഓഫിസ് ഉദ്യോഗസ്ഥ യു.പി.സുജാകുമാരിയുടെയും മകളാണ് നീലാംബരി.

English Summary: 73 year old man learn Kathakali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com