ADVERTISEMENT

കണ്ണൂർ ∙ യുക്രെയ്നിലെ യുദ്ധത്തിന്റെ കാര്യത്തിൽ റഷ്യയെ ന്യായീകരിച്ച് സിപിഎം, റഷ്യയെ വിമർശിച്ച് സിപിഐ (എംഎൽ). രണ്ടു നിലപാടും പാർട്ടി കോൺഗ്രസ് വേദിയിൽത്തന്നെ വ്യക്തമാക്കപ്പെട്ടു. 

യുഎസിന്റെ സാമ്രാജ്യത്വ താൽപര്യങ്ങളുടെ ഭാഗമായി യുക്രെയ്നിനെ ഉൾപ്പെടുത്തി നാറ്റോ വികസിപ്പിക്കാനുള്ള ശ്രമവും അതിലൂടെയുള്ള ഭീഷണിയുമാണ് യുദ്ധത്തിന്റെ കാരണമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. യുദ്ധം ഉടൻ അവസാനിക്കണം. യുദ്ധവും റഷ്യയ്ക്കെതിരെയുള്ള പ്രമേയങ്ങളിൽനിന്ന് സ്ഥിരമായി വിട്ടുനിൽക്കുകയെന്ന ഇന്ത്യൻ നിലപാടും യുഎസിന്റെ സൈനിക സഖ്യത്തിന്റെ ഭാഗമായിരിക്കുകയെന്ന മോദി സർക്കാരിന്റെ താൽപര്യത്തിലെ വ്യർഥതയാണ് വ്യക്തമാക്കുന്നത്. ഇന്ത്യ സ്വതന്ത്ര വിദേശ നയം ഉയർത്തിപ്പിടിക്കുകയും യുഎസും ജപ്പാനും ഓസ്ട്രേലിയയും കൂടി ഉൾപ്പെടുന്ന ചതുർരാഷ്ട്ര കൂട്ടായ്മയായ ക്വാഡിൽനിന്ന് പിന്മാറുകയും വേണം – യച്ചൂരി പറഞ്ഞു. 

പാർട്ടി കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വായിക്കാൻ അയച്ചു നൽകിയ പ്രസംഗത്തിൽ സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ റഷ്യയെ നിശിതമായി വിമർശിച്ചു. സ്വതന്ത്ര യുക്രെയ്ൻ എന്നതു ലെനിന്റെ പിഴവാണെന്നും യുക്രെയ്നിനെ ബോംബ് ചെയ്ത് ആ പിഴവു തിരുത്തുന്നുവെന്നുമാണ് പുട്ടിൻ പറയുന്നത്. ഇപ്പോഴത്തെ യുദ്ധം ലെനിന്റെ പൈതൃകം നശിപ്പിക്കാനുള്ള ശ്രമമാണ്. ഇന്ത്യൻ കമ്യൂണിസ്റ്റുകൾ പുട്ടിന്റെ യുദ്ധത്തെയും യുഎസ്–നാറ്റോ വിശാലമാക്കൽ തന്ത്രത്തെയും തള്ളിക്കളഞ്ഞ് ലെനിന്റെ വിപ്ലവകരമായ പൈതൃകത്തെ പരിലാളിക്കുന്നവരും നീതിക്കും സമാധാനത്തിനുമായി ശബ്ദമുയർത്തുന്നവരുമാണ് – ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു. 

ദീപാങ്കറിനു പുറമേ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേബബ്രത ബിശ്വാസ് എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തില്ല. പകരം, പ്രസംഗം അയച്ചുനൽകി. 3 പേരുടെയും പ്രസംഗം ഉദ്ഘാടനവേദിയിൽ പിബി അംഗം എം.എ.ബേബി വായിച്ചു. പാർട്ടി കോൺഗ്രസിന് അഭിവാദ്യം അർപ്പിച്ച് ചൈനയിലേതുൾപ്പെടെ 37 കമ്യൂണിസ്റ്റ് പാർട്ടികൾ‍ അയച്ച സന്ദേശങ്ങളും ബേബി വായിച്ചു. 

Content Highlight: CPM Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com