ADVERTISEMENT

തിരുവനന്തപുരം ∙ വാഹന ഉടമയും മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും തമ്മിൽ പൊലീസ് സ്റ്റേഷനിൽ നടന്ന തർക്കം ക്യാമറയിൽ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ ഇട്ട് അപമാനിച്ചെന്ന പരാതിയിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ ട്രാൻസ്പോർട്ട് കമ്മിഷണർ നേരിട്ട് അന്വേഷണം നടത്തണമെന്നു മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.  ഗതാഗത നിയമലംഘനത്തിന്റെ പേരിൽ 12500 രൂപ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ നിധീഷിനെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ് നൽകിയത്.  ചിറയിൻകീഴ് വലിയകട സ്വദേശി അജയകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.  

അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറി കടയിലെ അതിഥി തൊഴിലാളി ഓടിച്ച സ്കൂട്ടറിനാണ് എംവി ഐ 10,000 രൂപ പിഴയിട്ടത്.  അമിതമായ ഫീസടയ്ക്കാൻ കഴിയില്ലെന്നും കേസ് കോടതിയിലേക്ക് റഫർ ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോഴാണ്  എംവിഐ തട്ടിക്കയറിയത്.  തുടർന്ന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ എം വി ഐ വിളിച്ചു വരുത്തി.  പരാതിക്കാരനെ സ്റ്റേഷനിൽ കൊണ്ടു പോയി 12500 രൂപ പിഴയടപ്പിച്ചു.  ഈ രംഗങ്ങൾ എംവിഐ തന്റെ ഔദ്യോഗിക ക്യാമറയിൽ ചിത്രീകരിച്ച്  സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി.  

ട്രാൻസ്പോർട്ട് കമ്മിഷണറും ആറ്റിങ്ങൽ ഡിവൈഎസ്പിയും കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ചു.  എംവിഐയുമായി നടന്ന തർക്കമറിഞ്ഞാണ് പൊലീസ് ഇൻസ്പെക്ടർ സ്ഥലത്തെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.  വാഹന പരിശോധനയുടെ നിജസ്ഥിതി പൊതു ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് വിഡിയോ ചിത്രീകരിക്കുന്നതെന്നും ഈ സംഭവത്തിൽ വീഡിയോ ചിത്രീകരണം ഒഴിവാക്കാമായിരുന്നുവെന്നും ഡിവൈഎസ്പി അറിയിച്ചു.  എന്നാൽ പരാതിക്കാരനെ തേജോവധം ചെയ്യാൻ എംവിഐ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ കുറിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ തന്റെ റിപ്പോർട്ടിൽ നിശബ്ദത പാലിച്ചതായി കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.  ഇത് അന്വേഷണത്തിന്റെ ഭാഗമാക്കാൻ കമ്മിഷൻ തീരുമാനിച്ചു.  തുടർന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ നേരിട്ട് അന്വേഷണം നടത്തി മേയ് 13 ന് മുൻപ് റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

 

English Summary: Cyber attack: Investigation against Motor vehicle Inspector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com