ADVERTISEMENT

പത്തനംതിട്ട ∙ ഡിവൈഎഫ്ഐ സമ്മേളനത്തിന് ആളെ കൂട്ടാൻ വാട്സാപ്പിൽ സന്ദേശം അയച്ചത് കുടുംബശ്രീ ഏരിയ ഡവലപ്മെന്റ് സൊസൈറ്റി (എഡിഎസ്) അധ്യക്ഷ തന്നെയെന്നു ജില്ലാ മിഷൻ സമ്മതിച്ചു. 

‘സ്ത്രീശാക്തീകരണ സെമിനാർ എന്നു കരുതിയാണ് സന്ദേശം അയച്ചത്. ഡിവൈഎഫ്ഐ പരിപാടിയാണെന്ന് അറിയില്ലായിരുന്നു’ എന്നാണ് വിശദീകരണം നൽകിയതെന്നും ഇതു തൃപ്തികരമാണെന്നും ജില്ലാ മിഷൻ.  പങ്കാളിത്തം കുറയാതിരിക്കാനാണ് ഫൈൻ ഈടാക്കുമെന്ന് എഡിഎസ് അധ്യക്ഷ പറഞ്ഞതെന്നും ഇക്കാര്യം അംഗീകരിച്ചതായും കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.എച്ച്.സെലീന അറിയിച്ചു. എഡിഎസ് അധ്യക്ഷയ്ക്കെതിരെ തുടർ നടപടികൾ ഉണ്ടാകില്ലെന്നും അവർ പറഞ്ഞു. 

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ എഡിഎസു മാർക്ക് ഇന്നലെ ജില്ലാ മിഷൻ പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകി. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ക്ലാസ്. 

ഡിവൈഎഫ്ഐ സമ്മേളനത്തിൽ ആശാ വർക്കർമാർ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശവും ഇതിനിടെ പുറത്തു വന്നു. എന്നാൽ, ഇതിന്റെ ആധികാരികത ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. 

അതേസമയം, സിഡിഎസ് അധ്യക്ഷ ഡിവൈഎഫ്ഐ നേതാക്കൾക്കൊപ്പം വാർത്താ സമ്മേളനം നടത്തിയതിനെതിരെ പരക്കെ ആക്ഷേപം ഉയർന്നു.  കോന്നി എംഎൽഎ കെ.യു.ജനീഷ്കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകർ എന്നിവർക്കൊപ്പമാണ് കുടുംബശ്രീ കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി അധ്യക്ഷ മാധ്യമങ്ങളെ കണ്ടത്. സിപിഎം പോഷക സംഘടനയുടെ നേതാക്കൾക്കൊപ്പം കുടുംബശ്രീ ഭാരവാഹി മാധ്യമങ്ങളെ കണ്ടത് ചട്ടവിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. എഡിഎസിന്റെ പേരിലുള്ള ശബ്ദ സന്ദേശം കോൺഗ്രസ് സൃഷ്ടിയാണെന്ന വാദമാണ് എംഎൽഎയും ഡിവൈഎഫ്ഐ നേതാക്കളും വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. 

English Summary: District mission pardon Kudumbasree ADS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com