ADVERTISEMENT

തലശ്ശേരി ∙ സിപിഎം പ്രവർത്തകൻ പുന്നോൽ കെ.ഹരിദാസൻ വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽദാസ് പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ സംഭവത്തിലും പ്രതിയെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തതിനെത്തുടർന്നു വീട് ആക്രമിച്ചതിലും സിപിഎം പ്രാദേശിക നേതൃത്വത്തിനു വീഴ്ചയുണ്ടായെന്നു വിമർശനം.

പാർട്ടി അംഗങ്ങളും അനുഭാവികളുമായവരുടെ വീടുകൾ ചുറ്റുമുണ്ടായിട്ടും സിപിഎം പ്രവർത്തകന്റെ കൊലപാതകക്കേസിൽ പ്രതിയായ നിജിൽദാസ് ഇവിടെ ഒളിവിൽ താമസിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് പ്രാദേശിക നേതാക്കൾക്കെതിരെ ഉയരുന്നത്.

വെള്ളിയാഴ്ച പുലർച്ചെ പ്രതിയെ ഇവിടെ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം രാത്രി എട്ടരയോടെ ഒരുസംഘം വീടു വളഞ്ഞ് ജനൽച്ചില്ലുകൾ തല്ലിത്തകർത്തതും ബോംബുകളെറിഞ്ഞതും പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയെന്നു മുതിർന്ന പാർട്ടി പ്രവർത്തകർക്ക് അഭിപ്രായമുണ്ട്. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്നു വിളിപ്പാടകലെയുള്ള വീട്ടിൽ ബോംബ് എറിഞ്ഞത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയായും വിമർശിക്കപ്പെട്ടു.  

പി.രേഷ്മയെ ജാമ്യത്തിലിറക്കിയതും സംരക്ഷിക്കുന്നതും ബിജെപി ആണ്. ജാമ്യമെടുക്കാൻ എത്തിയതു ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയാണ്. കോടതിയിൽ ഹാജരായ അഭിഭാഷക പരിഷത്ത് നേതാവും. നിജിൽ പ്രതിയാണ് എന്നറിഞ്ഞു കൊണ്ടാണ് സഹായം നൽകിയതെന്നു രേഷ്മ നൽകിയ മൊഴിയിലുണ്ട്. സൈബർ ആക്രമണം ശരിയല്ല. എന്നാൽ കൊലക്കേസ് പ്രതിക്ക് വീടൊരുക്കി ഭക്ഷണം വിളമ്പി എന്നു പറയുന്നതിൽ തെറ്റില്ല.

കേസിൽ അറസ്റ്റിലായ അധ്യാപിക രേഷ്മ, ജാമ്യം ലഭിച്ചതിനെത്തുടർന്ന് ജയിലിൽ നിന്നു പുറത്തുവന്നപ്പോൾ സ്വീകരിക്കാൻ തലശ്ശേരി നഗരസഭയിലെ ബിജെപി കൗൺസിലർ കെ.അജേഷ് എത്തിയത് ഇവരുടെ സംഘപരിവാർ ബന്ധത്തിനു തെളിവായി സിപിഎം ചൂണ്ടിക്കാട്ടുന്നു.  

രേഷ്മ പരാതി നൽകി 

 അറസ്റ്റിലായ കെ.രേഷ്മ മുഖ്യമന്ത്രിക്കു പരാതി നൽകി. പൊലീസ് മാനുഷിക പരിഗണന നൽകിയില്ലെന്നും സിപിഎമ്മിന്റെ ഉന്നത നേതാക്കളും സിപിഎം ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അപമാനിക്കുകയും അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്. 

English Summary: Haridas murder case; Reshma's involvement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com