ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രവർത്തക സമിതി അംഗത്വമുൾപ്പെടെയുള്ള പദവികൾ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ചാകും ഇനിയുള്ള പ്രവർത്തനമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് ഇന്നു നാട്ടിലേക്ക് മടങ്ങുന്ന ആന്റണി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.

രണ്ടു തവണ കോവിഡ് പിടിപെട്ടതുൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും അലട്ടുന്നുണ്ട്. ഡോക്ടർമാരുടെ നിർദേശപ്രകാരം ഏറക്കുറെ പൂർണവിശ്രമത്തിലായിരിക്കും അടുത്ത രണ്ടു മാസം. അതുകൊണ്ടു തന്നെ ഉദയ്പുരിൽ മേയ് 13 തുടങ്ങുന്ന ചിന്തൻ ശിബിരത്തിൽ പങ്കെടുക്കില്ലെന്നും ആന്റണി പറഞ്ഞു.

ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും അറിയാത്തവരാണ് ആ കുടുംബത്തിനു പുറത്തുനിന്നുള്ളയാൾ കോൺഗ്രസിനെ നയിക്കണമെന്നു പറയുന്നതെന്ന് ആന്റണി പറഞ്ഞു. ഗാന്ധി കുടുംബം നേതൃത്വം നൽകാത്ത കോൺഗ്രസിനു പ്രവർത്തകരെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല.  എതിർക്കുന്നവരെ നശിപ്പിക്കുന്ന സ്വഭാവമായിരുന്നു ഗാന്ധി കുടുംബത്തിനെങ്കിൽ പ്രധാന ഇര താനാകുമായിരുന്നു. അതുണ്ടായില്ല. പാർട്ടി വിട്ടുപോയി തിരിച്ചുവന്നപ്പോൾ തനിക്കു കൂടുതൽ പദവികൾ നൽകുകയാണ് ഇന്ദിരാ ഗാന്ധി ചെയ്തത്. രാജീവ് ഗാന്ധിയും സോണിയയും രാഹുലും ഉൾപ്പെടെ എല്ലാവരുമായും ചേർന്നുനിന്നാണു പ്രവർത്തിച്ചത്.

2024 ൽ കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്. ബിജെപി ഇതര സർക്കാരുണ്ടാകാൻ കോൺഗ്രസിന്റെ മുഖ്യപങ്കാളിത്തം അനിവാര്യമാണ്. കോൺഗ്രസ് ഇപ്പോഴും പ്രസക്തമാണ്. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും 5 പ്രവർത്തകരെങ്കിലും ഉള്ള പാർട്ടിയാണ് കോൺഗ്രസ്.  ചിന്തൻ ശിബിരം കഴിയുന്നതോടെ പാർട്ടി ഇടപെടലുകളിൽ നിർണായക മാറ്റങ്ങളുണ്ടാകും – ആന്റണി പറഞ്ഞു.

 

Enlish Summary: AK Antony bids goodbye to electoral politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com