ADVERTISEMENT

കോഴിക്കോട് ∙ മറയൂർ കാടുകളിലെ ചന്ദന മരങ്ങളെ സംരക്ഷിക്കാൻ കോവിഡ് പ്രതിരോധത്തിനു സ്വീകരിച്ച മാർഗങ്ങൾ പകർത്താൻ സംസ്ഥാന വനം വകുപ്പ്. രോഗം ബാധിച്ച മരങ്ങൾ പിഴുതു മാറ്റാനും മരങ്ങൾക്കിടയിൽ ‘സാമൂഹിക അകലം’ നില നിർത്താനും ‘സമ്പർക്ക വിലക്ക്’ നടപ്പാക്കാനും വനം വകുപ്പ് തീരുമാനിച്ചു. നിലവിലുള്ള മരങ്ങൾക്ക് രോഗ ബാധയുണ്ടോ എന്ന് മുൻകൂട്ടി കണ്ടെത്താൻ കോവിഡ് പരിശോധനാ കിറ്റിന്റെ മാതൃകയിൽ പിസിആർ പരിശോധനാ മാർഗങ്ങൾ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും (കെഎഫ്ആർഐ) കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജെനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്ങും (ഐഎഫ്ജിടിബി) വികസിപ്പിച്ചിട്ടുണ്ട്. 

പ്രതിരോധമോ ചികിൽസയോ ഇല്ലാത്ത സ്പൈക്ക് ഡിസീസ് ആണ് ചന്ദനമരങ്ങളെ ബാധിച്ചിരിക്കുന്നത്. മറ്റു മരങ്ങളിലേക്ക് ഇതു പടരാനും സാധ്യതയുണ്ട്. അതിനാൽ രോഗം വന്ന മരങ്ങൾ വേരോടെ പിഴുതു മാറ്റാനാണ് തീരുമാനമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. ഇതിൽ വിൽക്കാൻ പറ്റുന്നവ ഡിപ്പോയിലേക്ക് മാറ്റും. ഇതിന്റെ മറവിൽ ചന്ദന മരങ്ങൾ വ്യാപകമായി മുറിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

വെട്ടേണ്ട മരം 2000

കേടു വന്ന രണ്ടായിരത്തോളം മരങ്ങൾ വെട്ടേണ്ടി വരും എന്നാണ് കണക്ക്. ഒരു മരം ശരാശരി 50 കിലോ എന്ന് കണക്കാക്കിയാൽ പോലും 160 കോടി രൂപയുടെ വന വിഭവമാണ് പാഴാകുന്നത്.

മരം ഉണക്കും സ്പൈക്ക് ഡിസീസ്

മറയൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു പിൻവശത്തുള്ള രണ്ടായിരത്തോളം മരങ്ങളിലാണ് ‘സാൻഡൽ വുഡ് സ്പൈക്ക് ഡിസീസ്’ എന്ന രോഗം ബാധിച്ചിരിക്കുന്നത്. വൈറസിനെക്കാൾ സൂക്ഷ്മമായ ഫൈറ്റോ പ്ലാസ്മകളാണ് ഈ രോഗം പരത്തുന്നത്. ഇതു ബാധിച്ചു കഴിഞ്ഞാൽ 2 വർഷത്തിനുള്ളിൽ ഇലകൾ ചുരുങ്ങി മുള്ളുകൾ പോലെയാകും. ശാഖകളുടെ വലുപ്പം കുറയും. വൈകാതെ മരം ഉണങ്ങിക്കരിഞ്ഞു പോകും. 

ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച് ആൻഡ് എജ്യൂക്കേഷന്റെ (ഐസിഎഫ്ആർഇ) 4 ഗവേഷണ സ്ഥാപനങ്ങളും കെഎഫ്ആർഐയും ചേർന്നുള്ള ഗവേഷണമാണ് നടക്കുന്നത്. 

ഐഎഫ്ജിടിബിയിലെ ഡോ.മധുമിത ദാസ് ഗുപ്തയാണ് പഠനങ്ങൾ ഏകോപിപ്പിക്കുന്നത്. കെഎഫ്ആർഐയിൽ ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ബയോ ടെക്നോളജി ഡിവിഷൻ സീനിയർ സയന്റിസ്റ്റ് ഡോ.സുമ അരുൺദേവും റിസർച് ഫെലോ രേഷ്മ ഭാസ്കറും നേതൃത്വം നൽകുന്നു. മണ്ണാർക്കാട്, പെരിയാർ, തെന്മല, ചാലക്കുടി ഡിവിഷനുകളിലെ ചന്ദന മരങ്ങൾക്ക് രോഗം വന്നിട്ടില്ല. 

മറയൂർ ചന്ദന വനം 

മറയൂരിൽ 57,000 ചന്ദനമരങ്ങളാണുള്ളത്. വർഷംതോറും 1000– 3000 മരങ്ങളുടെ വ്യത്യാസം ഉണ്ടാകുന്നുണ്ട്. ഇതിനനുസരിച്ച് വർഷംതോറും അയ്യായിരത്തോളം തൈകൾ വച്ചുപിടിപ്പിക്കുന്നു. 

ഏറ്റവും വിലയേറിയ മരത്തിന് 5 കോടിക്കടുത്ത് വില വരും. കൂടുതൽ തൈലം ലഭിക്കും എന്നതാണ് മറയൂർ ചന്ദനത്തിന്റെ പ്രത്യേകത. കർണാടകയിലെ 100 കിലോ ചന്ദനത്തടിയിൽ നിന്ന് 3 കിലോ തൈലം ലഭിക്കുമ്പോൾ മറയൂരിൽ 6–8 കിലോ തൈലം ലഭിക്കും. ഏറ്റവും ഗുണമേന്മയുള്ള തടി കിലോയ്ക്ക് 16,000 രൂപയാണ് ശരാശരി വില. 

മരത്തിന് പിസിആർ ടെസ്റ്റ്

കോവിഡ് പ്രതിരോധത്തിൽ വൈറസ് ബാധ കണ്ടെത്താൻ ഉപയോഗിച്ച പിസിആർ പരിശോധനാ മാതൃകയാണ് ചന്ദന മരങ്ങളിലും നടത്തുക. നേരത്തേ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചപ്പോൾ കൂടുതൽ ആവശ്യക്കാർ ഉണ്ടായിരുന്നില്ല. കിറ്റാക്കി വികസിപ്പിച്ചിട്ടില്ലെങ്കിലും വനം വകുപ്പ് ആവശ്യപ്പെട്ടാൽ, വേണ്ടത്ര സാംപിളുകൾ പരിശോധിച്ച് പഠനം നടത്താൻ സാധിക്കുമെന്ന് തൃശൂർ സ്വദേശിനിയായ ഡോ.സുമ അരുൺദേവ് പറഞ്ഞു.

Content Highlight: Sandal spike disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com