ADVERTISEMENT

കണ്ണൂർ ∙ പയ്യന്നൂർ സി.വി.ധനരാജ് രക്തസാക്ഷി കുടുംബസഹായ ഫണ്ട് തിരിമറി സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ പ്രതിരോധിക്കാനാവാതെ സിപിഎം. ‌ധനരാജ് കുടുംബസഹായ ഫണ്ടിലെ 42 ലക്ഷം രൂപ എവിടെപ്പോയെന്ന ചോദ്യമാണു സിപിഎമ്മിനെ പ്രധാനമായും അലട്ടുന്നത്. ധനരാജിനുണ്ടായിരുന്ന 15 ലക്ഷത്തോളം രൂപയുടെ വ്യക്തിപരമായ കടങ്ങൾ ധനസഹായ ഫണ്ടിൽ നിന്നു വീട്ടാതിരുന്നതിലും പ്രവർത്തകരും നേതാക്കളും അസ്വസ്ഥരാണ്. ഉത്തരവാദികളായവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും നടപടി വൈകുന്നതിൽ എതിർപ്പുമുണ്ട്.

തിരഞ്ഞെടുപ്പ് ഫണ്ട്, സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ട് എന്നിവയിലും തിരിമറി നടന്നതിന്റെ തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ധനരാജ് ഫണ്ട് ഒഴിച്ചുള്ളവയിലെ തിരിമറി സംബന്ധിച്ച് പാർട്ടി കമ്മിഷനുകൾ തന്നെ ജില്ലാ കമ്മിറ്റിക്കു റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. പക്ഷേ, ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാതെ, ‘പാർട്ടിക്കകത്തെ പ്രശ്നം’ എന്നു മാത്രം പറഞ്ഞൊഴിയുകയാണു നേതാക്കൾ. 

മെല്ലെപ്പോക്ക് പയ്യന്നൂരിൽ പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ഗുരുതരമാക്കുമെന്നാണു സൂചന. 3 ഫണ്ട് തിരിമറികളിലും ഉൾപ്പെട്ടിരിക്കുന്നത് ഒരു വിഭാഗം നേതാക്കളാണെന്നും നടപടിയെടുത്തില്ലെങ്കിൽ പാർട്ടിക്കു ഗുരുതരമായ തിരിച്ചടി നേരിടുമെന്നുമാണു വിവരം. 

42 ലക്ഷം രൂപ വക മാറ്റിയതു സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ വിശദീകരണം ദുരൂഹമാണെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. ധനരാജ് ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപ 2 നേതാക്കളുടെ പേരിൽ വ്യക്തിഗത സ്ഥിരനിക്ഷേപമായി മാറ്റിയതിനും ഇതിന്റെ പലിശയിനത്തിൽ ലഭിച്ച 5 ലക്ഷം രൂപ ഇതിലൊരു നേതാവിന്റെ വ്യക്തിഗത അക്കൗണ്ടിലേക്കു മാറ്റിയതിനും തെളിവുണ്ട്. 

പാർട്ടിക്കാരുടെ കേസ് നടത്തിപ്പിനു വേണ്ടിയെന്നു പറഞ്ഞാണ് 42 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങിയത്. ചർച്ച നടത്തുകയോ തീരുമാനിക്കുകയോ ചെയ്യാതെയാണ് ഈ സ്ഥിരനിക്ഷേപം ക്ലോസ് ചെയ്തത്. 42 ലക്ഷം രൂപ എവിടെപ്പോയെന്ന ചോദ്യമുയർന്നപ്പോഴാണ്, കെട്ടിട നിർമാണ ഫണ്ടിലേക്കു മാറ്റിയെന്ന മുടന്തൻ ന്യായം വന്നത്. എന്നാൽ, ഇതിന്റെ വ്യക്തമായ കണക്കോ രേഖകളോ ബന്ധപ്പെട്ടവർ ഇതുവരെ സമർപ്പിച്ചിട്ടുമില്ല. 

ഏരിയ കമ്മിറ്റി കെട്ടിട നിർമാണത്തിനു വേണ്ടി നടത്തിയ, 11,000 പേർ അംഗങ്ങളായ ചിട്ടിയിൽ നിന്ന് 2.5 കോടിയോളം രൂപയുടെ വരുമാനമുണ്ടായി. കെട്ടിടത്തിനു നിർമാണ സാമഗ്രികളും ഫർണിച്ചറുകളും സംഭാവനയായും സമ്മാനമായും ലഭിച്ചിട്ടുമുണ്ട്. ധനരാജ് ഫണ്ടിലെ 42 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് ഉപയോഗിക്കേണ്ട സാഹചര്യമേയില്ല. ഇതിനു പുറമെ, പാർട്ടി ഫണ്ട്, നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിലേക്കു മാറ്റുന്നതെന്തിനാണെന്നും ചോദ്യമുയരുന്നുണ്ട്. പയ്യന്നൂരിൽ പാർട്ടിയുടെ പണപ്പിരിവിന് പാർട്ടി അംഗമല്ലാത്തയാളെ നിയോഗിച്ചതായും ആരോപണമുയരുന്നുണ്ട്. 

English Summary: CPM on the defensive in martyr fund fraud issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com