ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ ഷിഗെല്ല ബാക്ടീരിയ വഴിയുള്ള അണുബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണം. ബാക്ടീരിയ പുതിയതല്ലെങ്കിലും ചെറിയ കുട്ടികൾക്ക് അപകടസാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയും യുഎസിന്റെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സിഡിസി) തയാറാക്കിയ റിപ്പോർട്ടുകളിലുള്ളത്.

ഷിഗെല്ലോസിസ്

ഷിഗെല്ല ബാക്ടീരിയകളിൽ നിന്നുള്ള അണുബാധയാണു ഷിഗെല്ലോസിസ് രോഗം. കുടലുകളെ ബാധിക്കുമ്പോഴാണു പ്രശ്നമാകുന്നത്. കേരളത്തിൽ പലയിടത്തും റിപ്പോർട്ട് ചെയ്ത ഷിഗെല്ല സോണി ഉൾപ്പെടെ 4 തരം ഷിഗെല്ലകളാണു പ്രധാനം. 

ലക്ഷണം

രക്തം കലർന്ന വയറിളക്കം, പനി, വയറുവേദന, വയറു പൂർണമായി ഒഴിഞ്ഞിട്ടില്ലെന്ന തോന്നൽ എന്നിവയുണ്ടാകും. അണുബാധയുണ്ടായി 1-2 ദിവസത്തിനു ശേഷം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. 7 ദിവസം വരെ തുടരും. മലവിസർജനം ഉൾപ്പെടെ ശരിയാകാൻ സമയമെടുക്കും. 

അപകടസാധ്യതയുള്ള വിഭാഗം

എല്ലാ പ്രായക്കാരെയും ബാധിക്കാമെങ്കിലും കുട്ടികളാണ് ഈ വിഭാഗത്തിലുള്ളത്. കുറഞ്ഞ പ്രതിരോധശേഷിയുള്ളവരും ശുചിത്വം കുറഞ്ഞ ഇടങ്ങളിലേക്കു യാത്ര ചെയ്യേണ്ടി വരുന്നവരും ശ്രദ്ധ പുലർത്തണം. സുരക്ഷിതമല്ലാത്തതും പ്രകൃതിവിരുദ്ധവുമായ ലൈംഗികബന്ധവും രോഗബാധയുണ്ടാക്കാം. 

രോഗസ്ഥിരീകരണം

മലത്തിന്റെ സാംപിൾ പരിശോധിച്ചാണു രോഗം സ്ഥിരീകരിക്കുന്നത്.

ചികിത്സയും മരുന്നും

മിക്കവരും ആന്റിബയോട്ടിക് മരുന്നുകളില്ലാതെതന്നെ 5-7 ദിവസം കൊണ്ടു രോഗമുക്തി നേടും. ഒആർഎസ് ഉൾപ്പെടെ നിർജലീകരണം ഒഴിവാക്കാൻ ആവശ്യമായ പരിചരണം മതിയാകും. എന്നാൽ, മറ്റു ഗുരുതര രോഗമുള്ളവർക്കും കുറഞ്ഞ പ്രതിരോധശേഷിയുള്ളവർക്കും ആന്റിബയോട്ടിക് വേണ്ടിവരും. 

രോഗവഴികൾ

വൃത്തിഹീനമായ സാഹചര്യത്തിൽനിന്നോ വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയോ ഷിഗെല്ല ഉള്ളിലെത്താം. കുട്ടികളുടെ ഡയപ്പറിൽനിന്നു തുടങ്ങി ശുചിമുറിയിലെ പ്രതലത്തിൽനിന്നു വരെ പിടിപെടാം. ഷിഗെല്ല ബാധിച്ചയാൾ ഭക്ഷണം തയാറാക്കുമ്പോഴും മറ്റും പൂർണ ശുചിത്വം പാലിച്ചില്ലെങ്കിൽ രോഗവ്യാപനത്തിനു സാധ്യത. 

കരുതൽ വേണം

വയറിളക്കമുള്ളവർ സോപ്പും വെള്ളവും ഉപയോഗിച്ചു ശുചിത്വം ഉറപ്പാക്കുക പ്രധാനം. കുട്ടികളുടെ ഡയപ്പർ മാറുമ്പോൾ മുതൽ ഭക്ഷണം പാകം ചെയ്യുമ്പോൾ വരെ ശ്രദ്ധിക്കണം. യാത്രകളിൽ ശുദ്ധജലവും നല്ല ഭക്ഷണവും ഉറപ്പാക്കുക. രോഗമുക്തി നേടിയാലും ഏതാനും നാളുകൾ കൂടി മറ്റുള്ളവരിലേക്കു പകരാനുള്ള സാധ്യതയുണ്ട്. 

Content Highlights: Shigella bacteria, Shigella disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com