മദ്യവില വർധിപ്പിച്ചേക്കും; കമ്പനികൾക്ക് ഇളവുകൾ

HIGHLIGHTS
  • സ്പിരിറ്റ് വില ഉയർന്നു, ഉൽപാദനച്ചെലവ് കൂടി
liquor-bottles
ഫയൽചിത്രം
SHARE

തിരുവനന്തപുരം ∙ ഉൽപാദനച്ചെലവ് വർധിച്ചതിനെ തുടർന്ന് മദ്യക്കമ്പനികൾ ആവശ്യം ശക്തമാക്കിയതോടെ, 4 വർഷത്തിനുശേഷം മദ്യവില വർധനയ്ക്കു വഴിയൊരുങ്ങി. വിൽപനയ്ക്കനുസരിച്ചു കമ്മിഷൻ ഈടാക്കുന്ന സ്ലാബ് സംവിധാനം മദ്യക്കമ്പനികളുടെ സമ്മർദത്തെ തുടർന്നു ബവ്റിജസ് കോർപറേഷൻ ഒഴിവാക്കി. എക്സൈസ് ഡ്യൂട്ടി കമ്പനികൾ നേരിട്ട് അടയ്ക്കണമെന്ന നിബന്ധനയിലും ഇളവു നൽകി. 

4 വർഷം മുൻപ് 7% വിലവർധനയാണു നടപ്പാക്കിയത്. പിന്നീട് സ്പിരിറ്റ് വില 20 ശതമാനത്തോളം ഉയർന്നതും വേതനം വർധിച്ചതും മദ്യക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് വിലവർധിപ്പിക്കാമെന്ന ശുപാർശ ബവ്കോ സർക്കാരിനു സമർപ്പിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ തീരുമാനം നീളും. 

ഓരോ ബ്രാൻഡും വിൽക്കുന്നതിനു ബവ്കോയ്ക്ക് കാഷ് ഡിസ്കൗണ്ട് എന്ന പേരിൽ കമ്പനികൾ 7.5% കമ്മിഷൻ നൽകിയിരുന്നു. കൂടുതൽ വിൽപനയുള്ള ബ്രാൻഡുകൾക്കു കൂടുതൽ കമ്മിഷനെന്ന സ്ലാബ് രീതിയാണ് ഉപേക്ഷിച്ചത്. കമ്പനികൾ മുൻകൂറായി അടയ്ക്കേണ്ട എക്സൈസ് ഡ്യൂട്ടി ഏപ്രിൽ മുതൽ നേരിട്ടടയ്ക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും ജൂൺ വരെ നീട്ടി. കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾ നൽകുന്ന 14% വിറ്റുവരവ് നികുതി (ടേൺ ഓവർ ടാക്സ്) ഒഴിവാക്കാനും ധാരണയായി. കേരളത്തിലെ കമ്പനികൾക്ക് ഈ വർഷത്തെ ടെൻഡറിൽ പങ്കെടുക്കാനുള്ള സമയം 31 വരെ നീട്ടി നൽകി. 

പെട്ടെന്നുള്ള വിലവർധന ഒഴിവാക്കാനും മദ്യവിതരണം സുഗമമാക്കാനുമാണ് ഇളവുകളെങ്കിലും വിതരണം സാധാരണ നിലയിലെത്തിയിട്ടില്ല. ലീറ്ററിന് 600 രൂപയിൽ താഴെ വിലയുള്ള ‘ചീപ് ലിക്കർ’ മദ്യത്തിന്റെ വരവ് പകുതിയായി. കഴിഞ്ഞ വർഷം ലീറ്ററിന് 57–60 രൂപയായിരുന്ന സ്പിരിറ്റ് വില 72 ലേക്ക് എത്തിയതിനാൽ, വില കുറഞ്ഞ മദ്യം തയാറാക്കുന്ന കമ്പനികൾ ഉൽപാദനം കുറച്ചതാണു കാരണം.

ബവ്കോ വരുമാനം കൂടി

വില കുറഞ്ഞ മദ്യത്തിന്റെ വരവ് കുറഞ്ഞതോടെ ബവ്കോയുടെ വരുമാനം കുതിച്ചു. 2021 ഏപ്രിലിൽ 1160 കോടി രൂപയാണ് നേടിയതെങ്കിൽ ഈ ഏപ്രിലിൽ വരുമാനം 1650 കോടിയായി. 490 കോടി രൂപയുടെ അധികവരുമാനം.

Content Highlight: Liquor price hike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA