ADVERTISEMENT

തിരുവനന്തപുരം∙ ഹജ്, ഉംറ തുടങ്ങിയ തീർഥാടന ആവശ്യങ്ങൾക്കു വിദേശ സന്ദർശനം നടത്തുന്നതിനു റേഷൻ വ്യാപാരികൾക്കു 3 മാസം വരെ അവധി അനുവദിക്കുമ്പോൾ അവരുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു മറ്റൊരു കടയ്ക്കു നൽകണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഉത്തരവ്. ഇതു തങ്ങളെ അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി വ്യാപാരി സംഘടനകൾ രംഗത്തെത്തിയോടെ സംഭവം വിവാദത്തിലായി. സാധാരണ, റേഷൻ കടയിൽ ക്രമക്കേടു കണ്ടെത്തുമ്പോഴാണു ലൈസൻസ് സസ്പെൻഡ് ചെയ്ത് ആ കടയിലെ കാർഡ് ഉടമകൾക്കു മറ്റൊരിടത്തു നിന്നു സാധനങ്ങൾ വാങ്ങാൻ സൗകര്യം ഒരുക്കുന്നത്.

വിവിധ മതവിഭാഗങ്ങളിൽപെട്ട റേഷൻ വ്യാപാരികൾക്കു വിദേശത്തു തീർഥാടനത്തിനു 3 മാസം വരെ അവധി അനുവദിക്കാൻ മന്ത്രിയും വ്യാപാരി സംഘടനാ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഈ മാസം രണ്ടിന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയപ്പോൾ, തീർഥാടകൻ ‘പ്രതി’യാകുന്ന സ്ഥിതിയായി എന്നാണ് ആരോപണം. ജില്ലാ സപ്ലൈ ഓഫിസർക്ക് (ഡിഎസ്ഒ) ആണ് ഈ ഉത്തരവു പ്രകാരം കട സസ്പെൻഡ് ചെയ്യാൻ അധികാരം നൽകിയിരിക്കുന്നത്.

ഉത്തരവ് അനുസരിച്ച്, രേഖകൾ സഹിതം അവധി അപേക്ഷ റേഷൻ കടയുടമ മുൻകൂറായി താലൂക്ക് സപ്ലൈ ഓഫിസർക്കു (ടിഎസ്ഒ) നേരിട്ടു നൽകണം. അദ്ദേഹം പരിശോധിച്ചു ശുപാർശയോടു കൂടി ഡിഎസ്ഒയ്ക്കു നൽകും. അർഹത ബോധ്യപ്പെട്ടാൽ ഡിഎസ്ഒ നടപടിക്രമം പുറപ്പെടുവിക്കും. അവധി അനുവദിച്ച ശേഷം മാത്രമേ ലൈസൻസിക്ക് അവധിയിൽ പ്രവേശിക്കാൻ കഴിയൂ. അവധി കഴിഞ്ഞു വന്ന ശേഷം ലൈസൻസി ടിഎസ്ഒയ്ക്കു മുൻപാകെ റിപ്പോർട്ട് ചെയ്യണം. തുടർന്നു ഡിപ്പോയുടെ അംഗീകാരം പുനഃസ്ഥാപിക്കുന്നതിന്റെ നടപടിക്രമം ഡിഎസ്ഒ പുറപ്പെടുവിക്കും. 

അവധി കാലാവധിക്കകം തിരിച്ചെത്താൻ സാധിക്കില്ലെങ്കിൽ അക്കാര്യം ലൈസൻസി ടിഎസ്ഒയെ അറിയിക്കണം. അതു ബോധ്യപ്പെട്ടാൽ പുതിയ ഉത്തരവ് പുറപ്പെടുവിക്കും. കാരണം അറിയിച്ചില്ലെങ്കിൽ, 30 ദിവസത്തിനകം ലൈസൻസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ലൈസൻസികൾ നിർദേശിക്കുന്ന അനന്തര അവകാശിക്കോ സെയിൽസ്‌മാൻമാർക്കോ ഈ കാലയളവിൽ റേഷൻ കട നടത്താൻ കഴിയുന്ന വിധത്തിൽ ഉത്തരവ് പുനഃക്രമീകരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.

English Summary: Controversial order on ration shop licence suspension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com