ADVERTISEMENT

തിരുവനന്തപുരം ∙ അഴിമതിരഹിത കേരളം സ്വപ്നം കാണുന്നവർക്കു കല്ലുകടിയായി കൈക്കൂലിക്കേസ് കണക്കുകൾ. കഴിഞ്ഞ 4 വർഷത്തെ കണക്കുകളിൽ കൈക്കൂലി സൂചിക മുകളിലോട്ടു തന്നെ. ഈ വർഷം ഇതുവരെയുള്ള കണക്കും ആശാവഹമല്ല. കൈക്കൂലി വാങ്ങുന്നവർ ഒന്നര വർഷമെങ്കിലും സസ്പെൻഷനിലാകുന്നു എന്നതു മാത്രമാണ് ആശ്വാസം. 

എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായി, വിജിലൻസ് നേരിട്ടെടുക്കുന്ന അഴിമതിക്കേസുകളിൽ സർക്കാർ അനുമതി നിർബന്ധമാക്കിയതിനാൽ സ്വാധീനമുള്ള ഏത് ഉദ്യോഗസ്ഥനും അന്വേഷണം അട്ടിമറിക്കാം എന്ന സ്ഥിതിയുണ്ട്. വിജിലൻസ് ഡയറക്ടർക്കു ലഭിക്കുന്ന പരാതി സർക്കാരിനു കൈമാറി അനുമതി വാങ്ങിയിട്ടേ പ്രാഥമിക അന്വേഷണം പോലും നടത്താൻ കഴിയൂ എന്നതാണു സ്ഥിതി. 

2018 ൽ കൈക്കൂലി വാങ്ങിയ 18 ഉദ്യോഗസ്ഥരാണു കയ്യോടെ വിജിലൻസിന്റെ പിടിയിലായത്. 2019 ൽ–17, 2020 ൽ–24, 2021 ൽ–30 എന്നിങ്ങനെ കൈക്കൂലി കേസുകൾ വർധിച്ചപ്പോൾ ഈ വർഷം ആദ്യ 4 മാസം തന്നെ 18 പേർ കൈക്കൂലിക്ക് അറസ്റ്റിലായി! 

2018 ൽ 16 കേസിൽ 18 പേരാണ് അറസ്റ്റിലായത്. കൂടുതൽ അറസ്റ്റ് റവന്യു വകുപ്പിലും (5) കുറവ് റജിസ്ട്രേഷനിലും(2). 2019 ൽ 17 കേസുകളിൽ 17 പേർ കുടുങ്ങി. കൂടുതൽ പേർ ഉൾപ്പെട്ടതു തദ്ദേശ വകുപ്പിലും (8) റവന്യു വകുപ്പിലുമായിരുന്നു (3 വീതം). 2020 ൽ 24 കേസിൽ 28 പേർ അറസ്റ്റിലായി. അപ്പോഴും തദ്ദേശം (9), റവന്യു (7) ഉദ്യോഗസ്ഥരാണു കൂടുതൽ പിടിയിലായത്. 

2021 ൽ 30 കേസുകളിൽ 36 അറസ്റ്റ്. പ്രതികളുടെ എണ്ണത്തിൽ തദ്ദേശ ഭരണവും (9) റവന്യുവും (9) ഒപ്പത്തിനൊപ്പം. പൊലീസ്, വനം വകുപ്പുകളിൽ 4 കേസ് വീതം. ഈ വർഷം ഇതുവരെ 15 കൈക്കൂലി കേസിൽ 18 പേർ അറസ്റ്റിലായി. റവന്യു, തദ്ദേശം (4 വീതം) തന്നെ മുന്നിൽ. ആരോഗ്യ വകുപ്പിൽ 3 പേരും. ഇതെല്ലാം ഒരോ സേവനത്തിനായി സർക്കാർ ഓഫിസിൽ കയറിയിറങ്ങി സഹികെടുന്ന ജനങ്ങൾ നേരിട്ടു പരാതി നൽകി വിജിലൻസ് ഒരുക്കുന്ന കെണിയിൽ കുടുങ്ങുന്നവരാണ്. 

കെണിക്കേസുകൾ ശക്തം, അഴിമതിക്കേസുകൾ ദുർബലം

സംസ്ഥാനത്തു വിജിലൻസ് 3 തരം അന്വേഷണം നടത്തുന്നുണ്ട്. 

∙ ഒന്നാമതായി ട്രാപ് കേസുകൾ അഥവാ കൈക്കൂലി ആവശ്യപ്പെടുന്നവരെ പരാതിക്കാരനെക്കൊണ്ടു വിജിലൻസ് പണം നൽകിച്ചു കുടുക്കുന്ന കെണി. ഇത്തരക്കാരെ ഉടൻ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്യും. ഇവർ ഒരു വർഷമെങ്കിലും സസ്പെൻഷനിൽ തുടരുന്നതായി റിവ്യൂ കമ്മിറ്റി ഉറപ്പാക്കുന്നുമുണ്ട്. ഒന്നര വർഷമായി സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനുമുണ്ട്. ആഭ്യന്തര സെക്രട്ടറി, പൊതുഭരണ സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവരാണു സസ്പെൻഷൻ റിവ്യൂ കമ്മിറ്റി അംഗങ്ങൾ. പരാതിക്കാരൻ സർക്കാർ സേവനം കിട്ടുന്നതിനു കൈക്കൂലി കൊടുത്ത ആളായതിനാൽ കേസ് പിൻവലിക്കാനും കഴിയില്ല. 

∙ രണ്ടാമത് വിജിലൻസ് ഡയറക്ടർക്ക് ഉദ്യോഗസ്ഥർക്കെതിരെ ലഭിക്കുന്ന അഴിമതി, അവിഹിത സ്വത്ത് സമ്പാദ്യം തുടങ്ങിയ പരാതികൾ. ഇത്തരം അഴിമതിക്കേസുകളിൽ സർക്കാർ അനുമതി നിർബന്ധം. വിജിലൻസ് ഡയറക്ടർക്കു ലഭിക്കുന്ന പരാതി സർക്കാരിനു നൽകി അനുമതി വാങ്ങിയിട്ടേ പ്രാഥമിക അന്വേഷണം പോലും സാധിക്കൂ. 

∙ മൂന്നാമത് വിജിലൻസിന്റെ മിന്നൽ പരിശോധന. വിജിലൻസ് രഹസ്യാന്വേഷണം നടത്തി ക്രമക്കേടു സ്ഥിരീകരിച്ച ശേഷമാണു സംസ്ഥാന വ്യാപകമായി ഏതെങ്കിലും ഒരു വകുപ്പിൽ ഒരേസമയം പരിശോധന നടത്തുന്നത്. അവിടെ കണക്കിൽ പെടാത്ത പണവുമായി ഉദ്യോഗസ്ഥർ പിടിക്കപ്പെട്ടാലും അത്തരക്കാരുടെ പട്ടിക ബന്ധപ്പെട്ട വകുപ്പു മേധാവിക്കു കൈമാറാൻ മാത്രമേ വിജിലൻസ് ഡയറക്ടർക്കു കഴിയൂ. 

മേധാവിക്കു വേണമെങ്കിൽ സസ്പെൻഡ് ചെയ്യാം, സ്ഥലംമാറ്റാം, വകുപ്പുതല അന്വേഷണം നടത്താം. എന്നാൽ അവിടെ ഒരേ വകുപ്പിലെ പല ഉദ്യോഗസ്ഥർ ഒറ്റ റെയ്ഡിൽ കുടുങ്ങുമ്പോൾ അവർ സംഘടന വഴിയോ അല്ലാതെയോ സർക്കാരിനെ സ്വാധീനിച്ചു രക്ഷപ്പെടും. ഇവിടെ പരാതിക്കാരൻ വിജിലൻസ് ഉദ്യോഗസ്ഥരാണ് എന്നതും അഴിമതിക്കാർക്കു വളമാണ്. സർക്കാർ പറഞ്ഞാൽ കേസ് എഴുതിത്തള്ളണം.

English Summary: Increase in bribery cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com