ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം ഇന്നലെയും വിതരണം ചെയ്തില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഗതാഗത മന്ത്രി ആന്റണി രാജു കണ്ടെങ്കിലും പ്രശ്നപരിഹാരത്തിനു വഴിതുറന്നില്ല. മുഖ്യമന്ത്രിയെക്കണ്ട ശേഷം മാധ്യമങ്ങളോടു പ്രതികരിച്ച മന്ത്രി, ട്രേഡ് യൂണിയനുകളുടെ പിടിവാശിക്കു വഴങ്ങില്ലെന്നു നിലപാട് കടുപ്പിക്കുകയും ചെയ്തു. ശമ്പളക്കാര്യത്തിൽ ആവശ്യമുണ്ടെങ്കിലേ സർക്കാർ ഇടപെടുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ ശമ്പളം കിട്ടുമെന്ന ജീവനക്കാരുടെ പ്രതീക്ഷയും അതോടെ അസ്തമിച്ചു. 

അതേസമയം, ശമ്പളത്തിനും മറ്റാവശ്യങ്ങൾക്കുമായി കടമെടുത്ത് കെഎസ്ആർടിസിയുടെ 52 ഡിപ്പോകൾ ബാങ്കുകളിൽ പണയത്തിലാണ്. 3100 കോടിയാണ് ഇൗ ഡിപ്പോകൾ പണയപ്പെടുത്തി 2018 ൽ കടമെടുത്തത്. ഡിപ്പോയും സബ്ഡിപ്പോയും ഓപ്പറേറ്റിങ് സെന്ററുമായി 94 കേന്ദ്രങ്ങളും 5 റീജനൽ വർക്‌ഷോപ്പുകളും ചീഫ് ഓഫിസുമാണ് കെഎസ്ആർടിസിക്കുള്ളത്. അതിൽ 30 ഡിപ്പോ കൂടി പണയപ്പെടുത്തിയാൽ 400 കോടി രൂപ കൂടി വായ്പ ലഭിക്കുമെന്നാണു കണക്കു കൂട്ടുന്നത്. 

സർക്കാരിനെ വിരട്ടി കാര്യം കാണാമെന്നു ട്രേഡ് യൂണിയനുകൾ കരുതേണ്ടന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സർക്കാർ നൽകിയ ഉറപ്പുകൾ അംഗീകരിക്കാതെ പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ട് ജനത്തെ ബുദ്ധിമുട്ടിച്ചതു ട്രേഡ് യൂണിയനുകളാണ്. സാമ്പത്തിക സഹായം ലഭിക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രിയോടു ചർച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. 

കെഎസ്ആർടിസി എംഡി ആംസ്റ്റർഡാമിൽ സെമിനാറിൽ പങ്കെടുക്കാൻ പോയതിനാൽ മാനേജ്മെന്റിന്റെ തീരുമാനവും വൈകും. സിഐടിയു നേതൃത്വം ഇന്നലെ മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചെങ്കിലും കൂടിക്കാഴ്ച നടന്നില്ല. ബിഎംഎസും ടിഡിഎഫും ഇന്നു മുതൽ ഡിപ്പോ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. 

English Summary: KSRTC salary issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com