കർഷകപ്പോരാളികളുടെ ചോരച്ചുവപ്പ്; മുനയൻകുന്നിന്റെ വിപ്ലവചരിത്രം എഴുപത്തിയഞ്ചിലേക്ക്

HIGHLIGHTS
  • കർഷകത്തൊഴിലാളികൾ വെടിയേറ്റുമരിച്ച പോരാട്ടത്തിന്റെ വാർഷികാചരണവുമായി സിപിഎം
cpm-trade-union-strike-1a
SHARE

കാസർകോട്∙ മുനയൻകുന്ന്. 1948 മേയ് 1. ആ ദിവസത്തേക്കാൾ ചുവന്നൊരു പുലരി മുനയൻകുന്നിൽ അതിനു മുൻപോ ശേഷമോ ഉണ്ടായിട്ടില്ല. ഉദിച്ചുപൊന്തിയ സൂര്യന്റെ കിരണമായിരുന്നില്ല ആ ദിനത്തെ ചുവപ്പിച്ചത്. ആറ് കർഷകപ്പോരാളികളുടെ ചോരച്ചുവപ്പായിരുന്നു. നെല്ലെടുപ്പ് സമരത്തിൽ പങ്കെടുത്ത് ഒളിവിൽ കഴിഞ്ഞ 42 കമ്യൂണിസ്റ്റുകാർക്കു നേരെ കാസർകോട്ടെ മുനയൻകുന്നിൽ എംഎസ്പി (മലബാർ സ്പെഷൽ പൊലീസ്) നടത്തിയ വെടിവയ്പിലും ആക്രമണത്തിലുമാണ് ആറുപേർ കൊല്ലപ്പെട്ടത്. വെടിയേറ്റിട്ടും ജീവൻ ബാക്കി നിന്നവരെ പോലും മർദിച്ച് അവശരാക്കി ജയിലടച്ചു. വിപ്ലവകേരള ചരിത്രത്തിൽ ആ ഏടിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികൾ കണ്ണൂർ– കാസർകോട് ജില്ലകളിലായി ഇക്കുറി നടക്കും.

മുനയൻകുന്ന്

കമ്യൂണിസ്റ്റ് സമരമുദ്രാവാക്യങ്ങളിൽ കേട്ടുപരിചയിച്ച കയ്യൂരും കരിവെള്ളൂരും പുന്നപ്രയും വയലാറുമൊക്കെ പോലെ തന്നെ ചരിത്രത്തിന്റെ ഭാഗമായ പേരാണ് മുനയൻകുന്ന്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പയ്യന്നൂർ ഫർക്ക സെക്രട്ടറി കൂടിയായിരുന്ന കെ.സി.കുഞ്ഞാപ്പു മാസ്റ്റർ, എ.വി.ചിണ്ടപ്പൊതുവാൾ, മുടത്തറ ഗോവിന്ദൻ നമ്പ്യാർ, പനയന്തട്ട കണ്ണൻ നമ്പ്യാർ, പാപ്പിനിശേരി കേളു നമ്പ്യാർ, കുന്നുമ്മൽ കുഞ്ഞിരാമൻ എന്നീ സമരയോദ്ധാക്കളാണ് മുനയൻകുന്നിൽ വെടിയേറ്റ് വീണത്. ആ ചരിത്രപ്പോരാട്ടത്തിലേക്ക് നയിച്ചത് ജന്മിമാർ സൃഷ്ടിച്ചെടുത്ത പട്ടിണിയായിരുന്നു.

അന്നു കേരള സംസ്ഥാനമായിട്ടില്ല. മദ്രാസ് സ്റ്റേറ്റിന്റെ കീഴിലാണ് മുനയൻകുന്ന് ഉൾപ്പെട്ട മലബാർ. സർക്കാർ ഭരണം എന്ന സംവിധാനം പൂർണതോതിൽ ആരംഭിക്കാത്ത സ്റ്റേറ്റിൽ അപ്പോഴും കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് നാട്ടുപ്രമാണിമാരും ജന്മിമാരുമൊക്കെയായിരുന്നു. ബ്രിട്ടിഷ് ഭരണം അവസാനിപ്പിച്ച് മടങ്ങിയതിനു പിന്നാലെയുണ്ടായ നെല്ല് ക്ഷാമം മുതലെടുക്കാൻ പ്രമാണിമാർ നെല്ല് പൂഴ്ത്തിവച്ചു. നാട്ടിൽ പട്ടിണി രൂക്ഷമായതോടെയാണ് അന്നത്തിനു വേണ്ടി തൊഴിലാളികൾ സമരമുഖത്തേക്ക് കടന്നത്. ന്യായവിലയ്ക്ക് നെല്ല് വിൽക്കണമെന്ന നാട്ടുകാരുടെ ആവശ്യം മദ്രാസ് സ്റ്റേറ്റിന്റെയോ മലബാറിലെയോ അധികാരികളാരും കേട്ടില്ല. കാര്യങ്ങൾ നിർണയിച്ചതെല്ലാം ജന്മികളായിരുന്നു. ഇതോടെ ബ്രിട്ടിഷ് ഭരണത്തിന് എതിരെ അവസാനിപ്പിച്ച പോരാട്ടം നാട്ടിൽ പുതിയ രീതിയിൽ പുനരാരംഭിച്ചു. 

1948 ഏപ്രിൽ 21 രാത്രിയിൽ കാങ്കോൽ വില്ലേജിലെ വൈപ്പിരിയം പാറയിൽ യോഗം നടന്നു. പല സ്ഥലങ്ങളിൽ നിന്നായി ഇവിടെയെത്തിയ പ്രവർത്തകരെ നാലു സംഘങ്ങളായി തിരിച്ച് ആണ് സമരം ആസൂത്രണം ചെയ്തത്. എരമം, ആലപ്പടമ്പ, പ്രാപ്പൊയിൽ, പേരൂൽ എന്നിങ്ങനെ നാലു ദിക്കുകളിലായി ഓരോ സംഘത്തിനും ചുമതലയും നൽകി. ഇവ പൂർത്തിയാക്കിയാൽ എംഎസ്പിയുടെ അധികാരപരിധിക്ക് അപ്പുറത്തുള്ള സൗത്ത് കാനറാ ജില്ലയിലേക്ക് കടക്കാനായിരുന്നു ലക്ഷ്യം. കാസർകോട്ടെ കിഴക്കേ എളേരിയിൽ ഇതിനായി സംഗമസ്ഥാനവും നിർണയിച്ചിരുന്നു. 

തുടർന്ന്  ജന്മിമാർ നെല്ല് പൂഴ്ത്തിവച്ച പത്തായപ്പുരകൾ ആക്രമിക്കപ്പെട്ടു. ധാന്യങ്ങൾ കവർന്നു എന്നതല്ലാതെ ആർക്കും ജീവഹാനി ഉണ്ടാക്കിയിട്ടില്ലെന്നാണ് ചരിത്രരേഖകൾ പറയുന്നത്. പക്ഷേ, പട്ടിണി തീർക്കാൻ സമരത്തിന് ഇറങ്ങിയവരെ രാജ്യദ്രോഹികളാക്കാനുള്ള ശ്രമമുണ്ടായി. മലബാർ സ്പെഷൽ പൊലീസ് സംഘവും ജന്മിമാരുടെ ഗുണ്ടകളും സമരക്കാരെയും നാട്ടുകാരെയും തല്ലിച്ചതച്ചു. കമ്യൂണിസ്റ്റുകാർക്കെതിരെ ആക്രമണം രൂക്ഷമായതോടെ സമരക്കാർ പലരും ഒളിവിലായി. അതേസമയം, സമരം തുടരുന്നുമുണ്ടായിരുന്നു. 

ഇങ്ങനെ ഒളിവിൽ പോയ സംഘങ്ങളിൽ ഒന്നായിരുന്നു മുനയൻകുന്നിൽ എത്തിയത്. അവിടെ കമ്യൂണിസ്റ്റ് നേതാവായിരുന്ന ചെഞ്ചേരിയൻ കൃഷ്ണൻ നായരുടെ ചിത്താരി (നെല്ല് സൂക്ഷിക്കുന്ന പുര) ആയിരുന്നു ഒളിയിടം. 

ഏപ്രിൽ 27 രാത്രിയോടെ സംഘം ഇവിടെ താവളമാക്കിയിരുന്നു എന്ന് അന്ന് സംഘത്തിലുണ്ടായിരുന്നവരിൽ ബാക്കിയായിരുന്ന ഇ.വി.കുഞ്ഞിക്കണ്ണൻ നമ്പ്യാർ പിന്നീട് പറഞ്ഞിട്ടുണ്ട്. ഒളിത്താവളമാണെങ്കിലും കരുതലോടെയാണ് അവർ കഴിഞ്ഞിരുന്നത്. മൂന്നാം ദിനം മുനയൻകുന്നിലെ ക്യാംപിൽ നിന്ന് പുളിങ്ങോം മുണ്ടറോട്ടുവഴി കുടകിലേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു അവർ. പക്ഷേ, 30ന്  രാത്രി അപ്രതീക്ഷിതമായി എത്തിയ മഴ പദ്ധതി അടുത്ത ദിവസത്തേക്ക് നീട്ടി. പനയന്തട്ട കണ്ണൻ നമ്പ്യാരും പാപ്പിനിശേരി കേളുനായരും ചിത്താരിക്ക് പുറത്ത് കാവലുണ്ടായെങ്കിലും മഴ കനത്തതോടെ ഇരുവരു ചിത്താരിക്ക് അകത്തേക്ക് കയറി.

ദിവസങ്ങളായുള്ള പോരാട്ടത്തിന്റെയും ഒളിവുജീവിതത്തിന്റെയുമെല്ലാം തളർച്ചയിൽ എല്ലാവരും മയങ്ങിപ്പോയിരുന്നു. കനത്ത മഴയുടെ ശബ്ദത്തിൽ തങ്ങൾക്കു ചുറ്റും പൊലീസ് ബൂട്ടുകൾ വളയുന്ന ശബ്ദവും അവർ കേട്ടില്ല. പുലർച്ചെ മൂന്നോടെ കണ്ണിലേക്ക് ശക്തമായ വെളിച്ചമടിച്ചാണ് സംഘത്തിലെ പലരും ഉണർന്നത്. എംഎസ്പി ആകാശത്തേക്ക് വിട്ട വേരിലൈറ്റിന്റെ വെളിച്ചമായിരുന്നു സംഘം കണ്ടത്. വെളിച്ചത്തിൽ ചിത്താരിയിൽ നിന്ന് പുറത്തിറങ്ങിയ ചിലരുടെ മുഖം തിരിച്ചറിഞ്ഞതോടെ എംഎസ്പി സംഘം ചിത്താരിപ്പുരയ്ക്കു നേരെ വെടിയുതിർത്തു. ‘ഏഴു’ പേർ തൽക്ഷണം മരിച്ചു. 16 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഏഴുപേരുടെയും മൃതദേഹങ്ങൾ കൂട്ടിക്കെട്ടി അതും ചുമന്നാണ് പരുക്കേറ്റ ബാക്കിയുള്ളവരും പൊലീസും ഇന്നത്തെ കണ്ണൂർ ജില്ലയിലെ പടിയോട്ട്ചാലിലേക്ക് മടങ്ങിയത്.

മുളങ്കാലിൽ കെട്ടിയുണ്ടാക്കിയ പട്ടടയിൽ ചാക്കിൽക്കെട്ടി എത്തിച്ച മൃതദേഹങ്ങൾ ഏഴും ഒരുമിച്ച് ഒരുകുഴിയിലിട്ട് മൂടാനായി തുടങ്ങുമ്പോഴാണ് കൂട്ടത്തിൽ ഒരാൾ മരിച്ചിട്ടില്ല എന്ന് മനസ്സിലായത്. ആ ജീവനുള്ള ശരീരമൊഴികെ ആറുപേരെയും അവിടെ ഒരു കുഴിയിലടക്കി. അന്നു വെടിയേറ്റിട്ടും മരിക്കാതെ രക്ഷപ്പെട്ടയാൾ ആലപ്പടമ്പിലെ ഇ.വി. കുഞ്ഞിക്കണ്ണൻ നമ്പ്യാരായിരുന്നു. സമരക്കാരിലെ ഇളമുറക്കാരൻ.  കുഞ്ഞിക്കണ്ണനെന്ന പതിനെട്ടുകാരനെ പരിചയക്കാരനായ മമ്മൂഞ്ഞിയെന്ന പൊലീസുകാരനാണ് രക്ഷിച്ചത്. അല്ലെങ്കിൽ ജീവനോടെ ആ കുഴിയിൽ മൂടുമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചിടുണ്ട്.

വെടിയേറ്റവരേയും അറസ്‌റ്റിലായവരേയും പിന്നീടു ലോറിയിൽ പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. മൂന്നുദിവസത്തെ ഭീകര മർദനത്തിനൊടുവിലാണ് ഇവരെ സെൻട്രൽ ജയിലിലേക്കു മാറ്റിയത്. ഇവരിൽ പലരും രണ്ടുവർഷത്തോളം ജയിലിൽ കഴിഞ്ഞു. സമരത്തിൽ പങ്കെടുത്തവരിൽ ജീവിച്ചിരുന്നവരിലെ അവസാനകണ്ണിയായിരുന്ന കുഞ്ഞിക്കൃഷ്ണൻ നമ്പ്യാരും 2018ൽ വിടവാങ്ങി. 

വാർഷികാചരണം

മേയ് ഒന്നിന് ഈ വർഷത്തെ രക്തസാക്ഷി വാർഷിക ആചരണത്തിനൊപ്പം എഴുപത്തിയഞ്ചാം വാർഷികാചരണവും സിപിഎം ആരംഭിച്ചു.  രക്തസാക്ഷികൾ വെടിയേറ്റുവീണ മുനയൻകുന്നിൽ നിന്നും അത്‌ലീറ്റുകൾ കൈമാറി രക്തസാക്ഷി നഗറിലെത്തിച്ച പതാക കെ.കെ.കൃഷ്ണൻ ഏറ്റുവാങ്ങുകയും കെ.വി.ഗോവിന്ദൻ ഉയർത്തുകയും ചെയ്തതോടെ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി.

വാർഷികാചരണത്തിന്റെ ഭാഗമായി, എകെജിയുടെ നേതൃത്വത്തിൽ പന്തി ഭോജനം നടന്ന ആലപ്പടമ്പിലെ കുണ്ട്യത്തിടത്തിൽ, എരമം അരയാക്കീൽ, കുറ്റൂർ പുതിയവയൽ എന്നിവിടങ്ങളിൽ ചരിത്രസ്മൃതി സംഗമം നടത്തും. 275 കേന്ദ്രങ്ങളിൽ ചരിത്രസദസ്സ് നടത്താനും കമ്മിറ്റി ആലോചിക്കുന്നുണ്ട്. കൂടാതെ രക്തസാക്ഷി സ്മാരക വോളിബോൾ ടൂർണമെന്റ് നവംബറിൽ നടത്താനും പദ്ധതിയുണ്ട്. ആദിവാസി സംഗമം, ശാസ്ത്രക്ലാസുകൾ എന്നിവ നടത്താനും പഠനകേന്ദ്രവും ലൈബ്രറിയും സ്ഥാപിക്കാനും ആലോചനയുണ്ട്. അടുത്തവർഷത്തെ രക്തസാക്ഷി ദിനാചരണവും വിപുലമായി ആചരിക്കാനാണ് തീരുമാനം.

English Summary: Kasargod Munayankunnu Riot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA