ADVERTISEMENT

ന്യൂഡൽഹി ∙ എൻഡോസൾഫാൻ നഷ്ടപരിഹാര വിഷയത്തിൽ കേരള സർക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. 2017 ലെ വിധി നടപ്പാക്കാത്തതു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജി നൽകിയ 8 പേർക്കു നഷ്ടപരിഹാര തുക നൽകിയെന്ന് ഇന്നലെ സർക്കാർ അറിയിച്ചെങ്കിലും കോടതിച്ചെലവും കാലതാമസവും പരിഗണിച്ച് 50,000 രൂപ വീതം അധികമായി നൽകാൻ കോടതി ഉത്തരവിട്ടു. 

നഷ്ടപരിഹാരമായി 200 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നു സർക്കാർ അറിയിച്ചെങ്കിലും നിങ്ങളുടെ കണക്കുപുസ്തകത്തിൽ അല്ല, ഇരകളുടെ കൈകളിലേക്കാണു തുക എത്തേണ്ടതെന്നും ക്ഷേമ സർക്കാരുകൾക്ക് ഇരകളെ അവഗണിക്കാനാവില്ലെന്നും ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇതിനിടെ ഇരകളിൽ എത്രപേർ മരിച്ചിട്ടുണ്ടാകുമെന്നും കോടതി ചോദിച്ചു. 

കഴിഞ്ഞ ഏപ്രിൽ 8നു കേസ് പരിഗണിക്കുമ്പോൾ നാലാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്. തുക ഇനിയും കിട്ടാനുള്ള 3714 പേരുണ്ടെന്നും കോടതിയലക്ഷ്യ ഹർജി നൽകിയ കെ.ജി.ബിജു, അശോക് കുമാർ, മധുസൂദനൻ, ശാന്ത, ശാന്ത കൃഷ്ണ, പി.ജെ.തോമസ്, സജി, എം.വി.രവീന്ദ്രൻ എന്നിവർക്ക് 5 ലക്ഷം വീതം നൽകിയെന്നും ഇന്നലെ ചീഫ് സെക്രട്ടറി വി.പി.ജോയി സത്യവാങ്മൂലം നൽകി. 

ഉത്തരവു വന്ന് 5 വർഷത്തിനുശേഷവും സർക്കാർ കാലതാമസം വരുത്തുന്നതു ചൂണ്ടിക്കാട്ടിയാണ് കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്. കോടതിയലക്ഷ്യ ഹർജിയിൽ നോട്ടിസ് ലഭിച്ചപ്പോൾ മാത്രമാണു നഷ്ടപരിഹാരവിതരണത്തിനു തുക പോലും അനുവദിച്ചത്. ഈ രീതി ശരിയല്ല. കോടതി ഉത്തരവു നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതു ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. ഇതിനായി എല്ലാ മാസവും അവലോകനയോഗം വിളിക്കണം.

നഷ്ടപരിഹാരവും ചികിത്സാസഹായവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പുതിയ സത്യവാങ്മൂലം നൽകാനും ചീഫ് സെക്രട്ടറിയോടു നിർദേശിച്ചു. ഹർജി ജൂലൈ മൂന്നാം വാരം പരിഗണിക്കും. 8 ദുരിതബാധിതരുടെ പേരിൽ സെർവ് കലക്ടീവ് കൂട്ടായ്മയാണു ഹർജി നൽകിയത്. അഭിഭാഷകരായ പി.എൻ.രവീന്ദ്രനും പി.എസ്.സുധീറും ഹാജരായി. 

പാലിയേറ്റീവ് ആശുപത്രി, പരിഗണിച്ചുകൂടേ?

മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ച പാലിയേറ്റീവ് കെയർ ആശുപത്രി ഇതുവരെ സജ്ജമാക്കിയിട്ടില്ലെന്നും ചികിത്സാവശ്യങ്ങൾക്കായി ദീർഘമായി സഞ്ചരിക്കേണ്ടി വരുന്നതായും ഹർജിക്കാർ കോടതിയെ അറിയിച്ചു. ദുരിതബാധിതർക്ക് ആജീവനാന്ത സൗജന്യ ചികിത്സയാണു പാലിയേറ്റീവ് കെയർ ആശുപത്രിയിലൂടെ ലക്ഷ്യമിടുന്നത്. ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി എൻഡോസൾഫാൻ പാലിയേറ്റീവ് കെയർ ആശുപത്രിയാക്കി മാറ്റണമെന്ന് സെർവ് കലക്ടീവ് കോടതിയിൽ അപേക്ഷിച്ചു. ഇതിന്റെ സാധ്യത കോടതി ആരാഞ്ഞു. 

∙ ‘കാൻസർ ബാധിതർ ഉൾപ്പെടെയുള്ള എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം അനുവദിച്ചു കിട്ടാൻ സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുന്നത് സങ്കടകരമാണ്. ഈ സ്ഥിതി വരുത്തിവയ്ക്കുന്നത് എന്തിനാണ് ?’ - ജസ്റ്റിസ് സൂര്യകാന്ത് 

English Summary: Supreme court direction to kerala government in Endosulfan case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com