ADVERTISEMENT

ന്യൂഡൽഹി ∙ നിസ്സാര ഹർജികളുമായി വരാതെ പോയി സ്കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ കേരള സർക്കാരിനു സുപ്രീം കോടതിയുടെ ഉപദേശം. അപ്പർ ഡിവിഷൻ ക്ലാർക്കിനു സീനിയോറിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുള്ള ഹർജി നൽകിയതിനു ജഡ്‍ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേരള സർക്കാരിനെ കണക്കിനു ശകാരിച്ചത്. 

താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജൂനിയർ സൂപ്രണ്ട് എൻ.എസ്.സുബീറിനു സീനിയോറിറ്റി അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് വിഷയം. എൽഡി ക്ലാർക്കായി കയറിയ സുബീറിന്റെ സീനിയോറിറ്റി ശരിവച്ചു കൊണ്ടായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി. ഹൈക്കോടതിയും ഇതു ശരിവച്ചു. തുടർന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 

ഹർജി പരിഗണിച്ചയുടൻ ഇതു സുപ്രീം കോടതി ഇടപെടേണ്ട വിഷയമാണോയെന്ന് ബെഞ്ച് ചോദിച്ചു. ഒരു അപ്പർ ഡിവിഷൻ ക്ലാർക്കിനു സീനിയോറിറ്റി കിട്ടി. അതിനെതിരെ സംസ്ഥാന സർക്കാർ വന്നിരിക്കുന്നു. കുറച്ചുകൂടി നല്ല കാര്യങ്ങൾ എന്തെങ്കിലും ചെയ്തുകൂടേ? – കോടതി ചോദിച്ചു. സ്ഥാനക്കയറ്റ സമയത്തു ഉദ്യോഗസ്ഥൻ വേതനമില്ലാത്ത അവധിയിലായിരുന്നെന്നും സീനിയോറിറ്റി തിരികെ ജോലിയിൽ പ്രവേശിച്ച സമയം മുതൽ ആക്കുകയാണ് ചെയ്തതെന്നും സർക്കാരിനു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് അമീദ് വാദിച്ചു. വേതനമില്ലാത്ത അവധി സമയം സർവീസ് ആനുകൂല്യങ്ങൾക്കു പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അദ്ദേഹം ജോലിക്ക് ഹാജരാകാതിരുന്നതല്ലെന്നും അവധിയിലായിരുന്നെന്നും ജസ്റ്റിസ് സൂര്യകാന്ത് ഓർമിപ്പിച്ചു. സംസ്ഥാന സർക്കാർ ആയതു കൊണ്ട് കാര്യങ്ങൾ ഇങ്ങനെയാകാമെന്നില്ലെന്നും കോടതി വ്യക്തമാക്കി. 

തങ്ങൾ നിയമക്കോടതി മാത്രമല്ല, നീതിന്യായക്കോടതി കൂടിയാണെന്നു പറഞ്ഞ രണ്ടംഗ ബെഞ്ച് ഹർജി ഉടൻ തള്ളി.

 

English Summary: Supreme court slams Kerala Government on silly case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com