തിരുവനന്തപുരം ∙ സംസ്ഥാന ടൂറിസം മന്ത്രിയായിരിക്കെ 2003 ൽ കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള കൊച്ചി ബോൾഗാട്ടി പാലസും ഹോട്ടൽ സമുച്ചയവും വിൽക്കാൻ കെ.വി.തോമസ് കരാറുണ്ടാക്കിയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്. എട്ടേക്കർ മലേഷ്യൻ കമ്പനിക്കു വിൽക്കാനാണു കരാറുണ്ടാക്കിയതെന്നു ഫെയ്സ്ബുക് കുറിപ്പിൽ ചെറിയാൻ ആരോപിച്ചു.
64 ആഡംബര നൗകകൾക്കു നങ്കൂരമിടാൻ കഴിയുന്ന ഇന്റർനാഷനൽ മറീന എന്ന മിനി തുറമുഖം ബോൾഗാട്ടി ദ്വീപിൽ തുടങ്ങുന്നതിനു മലേഷ്യൻ കമ്പനിയുമായി ചേർന്നുള്ള സംയുക്ത സംരംഭത്തിനാണു കരാറിലേർപ്പെട്ടത്. ഒരു ടെൻഡറുമില്ലാതെയാണു മലേഷ്യൻ കമ്പനിയുടെ പദ്ധതി ടൂറിസം വകുപ്പ് അംഗീകരിച്ചത്. കരാർ പ്രകാരം കെടിഡിസിക്ക് 25% ഓഹരി മാത്രമാണു നിർദേശിച്ചത്. 40 കോടി രൂപയുടെ പദ്ധതിയിൽ 10 കോടിയായിരുന്നു കെടിഡിസിക്കു വാഗ്ദാനം ചെയ്ത ഓഹരി.
2006ൽ താൻ കെടിഡിസി ചെയർമാൻ ആയപ്പോഴാണ് ഈ കരാർ ഒഴിവാക്കി, കെടിഡിസിയുടെ നേതൃത്വത്തിൽ പദ്ധതി നേരിട്ടു നടപ്പാക്കിയത്. നിർമാണച്ചുമതല ആഗോള ടെൻഡർ വിളിച്ച്, വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കു ശേഷം ഷാർജയിലെ കമ്പനിയെ ഏൽപിക്കുകയും ചെയ്തു. കേന്ദ്രസഹായത്തോടെയും ബാങ്ക് വായ്പയെടുത്തും പണം സമാഹരിച്ചു മറീന ഹൗസ് നിർമിച്ചെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.
English Summary: Cherian Philip allegation against K.V. Thomas