‘പത്തനംതിട്ട പരിഭവം’ പരിഹരിച്ച് മന്ത്രിയും ഡപ്യൂട്ടി സ്പീക്കറും

cartoon
SHARE

പത്തനംതിട്ട ∙ ‌‌‌‌ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പ്രഖ്യാപനങ്ങൾ നടത്തുന്നുവെന്നു കാണിച്ചു മന്ത്രി വീണാ ജോർജ് സിപിഎമ്മിൽ പരാതി നൽകി. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിക്കു പിന്തുണയുമായി എത്തി.

സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കത്തിപ്പടരുമെന്ന ഘട്ടമെത്തിയെങ്കിലും ഇരുവരും പിന്നാലെ നിലപാടു മയപ്പെടുത്തി. ഇന്നലെ വൈകിട്ടോടെ കൂടുതൽ വാദപ്രതിവാദങ്ങൾക്കില്ലെന്നു മന്ത്രിയും തനിക്ക് അറിയിക്കാനുള്ള വിവരങ്ങൾ എൽഡിഎഫ് കൺവീനറെയും സിപിഐ സംസ്ഥാന സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ടെന്നും കൂടുതൽ പരസ്യപ്രതികരണങ്ങൾക്കില്ലെന്നു ചിറ്റയം ഗോപകുമാറും അറിയിച്ചു.

ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന വാർഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രി നേരിൽ അറിയിച്ചില്ലെന്നായിരുന്നു ഡപ്യൂട്ടി സ്പീക്കറുടെ ആരോപണം. ഉദ്ഘാടന യോഗത്തിന്റെ അധ്യക്ഷനായി തന്റെ പേര് ഉൾപ്പെടുത്തിയ വിവരം അറിയുന്നത് കലക്ടറേറ്റിൽനിന്നു വിളിച്ചു പറയുമ്പോഴാണെന്നാണ് കഴിഞ്ഞ ദിവസം ചിറ്റയം ഗോപകുമാർ പറഞ്ഞത്. മുൻകാലങ്ങളിൽ സർക്കാരുമായി ബന്ധപ്പെട്ടു ജില്ലയിൽ നടന്നിട്ടുള്ള എല്ലാ പരിപാടികളിലും ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണവും കൂടിയാലോചനകളും ഉണ്ടായിരുന്നു. അടൂർ പ്രകാശ്, മാത്യു ടി. തോമസ്, കെ.രാജു എന്നിവരൊക്കെ ജില്ലയുടെ ചുമതല വഹിച്ചിരുന്ന കാലങ്ങളിൽ ഈ പതിവ് തുടരുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അതുണ്ടാകുന്നില്ലെന്നും ചിറ്റയം ആരോപിച്ചു.

കാബിനറ്റ് റാങ്കിലുള്ള ഡപ്യൂട്ടി സ്പീക്കർ തസ്തികയിലുള്ള തന്നെപ്പോലും ഇത്തരം വിവരങ്ങൾ അറിയിക്കുന്നില്ലെന്നു പറഞ്ഞ ചിറ്റയം, മേളയുടെ വേദി നിശ്ചയിച്ചതിലും എതിർപ്പ് പ്രകടിപ്പിച്ചു. ജില്ലാ ഭരണകൂടമാണു എന്റെ കേരളം പരിപാടിയിൽ പങ്കെടുക്കേണ്ട ജനപ്രതിനിധികളെ ക്ഷണിച്ചതെന്നും പരിപാടിയുടെ സംഘാടക സമിതിയോഗം മുതൽ എംഎൽഎമാരുൾപ്പെടെയുള്ളവരെ കലക്ടറേറ്റിൽനിന്നാണു ക്ഷണിച്ചിട്ടുള്ളതെന്നുമായിരുന്നു ഈ വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം. ചിലർ അസൗകര്യം പറഞ്ഞു യോഗങ്ങളിൽ പങ്കെടുത്തില്ലെന്നും മേള നടത്താൻ സംസ്ഥാന സർക്കാർ അതതു ജില്ലാ ഭരണകൂടങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.

∙ ‘മകളുടെ വിവാഹത്തിന് അച്ഛനെ ക്ഷണിച്ചില്ലെന്നു പറയുന്നതു പോലെയുള്ള പരിഭവങ്ങളാണ് ഇപ്പോൾ ഉയരുന്നത്. കൂട്ടുത്തരവാദിത്തത്തോടെയാണു പരിപാടികൾ നടത്തേണ്ടത്. അതുകൊണ്ടുതന്നെ നടത്തിപ്പു ചുമതലയിലുള്ള ആരെയും അങ്ങോട്ടും ഇങ്ങോട്ടും ക്ഷണിക്കേണ്ട ആവശ്യമില്ല.’ – കെ.പി. ഉദയഭാനു (സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി)

∙ ‘എൽഡിഎഫിനുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. പൊതുചർച്ചയിലേക്ക് ഇതിനെ തള്ളിവിടാൻ ആഗ്രഹിക്കുന്നില്ല.’ – മാത്യു ടി. തോമസ് (തിരുവല്ല എംഎൽഎ)

Content Highlights: Chittayam Gopakumar, Veena George

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA