ADVERTISEMENT

കൊച്ചി ∙ രണ്ടു ടേമുകളിലായി 10 വർഷം അഡ്വക്കറ്റ് ജനറലായി സേവനം അനുഷ്ഠിച്ച അപൂർവതയ്ക്ക് ഉടമയായ മുതിർന്ന അഭിഭാഷകൻ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. ഉറച്ചു നിലപാടുകളുമായി ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ വിയോഗം രാത്രി 12ന് പൊന്നുരുന്നി റോഡ് ധന്യ ആട്സ് ക്ലബ് ജംക്‌ഷനു സമീപത്തെ വസതിയിൽ ആയിരുന്നു. സംസ്കാരം ഇന്ന് നാലരയ്ക്ക് പച്ചാളം ശ്മശാനത്തിൽ.

ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനായിരുന്ന അദ്ദേഹം 2006 മുതൽ 2011വരെ വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ആദ്യം അഡ്വക്കറ്റ് ജനറൽ (എജി) ആയത്. തുടർന്ന് 2016 മുതൽ 2021വരെആദ്യ പിണറായി വിജയൻ സർക്കാരിന്റെ കാലത്തും എജിയായി. ശ്രീനാരായണ ഗുരുദേവനെ ചികിത്സിച്ച വർക്കലയിലെ ചാവർകോട് വൈദ്യകുടുംബത്തിൽ,  സബ് റജിസ്ട്രാറായിരുന്ന എം. പദ്മനാഭൻറെയും കൗസല്യയുടെയും മകനായി ആണു ജനനം. 

വിഎസ് സർക്കാരിന്റെ കാലത്ത് എജിയായിരിക്കുമ്പോൾ ലാ‌വ്‌ലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടതില്ലെന്ന് നിയമോപദേശം നൽകിയത് വിവാദമായിരുന്നു. എസ്. ചന്ദ്രികയാണ് ഭാര്യ. ഡോ. സിനി രമേഷ് (അമൃത ആശുപത്രി, എറണാകുളം), എസ്. ദീപക് എന്നിവർ മക്കളും അഡ്വ. എസ്. രമേഷ്, നിലീന എന്നിവർ മരുമക്കളുമാണ്.

∙ മുഖ്യമന്ത്രി അനുശോചിച്ചു

സി.പി.സുധാകര പ്രസാദിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സുബ്രഹ്മണ്യൻ പോറ്റിയുടെ ജൂനിയർ ആയിരുന്ന അദ്ദേഹം ആദ്യകാലം മുതൽ പുരോഗമന പ്രസ്ഥാനത്തിനൊപ്പമായിരുന്നു. എന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു സുധാകര പ്രസാദ്. ഏൽപ്പിച്ച കാര്യങ്ങൾ കൃത്യമായി പൂർത്തീകരിക്കുന്ന അദ്ദേഹം സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശ്വസനീയമായ അഭിപ്രായങ്ങൾ തന്നു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ സംഘടനയെ മുന്നോട്ടു നയിക്കുന്നതിൽ നേതൃപരമായ പങ്കും അദ്ദേഹം വഹിച്ചുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

English Summary: C.P. Sudhakara Prasad passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com