വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഇന്ന് വിശുദ്ധ പദവിയിലേക്ക്

HIGHLIGHTS
  • വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ചടങ്ങ്
devasahayam-pillai
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുസ്വരൂപവും തിരുശേഷിപ്പും ബാലരാമപുരം കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ.
SHARE

തിരുവനന്തപുരം ∙ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ ഇന്നു വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തും. ഇന്ത്യയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ അൽമായ രക്തസാക്ഷിയാണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ രാവിലെ 10.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30) ആണു ചടങ്ങ്. മാർപാപ്പ നേതൃത്വം നൽകുന്ന കുർബാനയിൽ മറ്റ് 9 പേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിക്കും. ആഹ്ലാദസൂചകമായി കത്തോലിക്കാ ദേവാലയങ്ങളിൽ ഇന്ന്  2.30നു മണി മുഴങ്ങും. ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ദേശീയതല ആഘോഷം ഭൗതിക ശരീരം അടക്കം ചെയ്ത നാഗർകോവിൽ കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജൂൺ 5ന്  നടക്കും.

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലത്ത് 1712 ഏപ്രിൽ 23ന് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്തു ക്രിസ്തുമതം സ്വീകരിച്ചു ദേവസഹായം പിള്ളയായി മാറിയത്. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സൈന്യത്തിൽ ഉന്നതപദവി വഹിച്ചിരുന്നു. വടക്കാൻകുളം പള്ളിയിലെ ഇൗശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയിൽ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തുമതത്തിൽ അടിയുറച്ചു വിശ്വസിച്ച ദേവസഹായം പിള്ള കാറ്റാടിമലയിൽ 1752 ജനുവരി 14ന് വെടിയേറ്റു മരിച്ചുവെന്നാണു ചരിത്രം. 2012 ഡിസംബർ 2നാണ് വാഴ്ത്തപ്പെട്ടവനായി  പ്രഖ്യാപിച്ചത്.

യഹൂദരെ സഹായിച്ചതിന് നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട പുരോഹിതൻ ടൈറ്റസ് ബ്രാൻഡ്സ്മ, സിസ്റ്റേഴ്സ് ഓഫ് ദ് പ്രസന്റേഷൻ ഓഫ് മേരി സന്യാസിനി സഭയ്ക്കു രൂപം നൽകിയ ഫ്രഞ്ച് കന്യാസ്ത്രീ  മേരി റിവിയർ, കപ്പൂച്ചിൻ സിസ്റ്റേഴ്സ് ഓഫ് ദി ഇമാക്കുലേറ്റ് ഓഫ് ലൂർദ്സ് എന്ന സന്യാസിനി സഭയ്ക്കു തുടക്കം കുറിച്ച ഇറ്റാലിയൻ കന്യാസ്ത്രീ കരോലിന സാന്റോകനാലെ, ട്രാപിസ്റ്റ് സഭയിൽ ഫ്രാൻസിലും സിറിയയിലുമായി ആശ്രമജീവിതം നയിച്ച  ചാൾസ് ഡെ ഫുക്കോൾഡ്, ഫാദേഴ്സ് ഓഫ് ക്രിസ്റ്റ്യൻ ഡോക്ടറിൻ സഭയുടെ സ്ഥാപകനും ഫ്രഞ്ചുകാരനുമായ സെസാർ ഡെ ബൂസ്, ഇറ്റാലിയൻ പുരോഹിതനും സിസ്റ്റേഴ്സ് ഓഫ് ദ് പുവർ സന്യാസിനി സഭയുടെ സ്ഥാപകനുമായ ലൂയിജി മരിയ പാലാസോളോ, സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷന്റെയും വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്സിന്റെയും സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഗിയുസ്റ്റിനോ മരിയ റുസോലില്ലോ, ഇറ്റാലിയൻ കന്യാസ്ത്രീയും കപ്പൂച്ചിൻ സിസ്റ്റേഴ്സ് ഓഫ് മദർ റുബാറ്റോ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായ അന്നാ മരിയ റുബാറ്റോ, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ് ഹോളി ഫാമിലി സഭയുടെ സഹസ്ഥാപകയും ഇറ്റാലിയൻ കന്യാസ്ത്രീയുമായ  മരിയ ഡൊമേനിക്കാ മാന്റോവനി എന്നിവരെയും ഇന്നു മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.

Content Highlight: Devasahayam Pillai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA