ADVERTISEMENT

കോട്ടയം ∙ ആരോഗ്യ അറിവുകൾ തലമുറകൾക്കു പകർന്നു നൽകിയ പ്രമുഖ ഡോക്ടർ കെ.പി.ജോർജ് (94) അന്തരിച്ചു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. മൃതദേഹം ഇന്നു വൈകിട്ട് ആറിന് മാങ്ങാനം കുരിശിനു സമീപത്തെ കടവിൽ വീട്ടിൽ എത്തിക്കും. നാളെ 11 ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം 12 ന് കോട്ടയം ചെറിയപള്ളിയുടെ പുത്തൻപള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: മറിയം ജോർജ് (മാരാമൺ തേവറുതുണ്ടി കുടുംബാംഗം). മക്കൾ: പൗലോസ് ജോർജ് (പുണെ), തോമസ് ജോർജ് (മലയാള മനോരമ, സർക്കുലേഷൻ വിഭാഗം, കൊച്ചി). മരുമക്കൾ: ബിന്ദു (കോതമംഗലം, കുളിരാങ്കൽ കുടുംബാംഗം) ലിനു തോമസ് (പാലക്കാട് പുള്ളിപ്പടവിൽ കുടുംബാംഗം.)

ഇന്ത്യൻ മെ‍ഡിക്കൽ അസോസിയേഷന്റെയും ഇന്ത്യൻ ഫിസിഷ്യൻ അസോസിയേഷന്റെയും സംസ്ഥാന പ്രസിഡന്റായിരുന്ന ഡോ. ജോർജ് മനോരമ ആഴ്ചപ്പതിപ്പിൽ 39 വർഷം കൈകാര്യം ചെയ്ത ആരോഗ്യ പംക്തി ഏറെ ജനപ്രിയമായിരുന്നു.

തൃശൂർ ചെമ്പുക്കാവ് കടവിൽ വീട്ടിൽ ഹൈക്കോടതി ജഡ്ജിയായിരുന്ന കെ.എ.പൗലോസിന്റെയും മറിയത്തിന്റെയും മകനായി 1928 ജനുവരി 21ന് ജനിച്ചു. 1945 ൽ മദ്രാസ് മെഡിക്കൽ കോളജിൽ പഠനത്തിനായി കൊച്ചി സംസ്ഥാനത്തുനിന്നു തിരഞ്ഞെടുക്കപ്പെട്ട 2 വിദ്യാർഥികളിൽ ഒരാളായിരുന്നു. 1957ൽ ബ്രിട്ടനിൽ ട്രോപ്പിക്കൽ മെഡിസിൻ, എൻഡോക്രൈനോളജി എന്നിവയിൽ ഉപരിപഠനവും പരിശീലനവും നേടി.

കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെ‍‍ഡിക്കൽ കോളജുകളിലും ആലപ്പുഴ, തൃശൂർ ജില്ലാ ആശുപത്രികളിലും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിന്റെ അധ്യാപകനാണ്. തുടർച്ചയായ സ്ഥലംമാറ്റങ്ങളിൽ മനം മടുത്ത് ഇനിയും സ്ഥാനക്കയറ്റം വേണ്ടെന്ന് 1980ൽ സർക്കാരിലേക്ക് എഴുതി. 1983ൽ കോട്ടയം മെഡിക്കൽ കോളജിൽനിന്നു വിരമിച്ചു.

English Summary: Dr. KP George passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com