ADVERTISEMENT

കോട്ടയം ∙ ഡോ. കെ.പി.ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കാലം. ഗില്ലൻ ബാരി സിൻഡ്രോം എന്ന ഗുരുതര രോഗം ബാധിച്ചു കൈകാലുകൾ തളർന്ന പത്തു വയസ്സുകാരി കൊച്ചുറാണി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു.  വേദനകൾ മറന്ന് ചിരിയോടെ സംസാരിക്കുന്ന കൊച്ചുറാണി ഡോ. കെ.പി.ജോർജിനും പ്രിയപ്പെട്ടവളായി.

കൊച്ചുറാണിക്കുള്ള മിഠായി കോട്ടിന്റെ പോക്കറ്റിൽ കരുതിയാണ് എന്നും ഡോ. ജോർജ് വാർഡിൽ പരിശോധനയ്ക്ക് എത്തിയിരുന്നത്. ഒരിക്കൽ കൊച്ചുറാണി ഡോക്ടറോട് ഒരു ആഗ്രഹം പറഞ്ഞു– തനിക്കു വേണ്ടി ഒരു പാട്ട് പാടണം. പിറ്റേന്ന് ഡോ. കെ.പി. ജോർജ് പുല്ലാങ്കുഴലുമായാണ് ആശുപത്രിയിൽ എത്തിയത്. കൊച്ചുറാണിക്കു വേണ്ടി ‘ഓമനത്തിങ്കൾ കിടാവോ’ എന്ന താരാട്ടു പാട്ട് പാടി. പുല്ലാങ്കുഴലും വായിച്ചു. കൊച്ചുറാണി അൽപനേരത്തേക്കെങ്കിലും വേദനകൾ മറന്ന് ആശ്വസിച്ചു. ആ കുട്ടി അധികം വൈകാതെ ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും ആ കുഞ്ഞുമുഖം മനസ്സിൽ മായാതെ നിന്നിരുന്നു എന്ന് ഡോ. കെ.പി ജോർജ് പറയുമായിരുന്നു.

dr-kp-george-12

എല്ലാ സംഗീത ഉപകരണങ്ങളും വായിക്കാൻ അറിയുന്ന പ്രതിഭ കൂടിയായിരുന്നു ഡോ. ജോർജ്. പുല്ലാങ്കുഴലായിരുന്നു ഇഷ്ട സംഗീത ഉപകരണം. ഗാനങ്ങൾ രചിക്കുകയും അതിന് ഈണം നൽകി പാടുകയും ചെയ്തിരുന്നു. കോട്ടയം പഴയ സെമിനാരിയിലെ ഫാ. എം.പി.ജോർജിന്റെ നേതൃത്വത്തിലുളള ശ്രുതി സ്കൂൾ ഓഫ് മ്യൂസിക്കിലെ ‘സുമോറോ ക്വയറിൽ’ അംഗമായിരുന്നു. 1976ൽ ആരംഭിച്ച ‘കോട്ടയം സംഗീത സഭ’യുടെ സ്ഥാപക അംഗമായിരുന്നു.

രണ്ടു മെഡിക്കൽ കോളജുകളിലെ ആദ്യ ബാച്ചുകളെ പഠിപ്പിച്ച അധ്യാപകനാണ് ഡോ. കെ.പി.ജോർജ്. കേരളത്തിലെ ആദ്യ മെഡിക്കൽ കോളജായ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചിനെ പഠിപ്പിക്കാൻ അവസരം ലഭിച്ചു. മൂന്നാമത്തെ മെഡിക്കൽ കോളജായി കോട്ടയം മെഡിക്കൽ കോളജ് തുടങ്ങിയപ്പോഴും ആദ്യ ബാച്ചിന്റെ അധ്യാപകനായി.

സർക്കാർ സർവീസിൽ നിന്നു വിരമിച്ച ശേഷം കോട്ടയം ചെറിയപള്ളി ആശുപത്രി, മണർകാട് സെന്റ് മേരീസ്, കരിപ്പാൽ, വാസൻ ഐ കെയർ തുടങ്ങിയ ആശുപത്രികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലും അധ്യാപകനായിരുന്നു. ആരോഗ്യ സംബന്ധമായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ച ഡോ. ജോർജ്, ഏതാനും ക്രിസ്തീയ ഭക്തിഗാനങ്ങൾക്കു സംഗീതം പകർന്നിട്ടുണ്ട്. 

മനോരമ ആഴ്ചപ്പതിപ്പിലെ പ്രിയപ്പെട്ട ഡോക്ടർ

ഡോ.കെ.പി. ജോർജ് മനോരമ ആഴ്ചപ്പതിപ്പിൽ 39 വർഷം മുടക്കമില്ലാതെ ആരോഗ്യ പംക്തി കൈകാര്യം ചെയ്തു. വായനക്കാരുടെ നാൽപത്തയ്യായിരത്തിലധികം ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ‘നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ’ എന്നായിരുന്നു ആ പംക്തിയുടെ ആദ്യ പേര്. 

Content Highlight: Dr. K.P. George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com