മണിച്ചനെ തുണച്ചത് 433എ; കോടതി പറയും മുൻപേ മോചിപ്പിക്കാൻ നീക്കവുമായി സർക്കാർ

HIGHLIGHTS
  • മോചിപ്പിക്കുന്നത് ‌പരിശോധിക്കാൻ സമിതി രൂപീകരിച്ചതു 2021 ഒക്ടോബറിൽ: കോടതി നിർദേശം നാലു മാസത്തിനുശേഷം
manichan-1
മണിച്ചൻ
SHARE

തിരുവനന്തപുരം ∙ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനെ മോചിപ്പിക്കാനുള്ള നടപടി സർക്കാർ തുടങ്ങിയതു സുപ്രീംകോടതി ഇടപെടലിനു നാലു മാസം മുൻപേ. ദീർഘകാലമായി ജയിലിൽ കഴിയുന്ന 184 പേരുടെ പട്ടിക പരിശോധിച്ചു മോചിപ്പിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയാറാക്കി നൽകാൻ ഉപസമിതിയെ ചുമതലപ്പെടുത്തിയത് 2021 ഒക്ടോബറിൽ. ഈ പട്ടികയിൽ മണിച്ചനും ഉൾപ്പെട്ടിരുന്നു. മണിച്ചന്റെ മോചനം അഭ്യർഥിച്ച് ഭാര്യ ഉഷ ചന്ദ്രൻ നൽകിയ റിട്ട് ഹർജിയിൽ നിലപാടറിയിക്കാൻ സുപ്രീംകോടതി സർക്കാരിനോടു നിർദേശിച്ചത് 2022 ഫെബ്രുവരി 4നു മാത്രമാണ്.

എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്, അർഹതയുള്ള മുഴുവൻ തടവുകാർക്കും ഇളവുകൾ നൽകാൻ ഒക്ടോബറിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് 184 ജീവപര്യന്തക്കാരുടെ പഴയ പട്ടിക സർക്കാർ പൊടി തട്ടിയെടുത്തത്. ജയിൽ ഉപദേശക സമിതികൾ പല ഘട്ടത്തിൽ അപേക്ഷ തള്ളിയവരുടെ പട്ടികയായിരുന്നു ഇത്.

ആഭ്യന്തര, നിയമ സെക്രട്ടറിമാരും ജയിൽ ഡിജിപിയും ഉൾപ്പെടുന്ന സമിതിക്കു കീഴിൽ ഇതിനായി ഉപസമിതി രൂപീകരിച്ചു. ഉപസമിതി 67 പേരുടെ പട്ടിക മാർച്ചിൽ തയാറാക്കി. ഇതിൽ മണിച്ചനും പ്രവീൺ വധക്കേസ് പ്രതി മുൻ ഡിവൈഎസ്പി ഷാജിയും ഉൾപ്പെട്ടിരുന്നു. സർക്കാർ നിർദേശപ്രകാരം ആഭ്യന്തര, നിയമ സെക്രട്ടറിമാരുടെ സമിതി വീണ്ടും പരിശോധന നടത്തി 33 പേരായി ചുരുക്കി. ഇതിന് സർക്കാർ അംഗീകാരം നൽകി. 

അതേസമയം, മണിച്ചന്റെ ഭാര്യ നൽകിയ ഹർജിയിൽ സംസ്ഥാന ജയിൽ ഉപദേശക സമിതി വഴി തീരുമാനമെടുക്കണമെന്ന നിർദേശമാണു ഫെബ്രുവരി 4നു കോടതി നൽകിയത്. ആഭ്യന്തരവകുപ്പ് അഭ്യർഥന പ്രകാരം ഇക്കാര്യം പരിഗണിക്കാൻ  സംസ്ഥാന ജയിൽ ഉപദേശക സമിതി ഫെബ്രുവരി 18നു യോഗം ചേർന്നു. എന്നാൽ, മണിച്ചന്റെ മോചനകാര്യം സർക്കാർ നിയോഗിച്ച സമിതിയുടെ പരിഗണനയിലുണ്ടെന്ന് ആഭ്യന്തര വകുപ്പു തന്നെ സമിതിയെ അറിയിച്ചു. ഉപദേശകസമിതി നിലവിലിരിക്കെ, സർക്കാർ നിയോഗിച്ച മറ്റൊരു സമിതി മണിച്ചന്റെ മോചനകാര്യം പരിഗണിച്ചതിൽ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. 

ഇതേസമയം, മണിച്ചനടക്കമുള്ളവരെ മോചിപ്പിക്കണമെന്ന ശുപാ‍ർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ തീരുമാനം എടുത്തില്ല. ഗവർണർ സർക്കാരിനോട് വിശദീകരണം തേടാനും സാധ്യതയുണ്ട്.

മണിച്ചനെ തുണച്ചത് 433 എ വകുപ്പ്

മണിച്ചനെ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ കൂട്ടുപിടിച്ചത് സിആർപിസി 433 എ വകുപ്പ്.  വിഷമദ്യം കഴിച്ച് 31 പേർ മരിച്ചെങ്കിലും മണിച്ചൻ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത് അബ്കാരി നിയമപ്രകാരമാണ്. വധശിക്ഷ ലഭിക്കാവുന്ന വകുപ്പ് ഉൾപ്പെടാത്തതിനാൽ സിആർപിസി 433 എ മണിച്ചനു ബാധകമല്ല. 

Content Highlights: Kalluvathukkal Manichan, Kalluvathukkal Liquor Tragedy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA