തൊടുപുഴ∙ കുമാരമംഗലത്ത് മർദനമേറ്റു കൊല്ലപ്പെട്ട 7 വയസ്സുള്ള ആൺകുട്ടി സ്വന്തം അച്ഛന്റെ കൊലപാതകം നേരിട്ടു കണ്ടെന്നു സൂചന. കുട്ടിയെ കൊന്ന കേസിലെ പ്രതി അരുൺ ആനന്ദിനെ (39) കുട്ടിയുടെ പിതാവ് ബിജുവിന്റെ(38) മരണം സംബന്ധിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണു ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട സൂചനകൾ പൊലീസിനു ലഭിച്ചത്.
കൊല്ലപ്പെട്ട കുട്ടിയുടെ അനിയനെ ലൈംഗികമായി ആക്രമിച്ചെന്ന കേസിൽ അരുൺ ആനന്ദിനെ മുട്ടം കോടതി കഴിഞ്ഞ ദിവസം 21 വർഷം തടവിനു ശിക്ഷിച്ചിരുന്നു. കഴുത്ത് ഞെരിച്ചപ്പോൾ അസ്ഥികൾ പൊട്ടി ശ്വാസംമുട്ടിയാണ് ബിജു മരിച്ചതെന്ന രണ്ടാമത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ബിജുവിന്റെ മരണത്തിൽ അരുണിനെ വീണ്ടും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് അനുമതി തേടിയിട്ടുണ്ട്
2018 മേയ് 23നാണു ബിജു തൊടുപുഴയിലെ ഭാര്യവീട്ടിൽ മരിച്ചത്. സാധാരണ മരണമെന്നായിരുന്നു കരിമണ്ണൂർ പൊലീസിന്റെ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഹൃദയാഘാതമെന്നു കണ്ടെത്തിയതോടെ അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ബിജുവിന്റെ ഭാര്യയോടൊപ്പം അരുൺ ആനന്ദ് താമസമാക്കി. 2019 ഏപ്രിൽ 6നു ബിജുവിന്റെ 7 വയസ്സുള്ള മൂത്ത കുട്ടിയും കൊല്ലപ്പെട്ടു. സോഫയിൽ മൂത്രമൊഴിച്ചതിനു ഭിത്തിയിലേക്കു വലിച്ചെറിഞ്ഞപ്പോൾ തലയ്ക്കുണ്ടായ ക്ഷതമായിരുന്നു കുട്ടിയുടെ മരണത്തിനു കാരണം.
ഈ കേസിൽ അരുൺ ആനന്ദ് പ്രതിയായതോടെയാണ് ബിജുവിന്റെ മരണത്തെപ്പറ്റി ബന്ധുക്കൾക്കു സംശയം വന്നത്. തുടർന്ന് ബിജുവിന്റെ പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതോടെ ക്രൈംബ്രാഞ്ച് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
English Summary: More clue in biju death case