ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോർപറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളും അടക്കം 36 അർ‌ധ സർക്കാർ സ്ഥാപനങ്ങളുടെ കടം 31,800 കോടി രൂപയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) വർഷാന്ത്യ റിപ്പോർട്ട്. ഗാരന്റീസ് ആക്ട് പ്രകാരം ഇൗ സ്ഥാപനങ്ങൾ എടുത്ത വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാധ്യത സർക്കാരിന്റെ ചുമലിലാകും.

കിഫ്ബിയുടെയും കൊച്ചി മെട്രോയുടെയും കടങ്ങളും സർക്കാർ ബാധ്യതകളുടെ പട്ടികയിൽ സിഎജി ഉൾപ്പെടുത്തി. ഇത് സിൽവർലൈൻ പദ്ധതിക്കായി കിഫ്ബി വഴിയും ഹഡ്കോയിൽ നിന്നും സർക്കാർ എടുക്കാൻ ലക്ഷ്യമിടുന്ന വായ്പകളെയും ബാധിക്കുമെന്ന് ഇതോടെ ഉറപ്പായി. സർക്കാർ ജാമ്യത്തിൽ എടുത്ത വായ്പത്തുക സർക്കാരിന് ഇൗ വർഷം കടമെടുക്കാവുന്ന 32,435 കോടിയിൽ നിന്നു കുറവു ചെയ്യുമെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

മറ്റു സ്ഥാപനങ്ങൾ എടുത്ത വായ്പകളെല്ലാം കേന്ദ്രം വെട്ടിക്കുറച്ചാൽ ഇൗ വർഷം സർക്കാരിനു കടമെടുക്കാൻ‌ കഴിയുന്ന തുക വെറും 1,000 കോടിയിൽ താഴെയാവും. അതിനാൽ, സ്ഥാപനങ്ങളുടെ കടം സർക്കാരിന്റെ കണക്കിൽ പെടുത്തരുതെന്നു കേന്ദ്രത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കുകയാണ് കേരളം. മൂന്നേകാൽ ലക്ഷം കോടിയാണ് കേരളത്തിന്റെ പൊതുകടം.

സിഎജി മാർച്ച് 31ന് തയാറാക്കിയ കണക്കനുസരിച്ച് കെഎസ്എഫ്ഇ (12,974 കോടി), കോ–ഓപ്പറേറ്റീവ് അഗ്രികൾചറൽ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്ക് (5,830 കോടി), കെഎസ്ആർടിസി (3,178 കോടി), കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (3,054 കോടി), സാമൂഹിക സുരക്ഷാ പെൻഷൻ ലിമിറ്റ‍ഡ് (1,773 കോടി), കൊച്ചി മെട്രോ (1,110 കോടി), പിന്നാക്ക വികസന കോർപറേഷൻ (1,078 കോടി), കെടിഡിഎഫ്സി (832 കോടി), കിഫ്ബി (550 കോടി) എന്നിങ്ങനെയാണു കടമെടുത്തിട്ടുള്ളത്.

English Summary: Public sector organisation debt also liability for government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com