ADVERTISEMENT

നിലമ്പൂർ ∙ ഒറ്റമൂലി രഹസ്യം തേടി തട്ടിക്കൊണ്ടുവന്ന പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ നിർണായകമായ തെളിവുകൾ ഫൊറൻസിക് പരിശോധനയിൽ ലഭിച്ചു. വൈദ്യനെ ഒരു വർഷത്തിലേറെ തടവിൽ പാർപ്പിച്ച നിലമ്പൂർ മുക്കണ്ടയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണു തെളിവുകൾ ലഭിച്ചത്. 

കൊലപാതകത്തിനു ശേഷം മൃതദേഹം പുഴയിൽ തള്ളാനായി കൊണ്ടുപോയ കാറിലും സംഘം പരിശോധന നടത്തിയിരുന്നു. രക്തക്കറ, മുടി ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചതായി ഫൊറൻസിക് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതു തൃശൂരിലെ ലാബിലെത്തിച്ചു പരിശോധിക്കും. അന്വേഷണത്തിനു സഹായകരമാകുന്ന നിർണായക  തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫൊറൻസിക് സംഘം.

ലഭിച്ച തെളിവുകൾ കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റേതു തന്നെയാണോ എന്ന് സാംപിൾ പരിശോധനയിൽ വ്യക്തമാകും. തെളിവുകൾ കോടതിയിൽ ഹാജരാക്കിയ ശേഷമാണു ലാബിലേക്കു കൈമാറുക. പരിശോധനാഫലം അധികം വൈകാതെ ലഭ്യമാകും. മൃതശരീരത്തിന്റെ ഭാഗങ്ങൾ ലഭിക്കാത്തതിനാൽ ഫൊറൻസിക് പരിശോധനാഫലം അന്വേഷണത്തിൽ നിർണായകമാകും. 

വൈദ്യനെ ഒളിവിൽ താമസിപ്പിച്ചിരുന്ന മുഖ്യപ്രതി ഷൈബിന്റെ വീട്ടിൽ 2 ദിവസമായി ഫൊറൻസിക് സംഘം നടത്തിയ പരിശോധന ഇന്നലെ അവസാനിച്ചു. ഷാബാ ഷരീഫിനെ താമസിപ്പിച്ചിരുന്ന ശുചിമുറിയിൽനിന്ന് ഇളക്കിമാറ്റിയ ടൈ‍ൽ, സിമന്റ്, മണ്ണ് എന്നിവ സംഘം പരിശോധിച്ചിരുന്നു. ശുചിമുറിയിൽനിന്ന്  പുറത്തേക്കുള്ള പൈപ്പിൽനിന്നു രക്തക്കറ കണ്ടെത്തി. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽനിന്നു ലഭിച്ച തലമുടി നിർണായക തെളിവാകും.കൊലപാതകം നടത്തിയ വീട്ടിലെത്തിയ ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് അന്വേഷണ പുരോഗതി വിലയിരുത്തി. ഒന്നാം പ്രതി ഷൈബിൻ, പൊന്നക്കാരൻ ഷിഹാബുദ്ദീൻ, നടുത്തൊടിക നിഷാദ് എന്നിവർ റിമാൻഡിലാണ്.

Content Highlight: Shaba Sherif murder case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com