ADVERTISEMENT

തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർധന്യത്തിൽ സിൽവർലൈൻ സർവേക്കല്ലിടൽ സർക്കാർ വേണ്ടെന്നുവച്ചതു തങ്ങളുടെ രാഷ്ട്രീയ വിജയമായി പ്രചാരണരംഗത്തു പ്രതിപക്ഷം ഉയർത്തിക്കാട്ടും. കല്ലിടലിനെതിരെ ആദ്യം രംഗത്തുവന്നതും കല്ലു പറിക്കാൻ ഇറങ്ങിയതും യുഡിഎഫ് നേതൃത്വമാണ്. സാമൂഹികാഘാത പഠനത്തിനു കല്ലിട്ടേ പറ്റൂവെന്ന് ഇന്നലെ വരെ ആവർത്തിച്ച സർക്കാരിനും എൽഡിഎഫിനും നിലപാടു മാറ്റം വോട്ടർമാർക്കിടയിൽ വിശദീകരിക്കുക എളുപ്പമാകില്ല. 

കല്ലിടലിന്റെ പേരിൽ പ്രാദേശികമായി പൊലീസും സമരക്കാരും തമ്മിലുള്ള സംഘർഷമായിരുന്നു ആദ്യഘട്ടത്തിൽ. സർവേക്കല്ലുകൾ പറിക്കാനുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ആഹ്വാനം കല്ലിടൽ കേന്ദ്രങ്ങൾ ഭരണ–പ്രതിപക്ഷ പോരാട്ടത്തിനു വേദിയായി. 

കല്ലു പറിക്കാനെത്തുന്നവരുടെ പല്ലു പറിക്കുമെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മറുപടി നൽകി. ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുതെടുത്ത കല്ല് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ തിരികെ സ്ഥാപിച്ചു. കെ.സുധാകരന്റെ നാടായ കണ്ണൂർ നടാലിൽ സമരക്കാരെ സിപിഎം പ്രവർത്തകർ അടിച്ചോടിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനും കലക്ടറേറ്റും ഉൾപ്പെടെ സർക്കാർ ഓഫിസുകളിൽ പ്രതീകാത്മകമായി കല്ലിട്ടു കൊണ്ടാണു യുഡിഎഫ് പ്രതിഷേധം കനപ്പിച്ചത്. ബിജെപിയാകട്ടെ ഒരു പടി കൂടി കടന്ന് ക്ലിഫ് ഹൗസ് വളപ്പിനു സമീപം കല്ലിട്ടു. 

സംഘർഷം അതിരു വിട്ടപ്പോൾ ‘ഇങ്ങനെ കല്ലിടുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ’യെന്ന് ഒരു ഘട്ടത്തിൽ ഹൈക്കോടതി പോലും ചോദിച്ചു. എന്നാൽ കല്ലിടൽ നിർബന്ധമാണെന്നായിരുന്നു സർക്കാരും കെ–റെയിലും ഇടതുമുന്നണിയും ആവർത്തിച്ചത്. പദ്ധതിയെക്കുറിച്ചു വിശദീകരിക്കാൻ ജില്ലകളിൽ വിളിച്ച യോഗങ്ങളിലും കല്ലിടൽ അത്യാവശ്യമെന്നു സ്ഥാപിച്ചു. 

ഇതിൽ നിന്നെല്ലാം ‘യു ടേൺ’ എടുത്തതിനു പുതിയ വിശദീകരണങ്ങൾ കണ്ടെത്തേണ്ടി വരും. ജനങ്ങളെ എതിരാക്കിയുള്ള സർവേയ്ക്കു തുടക്കം മുതൽ സിപിഐ എതിരായിരുന്നു. സിപിഐ ഭരിക്കുന്ന റവന്യു വകുപ്പിനു കീഴിലുള്ള വിഷയമായതിനാൽ, പാർട്ടി സമ്മേളനങ്ങളിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നു. 

പദ്ധതി ആവശ്യമെങ്കിലും അതു പ്രതിപക്ഷത്തിനു രാഷ്ട്രീയ ആയുധമാക്കാൻ അവസരം നൽകരുതെന്ന മുന്നറിയിപ്പ് സിപിഎമ്മിലുമുണ്ടായി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ആദ്യം കല്ലിടൽ മരവിപ്പിച്ച ശേഷമാണ്, കല്ലിടൽ നിർബന്ധമല്ലെന്ന തീരുമാനത്തിലേക്ക് ഇപ്പോൾ സർക്കാരെത്തിയത്. 

English Summary: Government decision on silverline stone laying political victory for UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com