ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ പാത കടന്നുപോകുന്ന 530 കിലോമീറ്ററിൽ ഏതാണ്ട് ഇരുനൂറിലേറെ കിലോമീറ്റർ അലൈൻമെന്റ് റെയിൽവേ ഭൂമിയിലൂടെയാണ്. ഇവിടെ കല്ലിടേണ്ടെന്നു നേരത്തേ തീരുമാനിച്ചിരുന്നു. ബാക്കി ഏകദേശം 330 കിലോമീറ്ററിൽ 190 കിലോമീറ്ററിലാണ് സാമൂഹികാഘാത പഠനത്തിനായി ഇതുവരെ കല്ലിട്ടത്.

ഏറ്റവുമധികം സ്ഥാപിച്ചതു കാസർകോട് ജില്ലയിലാണ്– 42.6 കിലോമീറ്ററിലായി 1651 കല്ലുകൾ. തൊട്ടുപിന്നിൽ കണ്ണൂരാണ് – 36.9 കിലോമീറ്ററിൽ 1130. പതിനൊന്നു ജില്ലകളിൽ കൂടിയാണ് സിൽവർലൈൻ പദ്ധതി കടന്നുപോകുന്നത്. അതിൽ പത്തനംതിട്ടയിൽ ഒരു കല്ലുപോലും ഇടാനായില്ല.

കല്ലിടൽ തടസ്സപ്പെട്ട സ്ഥലങ്ങളിൽ സാമൂഹികാഘാത പഠനം ആരംഭിച്ചിട്ടില്ല. കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളിൽ പഠനം തുടങ്ങിവച്ചു. മറ്റ് 6 ജില്ലകളിൽ അതുമില്ല. സർവേ അതിരടയാള നിയമം അനുശാസിക്കുന്നതിനാൽ കല്ലിടുന്നുവെന്നാണ് കെ–റെയിൽ പറഞ്ഞിരുന്നത്. എന്നാൽ, കേരളത്തിലെ രീതി കല്ലിടലായതുകൊണ്ടാണ് ആദ്യം ആ മാർഗം സ്വീകരിച്ചതെന്നും ഇതു നിർബന്ധമല്ലെന്നും കെ–റെയിൽ എംഡി ഇപ്പോൾ പറയുന്നു.

ജിപിഎസ് സർവേ ഇങ്ങനെ

ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലിഡാർ (ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ്) ആകാശ സർവേ നടത്തിയാണു രണ്ടു വർഷം മുൻപ് സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റ് നിശ്ചയിച്ചത്. ലിഡാർ ഉപകരണം ഘടിപ്പിച്ച ചെറുവിമാനം കൊച്ചുവേളി മുതൽ കാസർകോട് വരെ പറത്തി 600 മീറ്റർ വീതിയിൽവരെ  ത്രിമാന ചിത്രങ്ങൾ ശേഖരിച്ചശേഷം ഇരുവശത്തും 25 മീറ്റർ വീതിയിലുള്ള ഡേറ്റയാക്കി മാറ്റി. അലൈൻമെന്റ് പരിധിയിലെ പ്രദേശങ്ങളുടെ ലൊക്കേഷൻ  ഉപഗ്രഹ സഹായത്തോടെ മനസ്സിലാക്കി ജിപിഎസ്, ഡിഫറൻഷ്യൽ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പഠനം നടത്താൻ സഹായിക്കാനാണ് ഇപ്പോഴത്തെ നിർദേശം. 

ഭൂമി ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ (ജിയോ ടാഗ്) സംയോജിപ്പിച്ച് അടയാളങ്ങൾ പതിപ്പിച്ച് അതിർനിർണയിക്കാനാണു നിർദേശത്തിൽ പറയുന്നത്. ഭിത്തിയിലോ മരങ്ങളിലോ കെട്ടിടങ്ങളിലോ ചിഹ്നമോ പെയിന്റോ ഇടുന്നതാണ് അടയാളപ്പെടുത്തൽ എന്നാണ് കെ–റെയിൽ എംഡി സൂചിപ്പിക്കുന്നത്.

Content Highlight: Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com