പകുതി ശമ്പളമെങ്കിലും കൊടുക്കാൻ കെഎസ്ആർടിസി; ചർച്ച തുടങ്ങി

HIGHLIGHTS
  • ശമ്പളം കൊടുക്കൽ മന്ത്രിയുടെ പണിയല്ലെന്ന് ആന്റണി രാജു
KSRTC Bus
SHARE

തിരുവനന്തപുരം∙ ജീവനക്കാർക്ക് ഈ മാസം പകുതി ശമ്പളമെങ്കിലും കൊടുക്കുന്നതിനുള്ള നീക്കം കെഎസ്ആർടിസി ആരംഭിച്ചു. എന്നാൽ ഇതു വിജയിക്കുമോ എന്നതിൽ വലിയ പ്രതീക്ഷയില്ല. ഇന്ധനക്കമ്പനികൾക്കുള്ള തിരിച്ചടവു തുക വൈകിപ്പിച്ച് ആ പണം ശമ്പളമായി നൽകാനാകുമോ എന്നാണ് ആലോചന. സർക്കാർ നൽകിയ 30 കോടി രൂപ കയ്യിലുണ്ട്. 

പക്ഷേ ഈ നീക്കത്തിന് ഇന്ധനക്കമ്പനികൾ അനുകൂല നിലപാട് സ്വീകരിക്കണം. ഇന്നലെ കമ്പനികളുമായി ചർച്ച തുടങ്ങിയെങ്കിലും അവർ സമ്മതിച്ചിട്ടില്ല. ചർച്ച വിജയിച്ചാൽ ജീവനക്കാർക്ക് 21 മുതൽ ഭാഗികമായി ശമ്പളം നൽകുമെന്ന് മാനേജ്മെന്റ് സൂചന നൽകി. എന്നാൽ ഉറപ്പ് നൽകാൻ കഴിയുന്നില്ല.

അതിനിടെ, കെഎസ്ആർടിസിയിലെ വരവുചെലവ് കണക്കുനോക്കലും ശമ്പളം കൊടുക്കലും മന്ത്രിയുടെ പണിയല്ലെന്നും അതിനാണു മാനേജ്മെന്റിനെ നിയോഗിച്ചിരിക്കുന്നതെന്നും മന്ത്രി ആന്റണി രാജു തുറന്നടിച്ചു. തന്റെയോ വകുപ്പിന്റെയോ സർക്കാരിന്റെയോ പിടിപ്പുകേട് കൊണ്ടല്ല ഇപ്പോഴത്തെ പ്രതിസന്ധി. സർക്കാരിന് എല്ലാക്കാലത്തും കെഎസ്ആർടിസിയിലെ ശമ്പളത്തിനു പണം കൊടുക്കാനാകില്ല. ഇക്കാര്യം താൻ പറഞ്ഞപ്പോൾ തെറ്റിദ്ധരിക്കപ്പെട്ടു. എന്നാൽ ധനമന്ത്രി ഇതു പറഞ്ഞതോടെ സർക്കാരിന്റെ നിലപാടാണ് ഇതെന്നു ജനങ്ങൾക്കു ബോധ്യപ്പെട്ടു.

90 കോടിയോളം രൂപ പ്രതിമാസം ഡീസലിനു ചെലവാകുന്നുണ്ട്. 30 കോടി രൂപ കൺസോർഷ്യം വായ്പ തിരിച്ചടയ്ക്കണം. കിട്ടിയ കാശ് ആദ്യമെടുത്തു ശമ്പളത്തിനു നൽകിയാൽ ഡീസൽ മുടങ്ങും. പിന്നെ ബസ് എങ്ങനെ ഓടിക്കുമെന്നാണ് മാനേജ്മെന്റ് ചോദിക്കുന്നത്. ഈ വിഷയങ്ങളെല്ലാം യൂണിയനുകൾ മാനേജ്മെന്റുമായി ചർച്ച ചെയ്തു പരിഹാരം കാണണം. താൻ സമരത്തിന് എതിരല്ല. ന്യായമായ ആവശ്യങ്ങൾക്ക് സമരവും സത്യഗ്രഹവും വേണ്ടിവരും. അംഗീകൃത സംഘടനകളിൽ സിഐടിയു പണി മുടക്കിയിട്ടില്ല. ഐഎൻടിയുസിയും ബിഎംഎസുമാണ് പണിമുടക്കിയതെന്നും അതിന്റെ പിന്നിൽ രാഷ്ട്രീയമുണ്ടെന്നും ആന്റണി രാജു പറഞ്ഞു.

പ്രചരിക്കുന്ന കണക്ക് ശരിയല്ല: സിഎംഡി

കെഎസ്ആർടിസിയുടെ വരുമാനത്തെയും ചെലവിനെയും സംബന്ധിച്ച് പ്രചരിക്കുന്ന കണക്കുകൾ ശരിയല്ലെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. കോവിഡ് കാലത്തിനു ശേഷം വരുമാനത്തിൽ വർധനയുണ്ടായി . ശമ്പള പരിഷ്കരണം നടപ്പിലാക്കിയ ജനുവരി മുതൽ ഈ ഇനത്തിലും വർധന വന്നു. ഡിസംബർ വരെ 64 കോടി രൂപയായിരുന്ന ശമ്പളം ജനുവരി മുതൽ 82 കോടിയായി. ശമ്പള– ഇന്ധന ഇനത്തിൽ പ്രതി മാസം 50 കോടി രൂപയിലധികം വർധനയുണ്ടായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും സിഎംഡി വ്യക്തമാക്കി.

English Summary: Discussion to solve KSRTC salary issue

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA